അടിമാലി: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആരോഗ്യവകുപ്പും അടിമാലി ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തിയ വാക്സിനേഷന് ക്യാമ്പ്. 19-ാം വാര്‍ഡിലെ ദേവിയാര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ വച്ച് നടന്ന സെക്കന്റ് ഡോസ് വാക്സിനേഷനിലെത്തിയത് 2000ത്തോളം പേര്. 300 പേര്‍ക്ക് മാത്രമാണ് വിതരണത്തിന് സൗകര്യമൊരുക്കിയതെങ്കിലും പഞ്ചായത്ത് മെമ്പര്‍മാര്‍ വഴി അറിയിപ്പ് നല്‍കിയതോടെ ജനക്കൂട്ടം തന്നെ ഇങ്ങോട്ട് എത്തുകയായിരുന്നു. യാതൊരു മാനദണ്ഡവും പാലിക്കാത്തെ കൃത്യമായ നിര്‍ദേശം നല്‍കാതെ നടത്തിയ ക്യാമ്പില്‍ പുലര്‍ച്ചെ 4.30 മുതല്‍ ആളുകളെത്തിയിരുന്നു. പ്രായമായവരടക്കം ഭക്ഷണം കഴിക്കാതെ അവശരായി.
10 മണിക്ക് 300 പേര്‍ക്ക് ടോക്കണ്‍ നല്കി, 11 മണിക്ക് ശേഷമാണ് വാക്സിന് കൊടുത്ത് തുടങ്ങിയത്. അവശേഷിച്ച ആളുകള്‍ പോലീസിനെ പേടിച്ചും അടുത്ത ദിവത്തേക്കുള്ള ടോക്കണ്‍ വാങ്ങിയും മടങ്ങുകയായിരുന്നു. സ്ഥലത്ത് ബിജെപി നേതാക്കളെത്തി പ്രതിഷേധിച്ചതോടെയാണ് പോലീസ് പോലുമെത്തിയത്.
വിതരണം അട്ടിമറിക്കാന്‍ ശ്രമം: ബിജെപി
രാഷ്ട്രീയം കളിച്ച് വാക്സിനേഷന് വിതരണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്ന് ബിജെപി അടിമാലി പഞ്ചായത്ത് സമിതി ആരോപിച്ചു. പാവപ്പെട്ട ആളുകളെ വാക്സിന് നല്‍കുമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കബളിപ്പിക്കുകയാണ്. അറിയിപ്പ് വിശ്വസിച്ചെത്തുന്ന ആളുകളെ വെറുപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ തിരിക്കാനാണ് ശ്രമം. കൃത്യമായ മാനദണ്ഡത്തോടെ ആളുകളെ അറിയിച്ച് നടത്തേണ്ട വാക്സിന് വിതരണം തോന്നിയപോലെ നടത്തിയതാണ് വിഷയത്തിന് കാരണമെന്നും ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കൃഷ്ണകുമാര്‍, ജന. സെക്രട്ടറി ബിജുമോന് കെ.എസ് എന്നിവര്‍ പറഞ്ഞു.
വാക്സിനേഷന് മാറ്റി
സംഭവത്തില്‍ ബിജെപി പ്രതിഷേധമുയര്‍ത്തിയതോടെ ദേവിയാര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ഇന്ന് മുതല്‍ നടത്താനിരുന്ന വാക്സിനേഷന് നിര്‍ത്തി. ഇതോടെ ഇന്നലെ ടോക്കണ്‍ ലഭിച്ചവരും ഇനി എന്ത് ചെയ്യുമെന്നറിയാതെ കുരുക്കിലായി. ഒരു വാര്‍ഡില്‍ നിന്ന് 30 പേരെന്ന കണക്കില്‍ അടിമാലിയില്‍ മാത്രമാണ് ഇപ്പോള്‍ സമീപത്ത് വിതരണമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: