തൊടുപുഴ: സര്‍ക്കാരിന്റെ അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങളുടെ ഇരയായി മാറുകയാണ് സാധാരാണക്കാരും ഇടത്തരം വ്യാപാരികളും. ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം അവസാനിപ്പിക്കുന്നവരുടെ പട്ടികയിലെ ഒടുവിലത്തെയാളാണ് അടിമാലി ഇരുമ്പുപാലത്ത് ഇന്നലെ ജീവനൊടുക്കിയ ബേക്കറിയും ടീഷോപ്പും നടത്തുന്ന വിനോദ്.
നിത്യചെലവുകള്‍ക്കൊപ്പം വിവിധ ലോണുകള്‍, വൈദ്യുതി ബില്‍ മറ്റ് അവശ്യ ചെലവുകള്‍ എന്നിവയ്ക്കെല്ലാം പണം കണ്ടെത്താനാകാതെ വലയുകയാണ് സാധാരണക്കാരില്‍ ഭൂരിഭാഗം പേരും. കഴിഞ്ഞതവണ വായ്പകള്‍ക്ക് മൊറട്ടോറിയവും വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാവകാശവും നല്‍കിയിരുന്നു. കെട്ടിട വാടകയ്ക്കും ഇളവുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നുമുണ്ടായില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്ക് താങ്ങാകുന്ന നടപടികള്‍ കൂടി സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണമെന്ന അഭിപ്രായമാണ് കൂടുതല്‍ പേര്‍ക്കുമുള്ളത്.
നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ നിത്യവൃത്തിക്കുള്ള ചെലവുകള്‍ക്ക് കൂടി പരിഹാരമാകുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് സാധാരണക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിക്കുകയാണ്. ജില്ലയിലെ പ്രധാന സാമ്പത്തിക സ്രോതസായ വിനോദസഞ്ചാര മേഖല ഒന്നര വര്‍ഷത്തോളമായി നിര്‍ജീവമാണ്. ഇത് ആ മേഖലയിലുള്ള വരെ മാത്രം മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നതിന്റെ ഉദാഹരണമാണ് വിനോദിന്റെ മരണം. മൂന്നാറിന്റെ പ്രവേശന കവാടമായ നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള മേഖലകളിലെ മുഖ്യ വ്യാപാരം വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ടാണ്. അത്തരമൊരു കച്ചവടക്കാരനായിരുന്നു വിനോദും.
2020 നവംബറില്‍ നിയന്ത്രണങ്ങളോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നെങ്കിലും സ്വദേശികളും ഉത്തരേന്ത്യയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കുറച്ചുപേരും എത്തിയതൊഴിച്ചാല്‍ സ്ഥിതി മോശമായിരുന്നു. രണ്ടാം ലോക്ക് ഡൗണ്‍ കൂടിയായപ്പോള്‍ കാര്യങ്ങളാകെ കൈവിട്ടുപോയി. എന്നാല്‍ സര്‍ക്കാര്‍ ഈ മേഖലയെ പാടെ അവഗണിച്ചു. ഇതുകൂടാതെ മീന്‍ കച്ചവടക്കാര്‍, പച്ചക്കറി, പലവ്യഞ്ജന വ്യാപാരികള്‍, വഴിയോര ചെറുകിട കച്ചവടക്കാര്‍ എന്നിങ്ങനെ അനുബന്ധമായി ഉപജീവനം നടത്തുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ ടൂറിസം മേഖലയാകട്ടെ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ധനകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദവും വ്യവസായികളെയും നിക്ഷേപകരെയും വട്ടം കറക്കുകയാണ്. വരുമാനമെല്ലാം നിലച്ച തങ്ങളിനി എന്ത് ചെയ്യുമെന്നാണ് ഇവരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: