ബെംഗളൂരു: കൊവിഡ് വ്യാപനത്തെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ മികച്ച രീതില്‍ നേരിടുന്നതില്‍ വിളറിപൂണ്ട പ്രതിപക്ഷം നുണ പ്രചാരണവുമായി രംഗത്ത്. കര്‍ണാടക സര്‍ക്കാരില്‍ ഭിന്നിപ്പുണ്ടായെന്നും നേതൃമാറ്റം ഉടന്‍ ഉണ്ടാവുമെന്നാണ് മലയാള മാധ്യമങ്ങളെ ഉള്‍പ്പെടെയുള്ളവയെ കൂട്ടുപിടിച്ച് ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെയും മറ്റ് മന്ത്രിമാരുടേയും ശ്രമഫലമായി സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ക്രമാനുഗതമായി കുറഞ്ഞ് വരികയാണ്. ഇതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ നിരവധി ഇളവുകളും ഏര്‍പ്പെടുത്തി ജനജീവിതം സാധാരണ ഗതിയില്‍ ആക്കുന്നതിനിടയിലാണ് ബിജെപി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനായി നുണ പ്രചാരണവുമായി കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമിയുമാണ് ബിജെപി സര്‍ക്കാരിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ജൂലൈ 26ന് ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ യെദിയൂരപ്പ ദല്‍ഹിയില്‍ പോയത് ബിജെപി സര്‍ക്കാരില്‍ ഭിന്നിപ്പുണ്ടായതിനാലാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചെന്നുമൊക്കെയാണ് ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കന്മാര് പ്രചരിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീലിന്റെ പേരില്‍ കര്‍ണാടക നേതൃമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന വ്യാജ ഓഡിയോ ക്ലിപ്പും സഖ്യം പുറത്തിറക്കിയിരിക്കുകയാണ്. ഇതിനേത്തുടര്‍ന്ന് തന്റെ പേരില്‍ ഇറങ്ങിയ വ്യാജ ഓഡിയോയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി യെദിയൂരപ്പയോട് നളിന്‍കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: