ചെങ്ങന്നൂര്‍ ഉമയാറ്റുകര സഹ. ബാങ്കില്‍ നടന്നത് 15.45 കോടിയുടെ തട്ടിപ്പ്. പക്ഷെ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് സഹകരണ വകുപ്പ് മാന്നാര്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2017-2018ലെ ഓഡിറ്റ് പ്രകാരം 15.45 കോടി നഷ്ടത്തിലാണ് ബാങ്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വജനപക്ഷപാതപരമായി ഒരു വസ്തുവിന്റെ ഈടിന്മേല് പല വ്യക്തികള്‍ക്ക് വായ്പ അനുവദിച്ചു, വായ്പക്കാരന്റെ വരുമാനം, തിരിച്ചടവുശേഷി, ജാമ്യവസ്തുവിന്റെ മതിപ്പുവില എന്നിവ വിലയിരുത്താതെ തോന്നിയത് പോലെ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് അക്കമിട്ടു നിരത്തിയിരിക്കുന്നത്. പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം ഒപ്പിട്ട് ഭൂരിഭാഗം വായ്പ അപേക്ഷകളും അനുവദിക്കുകയായിരുന്നു.
വസ്തു ജാമ്യത്തില്‍ ഒരു വ്യക്തിക്കു മാത്രം നല്‍കിയത് 12 വായ്പകളാണ്. ഇതിന്റെ പലിശ കുടിശ്ശിക മാത്രം 21 ലക്ഷം. പലിശ പിരിച്ചെടുക്കാതെയും നിയമനടപടി സ്വീകരിക്കാതെയും ബാങ്കിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പള പരിഷ്കരണത്തിലൂടെ ബാങ്കിന് വര്‍ഷം അധിക നഷ്ടം 24 ലക്ഷം രൂപ. ബാങ്കിന്റെ നഷ്ടം പരിഗണിക്കാതെ നിക്ഷേപത്തില്‍ നിന്ന് ശമ്പളവര്ധനയ്ക്കുവേണ്ട തുക നല്‍കാനുള്ള ഭരണസമിതിയുടെ തീരുമാനം ഗുരുതരമായ തെറ്റാണെന്നാണ് റിപ്പോര്‍ട്ടില്‍.
പട്ടണക്കാട്ട് തട്ടിയെടുത്തത് 16 കോടി
ചേര്‍ത്തല പട്ടണക്കാട് സഹ. ബാങ്കില്‍ നടന്നത് 16 കോടിയുടെ തട്ടിപ്പ്. കുടുങ്ങിയത് കോണ്‍ഗ്രസ് നേതാക്കളും. അഞ്ച് വര്‍ഷം മുന്‍പാണ് 16,21,20,293 രൂപാ ബാങ്കിന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തട്ടിപ്പ് കാലത്ത് ഭരണസമിതിയംഗങ്ങളായിരുന്ന ഒന്‍പത് ബോര്‍ഡ് അംഗങ്ങളില്‍ നിന്നും ഉത്തരവാദികളായ ആറു ജീവനക്കാരില്‍ നിന്നുമായി ബാങ്കിന് നഷ്ടമായ തുക ഈടാക്കാനും സഹകരണ വകുപ്പ് ഉത്തരവിറക്കിറക്കിയിരുന്നു. മുന്‍ സെക്രട്ടറിയടക്കം 15 പേരില്‍ നിന്ന് തുക ഈടാക്കണമെന്നാണ് നിര്‍ദേശം.
തുക ഈടാക്കാന്‍ നിശ്ചയിച്ച സാഹചര്യത്തില്‍ നിലവിലുള്ള ഭരണസമിതിയിലെ പ്രസിഡന്റടക്കം നാലു പേരെ അയോഗ്യരാക്കി ജോയിന്റ് രജിസ്റ്റാര്‍ ഉത്തരവിറക്കി. ഭരണസമിതിയിലെ എം.കെ. ജയപാല്‍ (നിലവില്‍ പ്രസിഡന്റ്), വി.കെ. രാജു, പി.കെ. നസീര്‍, ആര്.ഡി. രാധാകൃഷ്ണന് എന്നിവരെയാണ് അയോഗ്യരാക്കി ഉത്തരവായത്. തുക തിരിച്ചടയ്ക്കാനുള്ള ഉത്തരവിനെതിരെ ഇവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ആരോപണത്തില്‍ കുടുങ്ങി സിപിഎം എംഎല്‍എ
പത്തനംതിട്ട ജില്ലയിലെ സഹകരണ ബാങ്കുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സീതത്തോട് സര്‍വ്വീസ് സഹ. ബാങ്കിലെ അഴിമതികള്‍ക്കു പിന്നില്‍ കോന്നി എംഎല്‍എ കെ.യു. ജെനീഷ് കുമാറാണെന്നാണ് ആരോപണം. ജെനീഷ് കുമാറിന്റെ ഭാര്യയ്ക്ക് ചട്ടവിരുദ്ധ നിയമനവും സ്ഥാനക്കയറ്റവും നല്‍കിയെന്നും ആരോപണമുണ്ട്. 1.95 കോടി രൂപയുടെ അഴിമതിയാരോപണത്തില്‍ പെട്ടിരിക്കുന്നത് സിപിഎം സീതത്തോട് ലോക്കല്‍ കമ്മിറ്റി നേതാവും ലോക്കല്‍, ഏരിയ കമ്മിറ്റി അംഗങ്ങളുമാണ്.
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.എന്‍. സുഭാഷ് ബാങ്കിന്റെ സെക്രട്ടറി ആയിരുന്ന കാലത്ത് ഉയര്‍ന്നത് നിരവധി പണാപഹരണ ആരോപണങ്ങളാണ്. പണം തിരിമറി നടത്തിയ കേസില്‍ ഇദ്ദേഹത്തിനെതിരെ റിക്കവറി നടപടികളുമുണ്ടായി. സിപിഎം സീതത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാങ്കിലെ ജീവനക്കാരനാണ്. ഇയാളെ പിരിച്ചുവിട്ടിട്ടും രാഷ്ട്രീയ സ്വാധീനം ചെലുത്തി ജോലിയില്‍ തുടരുകയാണ്. സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പറാണ് ഇപ്പോഴത്തെ ബാങ്കിന്റെ സെക്രട്ടറി കെ.യു. ജോസ്. സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പറും മുന്‍ ബ്ലോക്ക് മെമ്പറുമായ ഷാനു സലീമും ബാങ്കിലെ ജീവനക്കാരനാണ്. 1.95 കോടിയുടെ അഴിമതി ആരോപണം ഇവര്‍ക്കെതിരെയാണ്.
കുമ്പളാംപൊയ്കയില്‍ നാലു കോടി
നാല് കോടിയോളം രൂപയുടെ അഴിമതിയാണ് കുമ്പളാംപൊയ്ക സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. പ്രധാന പ്രതി സിപിഎം വടശേരിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ പ്രഭാകര്‍. നിക്ഷേപകര്‍ മാസങ്ങളോളം സമരം നടത്തിയതിനു ശേഷമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റു ചെയ്തത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും, അവശ ക്രൈസ്തവ കമ്മീഷന് ചെയര്‍മാനുമായ മത്തായി ചാക്കോ പ്രസിഡന്റ് ആയ കാലത്താണ് അഴിമതി നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: