തിരുവനന്തപുരം : ഫോണ്‍ വിളിച്ചതിന് ശേഷമാണ് പീഡന പരാതിയാണെന്ന് അറിഞ്ഞത്. പാര്‍ട്ടി പ്രശ്നം എന്ന നിലയിലാണ് വിളിച്ചതെന്നും മന്ത്രി എ.കെ. ശശീന്ദ്രന്. പീഡന പരാതി ഒതുക്കി തീര്‍ക്കാനായി പരാതിക്കാരനെ ഫോണ്‍ വിളിച്ചെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുണ്ടറയിലെ യുവമോര്‍ച്ച വനിത നേതാവിനെ എന്‍സിപി സംസ്ഥാന ഭാരവാഹി ജി. പത്മാകരന് കടന്നുപിടിച്ചന്ന പരാതി പിന്‍വലിക്കുന്നതിനായി പരാതിക്കാരിയുടെ അച്ഛനെ ശശീന്ദ്രന് വിളിച്ചതിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് പ്രതികരണം. പ്രയാസമില്ലാതെ വിഷയം തീര്‍ക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നത് സത്യമാണ്. കുണ്ടറയില്‍ പാര്‍ട്ടി പ്രശ്നമുണ്ടെന്നറിഞ്ഞാണ് അവിടുത്തെ മണ്ഡലം പ്രസിഡന്റിനെ വിളിച്ചത്. മകളെ കൈയില്‍ കയറിപിടിക്കാന്‍ ശ്രമിച്ച കാര്യമാണെന്ന് അദ്ദേഹം പറഞ്ഞാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചതിന് ശേഷം പിന്നീട് ഒരിടപെടലും നടത്തിയിട്ടില്ല. കേസ് ഒത്തുതീപ്പാക്കണമെന്നും പിന്‍വലിക്കണമെന്നും പറഞ്ഞിട്ടില്ല. നല്ല നിലയില്‍ തീര്‍ക്കണമെന്നുമാണ് പറഞ്ഞിട്ടുള്ളതെന്നും ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പരാതിയില്‍ കേസെടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് അന്വേഷിക്കാന്‍ താന്‍ പോയിട്ടില്ല. പോലീസ് നടപടിയെടുത്തിട്ടില്ലെന്ന് അറിയുന്നത് ഇപ്പോള്‍ വാര്‍ത്ത വന്നതിന് ശേഷമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം തനിക്ക് ഈ വിഷയങ്ങളെല്ലാം തനിക്ക് അറിയാമെന്ന് പുറത്തുവന്ന മന്ത്രിയുടെ ശബ്ദരേഖയില്‍ പറയുന്നുണ്ട്.
എന്‍സിപി നേതാവിനെതിരെ പരാതി കൊടുത്തത് മുതല്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി പറഞ്ഞിട്ടാണെന്ന് പറഞ്ഞ് നിരവധി നേതാക്കള്‍ വിളിച്ചിരുന്നു. അതിനുശേഷമാണ് എ.കെ. ശശീന്ദ്രന് വിളിച്ചത്. താക്കീതിന്റെ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: