കൊല്ലം: കോര്പറേഷന് പരിധിയില്‍ വാക്സിന് വിതരണത്തില്‍ മാസങ്ങളായി നടക്കുന്ന അട്ടിമറി സ്ഥിരീകരിച്ച് മേയര്‍ പ്രസന്ന ഏണസ്റ്റ്. വാക്സിന് ലഭിക്കാതെ വീടകങ്ങളില്‍ ആയിരക്കണക്കിന് പേര് ബുദ്ധിമുട്ടുന്നതിനാല്‍ കോര്പ്പറേഷന് ഭരണകൂടത്തോടുള്ള പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ക്ക് പുതിയ നിര്‍ദേശവുമായി മേയര്‍ രംഗത്തെത്തിയത്.
ഇനിമുതല്‍ വാക്സിനേഷന് കേന്ദ്രങ്ങളിലേക്ക് കൗണ്‍സിലര്‍മാര്‍ കത്ത് കൊടുത്തുവിടേണ്ടെന്നും എല്ലാവര്ക്കും ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ വാക്സിന് ഉറപ്പാക്കണമെന്നുമാണ് മേയറുടെ കര്‍ശന നിര്‍ദേശം.
സ്ലോട്ട് വഴി ബുക്ക് ചെയ്തും കൗണ്‍സിലര്‍മാര്‍ നല്കുന്ന ടോക്കണ്‍ അടിസ്ഥാനത്തിലുമായിരുന്നു ഇതുവരെയും വാക്സിന് നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ കൗണ്‍സിലര്‍മാര്‍ ടോക്കണ്‍ കൊടുക്കണ്ട എന്നും ആവശ്യമുള്ളവര്‍ കേന്ദ്രങ്ങളിലെത്തി ക്യൂ നിന്ന് വാക്സിന് എടുത്താല്‍ മതിയെന്നുമാണ് മേയറുടെ നിലപാട്. ഓരോ ഡിവിഷനുകളിലും ആയിരകണക്കിന് ആള്‍ക്കാരാണ് വാക്സിന് എടുക്കാന്‍ ഉള്ളത്.
60 വയസ് പിന്നിട്ട പലരും വീടുകളില്‍ വാക്സിനേഷന് ലഭിക്കാതെ വീര്‍പ്പുമുട്ടുകയാണ്. രാഷ്ട്രീയാടിസ്ഥാനത്തില്‍ വാക്സിന് നല്കുന്ന രീതി ഇടതുകൗണ്‍സിലര്‍മാര്‍ പതിവാക്കിയതോടെയാണ് പ്രതിഷേധം വ്യാപകമായത്. രണ്ടുമാസം മുമ്പ് പാര്‍ട്ടി കൗണ്‍സിലറും നികുതികാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ.കെ. സവാദ്, വാക്സിനേഷന് കേന്ദ്രത്തിലെത്തി വാക്സിന്‍വിതരണം ചെയ്തിരുന്ന ആരോഗ്യവിഭാഗം ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തോടെ കാര്യങ്ങള്‍ ഇടതുകൗണ്‍സിലര്‍മാരുടെ കൈപ്പിടിയിലായെന്നതാണ് മറ്റൊരു ആക്ഷേപം.
അതേസമയം എല്ലാവരും കൂടി വാക്സിന് കേന്ദ്രത്തില്‍ എത്തിയാല്‍ സാമൂഹ്യ അകലം പോലും പാലിക്കാന്‍ പറ്റാത്ത അവസ്ഥയാകുമെന്ന വാദവും ഉയരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും അടിക്കടി നിര്‍ദ്ദേശങ്ങള്‍ വയ്ക്കുമ്പോഴാണ് പുതിയ നിര്‍ദ്ദേശം. ഓരോ കേന്ദ്രങ്ങളിലും ബുക്ക് ചെയ്തും ടോക്കണ്‍ എടുത്തും വരുന്നവര്‍ക്ക് പോലും കൃത്യമായി വാക്സിന് നല്കാന് സാധിക്കാത്തതിനാല്‍ പരാതികളുടെ ബാഹുല്യമായിരുന്നു. പലയിടത്തും ഇത് രൂക്ഷമായ തര്‍ക്കത്തിലേക്കും വഴിമാറി. ഇതെല്ലാം പോലീസിന് തലവേദനയായിരുന്നു. കൂടുതല്‍ ജനങ്ങള്‍ എത്തുന്നത് മൂലം പ്രശ്ങ്ങള്‍ രൂക്ഷമാകുന്ന അവസ്ഥയിലേക്ക് പോയേക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: