കൊച്ചി: കിറ്റെക്‌സിലെ നിരന്തര പരിശോധനയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കുന്നത്ത്‌നാട് എംഎല്‍എ പി.വി. ശ്രീനിജനാണെന്ന് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ് വെളുപ്പെടുത്തിയതോടെ സിപിഎമ്മിന് അകത്ത് അസ്വസ്ഥത പുകയുന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ മാനസപുത്രനായി അറിയപ്പെടുന്ന ശ്രീനിജന്‍ കിറ്റെക്‌സില്‍ റെയ്ഡിനായി സമ്മര്‍ദ്ദം ചെലുത്തിയത് സ്വന്തം നിലയ്‌ക്ക് ആയിരിക്കില്ലെന്ന് സിപിഎമ്മിലെ ഒരു വിഭാഗം കരുതുന്നു.
പിണറായിയുടെ ചേരിയിലാണെങ്കിലും വര്‍ഷങ്ങളായി രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും മന്ത്രി പി. രാജീവും. വ്യവസായമന്ത്രിക്ക് വ്യക്തിപരമായി ഒരു തിരിച്ചടി നല്‍കണമെന്ന ലക്ഷ്യത്തില്‍ നടത്തിയ നീക്കങ്ങളാണ് കിറ്റെക്‌സിലെ റെയ്ഡും ഒടുവില്‍ അവര്‍ സംസ്ഥാനത്തെ 3500 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്ന് പിന്മാറാനും സാഹചര്യമൊരുക്കിയതെന്നാണ് സിപിഎമ്മിനുള്ളിലെ ചര്‍ച്ച. പി. രാജീവിന്റെ പിന്‍ഗാമിയായാണ് സി.എന്‍. മോഹനന്റെ വരവ്. ജില്ലാ സെക്രട്ടറി ആയിരുന്ന രാജീവിനെ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറും ദേശാഭിമാനിയുടെ ചുമതലക്കാരനും ആക്കിയതിന് ശേഷമാണ് മോഹനനെ കൊണ്ടുവന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായിരിക്കുമ്പോഴും ജില്ലയില്‍ സജീവമായിരുന്നു രാജീവ്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപം ഉയര്‍ത്തി നേതൃത്വത്തെ മോഹനന്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്് രാജീവ് ജില്ലയില്‍ സജീവമല്ലാതായി.
സിപിഐ എംഎല്‍എ ആയിരുന്ന എല്‍ദോ എബ്രാഹമിന്റെ കൈ പോലീസ് തല്ലിയൊടിച്ച സംഭവമുണ്ടായി. പറവൂരില്‍ സിപിഎമ്മുമായുള്ള വിഷയത്തിലായിരുന്നു അന്ന് സിപിഐ ഐജി ഓഫീസ് മാര്‍ച്ച് നടത്തിയത്. മുന്നണിയിലെ പ്രധാന ഘടകകക്ഷിയുമായുള്ള വിഷയം കൈകാര്യം ചെയ്യുന്നതില്‍ മോഹനന്‍ പരാജയപ്പെട്ടിരുന്നുവെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജീവാണ് അതിന് പിന്നിലെന്നാണ് മോഹനന്റെ ആക്ഷേപം.
പിണറായിയോട് വിശ്വസ്തത പുലര്‍ത്തുമ്പോള്‍ തന്നെ ഇവര്‍ രണ്ട് ചേരിയിലാണ്. രാജീവിനെ മോശക്കാരനാക്കാന്‍ വേണ്ടിയാണ് കിറ്റെക്‌സിലെ പരിശോധനയെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. കിറ്റെക്‌സില്‍ നടന്നത് അസ്വഭാവിക റെയ്ഡാണെന്ന കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ പോലും തര്‍ക്കമില്ല. ചുമതലയേറ്റ് മൂന്നു മാസത്തിനകം തന്നെ വ്യവസായ മന്ത്രിക്കേറ്റ വലിയ തിരിച്ചടിയാണ് കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനം തുടര്‍നിക്ഷേപങ്ങളില്‍ നിന്ന് ഒഴിവാകുന്നുവെന്ന പരസ്യ പ്രഖ്യാപനം. ഇത്തരത്തില്‍ നീക്കം നടക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കമ്പനിയിലെ റെയ്ഡിന് ഒത്താശ ചെയ്തത്. ഇത് കൗണ്ടര്‍ ചെയ്യുന്നതിന് കൂടുതല്‍ നിക്ഷേപകര്‍ കേരളത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പറയുന്നു.
പരിസ്ഥിതി മലനീകരണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ സമരംഗത്തുള്ള നിറ്റ ജലാറ്റിനും ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ ഗ്രൂപ്പുമാണ് പുതിയ നിക്ഷേപകരായി ചൂണ്ടികാട്ടുന്നത്. സ്വന്തം നിലയില്‍ കേരളത്തിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി, കൂടാതെ നൂറു ശതമാനം കയറ്റുമതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റ്, അത്തരം സ്ഥാപനത്തില്‍ തുടര്‍ച്ചയായി സാധാരണ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങി പരിശോധന നടത്തുമെന്ന് കരുതാനാവില്ല.
നേരത്തെ കോണ്‍ഗ്രസിലായിരുന്ന ശ്രീനിജന്‍ കുന്നത്ത്‌നാട്ടില്‍ മത്സരിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി വിമതരായ കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ച് എംഎല്‍എ ആയിരുന്ന വി.പി. സജീന്ദ്രനെതിരെ പോര്‍മുഖം തുറന്നിരുന്നു. പിന്നീട് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ സമ്മര്‍ദ്ദം ഉണ്ടായിട്ടുപോലും മരുമകനായ ശ്രീനിജന് കുന്നത്ത്‌നാട്ടില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. പിന്നീട് ശ്രീനിജന്‍ സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ മാനസപുത്രനായി മാറുന്ന കാഴ്ചയായിരുന്നു. സിപിഎമ്മിലേക്ക് കൈപിടിച്ച് കൊണ്ടുവരുക മാത്രമല്ല, വന്നയുടനെ ശ്രീനിജനെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റാക്കി. മറ്റു പാര്‍ട്ടികളില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്നവര്‍ വരുമ്പോഴാണ് സാധാരണ സിപിഎം പദവി കൊടുത്ത് സ്വീകരിക്കാറുള്ളത്. ശ്രീനിജന്റെ കാര്യത്തില്‍ പദവി മാത്രമല്ല കുന്നത്ത്‌നാട് കേന്ദീകരിച്ച് പ്രവര്‍ത്തിക്കാനും അവസരം നല്‍കി. തെരഞ്ഞെടുപ്പില്‍ കുന്നത്ത്‌നാട് സീറ്റ് ഉറപ്പുകൊടുത്തു. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ പിന്‍ബലത്തോടെ ശ്രീനിജന്റെ കിറ്റെക്‌സിനെതിരെയുള്ള നീക്കം സംഘടനാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ സിപിഎമ്മിലെ വിഭാഗീയതയെ ആളികത്തിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: