തിരുവനന്തപുരം : കുണ്ടറ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ മന്ത്രി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായാവും കൂടിക്കാഴ്ച. സംഭവം വിവാദമായതിന് ശേഷം മുഖ്യമന്ത്രി ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ചതിനുശേഷം നേരിട്ടുവന്ന് കാണാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
പുതിയ മന്ത്രിസഭ അധികാരത്തിലെത്തി അധികം പിന്നിടാതെ തന്നെയുള്ള ഈ സംഭവം സംസ്ഥാന സര്‍ക്കാരിന്റേയും എല്‍ഡിഎഫിന്റേയും പ്രതിച്ഛായയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നതാണെന്നാണ് സിപിഎം വിലയിരുത്തല്‍. വിഷയം എന്‍സിപി നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയും ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ സ്ത്രീധന പീഡന കൊലപാതകങ്ങളും, വനിതാ കമ്മീഷന് അധ്യക്ഷയുടെ മോശം പരാമര്‍ശവും സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു. ഇതിനിടെയാണ് മന്ത്രിയുടെ ഭാഗത്തു നിന്ന് തന്നെ ഇത്തരത്തില്‍ ഒരു നടപടി പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ പരാതിക്കാരിയുടെ പിതാവിനെ ഫോണ്‍ വിളിച്ചശേഷമാണ് താന്‍ ഇത് പീഡനപരാതിയാണെന്ന് അറിയുന്നത്. പാര്‍ട്ടിക്കകത്തെ പ്രശ്നം എന്ന നിലയിലാണ് വിഷയത്തില്‍ ഇടപെട്ടത്. പീഡന പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശശീന്ദ്രന് വിഷയത്തില്‍ പ്രതികരിച്ചത്. ഈ മറുപടിയില്‍ തൃപ്തനാവാത്തതിനാലാണ് മുഖ്യമന്ത്രി നേരിട്ട് കാണാന്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചത്.
അതേസമയം പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്കായി പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തില്‍ പ്രശ്നം ഉന്നയിക്കുന്നതിനൊപ്പം സഭയ്ക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: