ഇടുക്കി: വിവാദ മരം മുറി ഉത്തരവിന്റെ മറവില്‍ പട്ടയ ഭൂമിയില്‍ നിന്ന് മുറിച്ചെടുത്ത തേക്ക് തടികള്‍ കടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് വിവരം. അടിമാലി റേഞ്ചിലെ മുക്കുടം സെക്ഷന് കീഴില്‍ വരുന്ന 1993ലെ നിയമ പ്രകാരം പട്ടയം നല്‍കിയ സ്ഥലത്ത് നിന്നാണ് മരം മുറിച്ചത്. സത പതിപ്പിച്ച 71 തേക്ക് തടികളാണ് രണ്ട് വാഹനത്തിലായി കയറ്റിക്കൊണ്ട് പോയത്.
ഇവിടെയുള്ള എല്ലാ മരങ്ങളുടെയും പൂര്‍ണ്ണ അവകാശം വനംവകുപ്പില്‍ നിക്ഷിപ്തമാണ്. ഇതാണ് ഉത്തരവിറങ്ങിയതിന്റെ മറവില്‍ മേലുദ്യോഗസ്ഥരുടെ അടക്കം ഒത്താശയോടെ മുറിച്ച് കടത്തിയത്. മങ്കുവ തെങ്ങുംപിള്ളില്‍ ജോസ് അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് നല്‍കിയ പാസ് പ്രകാരം തടി മുറിച്ച് കടത്തിയത്.
മുക്കുടം സെക്ഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമായിരുന്നു അടിമാലി റേഞ്ച് ഓഫീസര്‍ മരം മുറിക്ക് അനുമതി നല്‍കി പാസ് അനുവദിച്ചത്. ഇത്തരത്തില്‍ മുറിച്ച തടി കട്ടപ്പനയിലേക്ക് കൊണ്ടുപോകാനാണ് പാസ് നല്‍കിയതെങ്കിലും എത്തിയത് കുടയത്തൂരിലേക്കായിരുന്നു. മുമ്പ് മുക്കുടത്ത് ജോലി ചെയ്തിരുന്ന ഇപ്പോള്‍ ഹൈറേഞ്ചിലെ ഒരു വന്യജീവി സങ്കേതത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ വീട് പണിയുടെ ഭാഗമായിട്ടാണ് മരം എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സമാനമായി തന്നെ മുക്കുടം റേഞ്ചില്‍ വീണ് കിടന്ന ഈട്ടിമരവും ഈ ഉദ്യോഗസ്ഥന്‍ കടത്തിക്കൊണ്ട് വന്നെന്നാണ് വിവരം.
അതേ സമയം ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും വിവരം അന്വേഷിക്കാന്‍ വനംവകുപ്പ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് പരാതി. നേരത്തെ അടിമാലി റേഞ്ച് ഓഫീസരെ മരം മുറി വിവാദത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയിരുന്നു. റേഞ്ചര്‍ തേക്കടിയിലെ റിസോര്‍ട്ടിലേക്കടക്കം തടി കടത്തിയെന്നാണ് പരാതി. പിന്നീട് ഇദ്ദേഹം തന്നെ ഇതില്‍ കുറച്ച് ഭാഗം കണ്ടെത്തിയിരുന്നു. സമാനമായി ഇദ്ദേഹം കൂടി ഇടപെട്ട കേസായിട്ടും മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിവാദത്തിലായിട്ടും വനംവകുപ്പ് മെല്ലെപോക്ക് നയം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: