കണ്ണൂര്‍: കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിലെ മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രവും അബദ്ധമെന്ന് മന്ത്രി എം.വി. ഗോവിന്ദന്. സിപിഎം കേന്ദ്രകമ്മറ്റി അംഗവും താത്വിക വ്യാഖ്യാനക്കാരനുമായ ഗോവിന്ദന്, മാസങ്ങള്‍ക്ക് മുമ്പ് ‘വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ല’ എന്ന് പ്രസ്താവിച്ചിരുന്നു.
കാസര്‍കോട്ട് നടന്ന ചടങ്ങിലാണ് കാള്‍ മാര്‍ക്സ് അര്‍ഥശാസ്ത്രത്തിന്റെ അവസാന വാക്കല്ലെന്ന് എം.വി. ഗോവിന്ദന് വ്യക്തമാക്കിയത്. സമ്പത്ത് വ്യക്തിയില്‍ കേന്ദ്രീകരിക്കുകവഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്കു സാമ്പത്തിക ശാസ്ത്രത്തില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു മാര്‍ക്സ് ചെയ്തത്. ഒട്ടേറെ തലങ്ങളെ വിശകലനം ചെയ്യാന്‍ അതുവഴി സാധിച്ചു. എന്നാല്‍, ഇന്ന് ഉല്പാദന ബന്ധങ്ങള്‍ മാര്‍ക്സിന്റെ കാലത്തേക്കാള്‍ വളര്‍ന്നു. അതുകൊണ്ട് കാള്‍ മാര്‍ക്സ് അവസാന വാക്കാണെന്ന് പറയുന്നത് തെറ്റിദ്ധാരണയാണെന്ന് അദ്ദേഹം പറഞ്ഞു.
18 ലക്ഷം ശമ്പളം വാങ്ങുന്നവര്‍ ചൂഷണത്തെക്കുറിച്ചു സംസാരിക്കുന്നതെന്തിനെന്നു ചിലര്‍ ചോദിക്കുന്നു. അത്രയും ശമ്പളം വാങ്ങുന്നയാള്‍ ഉല്പാദിപ്പിക്കുന്നതിന്റെ മൂല്യവും അതിനനുസരിച്ചു വളര്‍ന്നിട്ടുണ്ടെന്നു മന്ത്രി വിശദീകരിച്ചു. പട്ടിണിയെ അടിസ്ഥാനമാക്കി മാത്രം മിച്ചമൂല്യ സിദ്ധാന്തത്തെ വിശകലനം ചെയ്യരുത്. വളര്‍ന്നു വരുന്ന മേഖലയെക്കൂടി ഉള്‍പ്പെടുത്തി വിശകലനം ചെയ്യുമ്പോഴാണ് മാര്‍ക്സിസം പ്രസക്തമാകുന്നതെന്നും ഗോവിന്ദന് വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. എ. അശോകന്റെ ‘ഹെറ്ററഡോക്സ് ഇക്കണോമിക്സ്’ എന്ന പുസ്തകം പ്രകാശനംചെയ്യവേയാണ് തിരുത്തല്‍ മന്ത്രി അവതരിപ്പിച്ചത്.
സിപിഎമ്മിന്റെ അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലായിരുന്നു ‘വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ല’ എന്ന വ്യാഖ്യാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: