നരേന്ദ്രമോദി സര്‍ക്കാരിനെതിരെ 2014 മുതല്‍ നിരന്തരം സൃഷ്ടിക്കപ്പെടുന്ന വ്യാജവാര്‍ത്തകളില്‍ നിന്ന് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ പലതും പതിയെ പിന്തിരിഞ്ഞപ്പോഴാണ് വെബ് പോര്‍ട്ടലുകളുടെ സാധ്യതകളിലേക്ക് മോദി വിരോധികളുടെ ശ്രദ്ധ പതിഞ്ഞത്. ദി വയര്‍, ന്യൂസ് ക്ലിക്ക് അടക്കമുള്ള ഓണ്‍ലൈന്‍ നുണപറയല്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം സജീവമാകുന്നതും ഇക്കാലത്താണ്. വ്യക്തമായ സാമ്പത്തിക സ്രോതസിന്റെ പിന്‍ബലം പോലുമില്ലാതെ കൂണുപോലെ മുളച്ചുപൊങ്ങിയ ഇത്തരം വെബ് പോര്‍ട്ടലുകളിലേക്ക് വന്‍തുകകള്‍ മുടക്കി മോദി-ആര്‍എസ്എസ് വിരോധികളായ മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് നിയമിച്ചതും ഒന്നിനു പുറകേ ഒന്നായി വ്യാജവാര്‍ത്തകളുടെ പെരുമഴതീര്‍ത്തതും പെട്ടെന്നായിരുന്നു. ഒടുവില്‍ വെബ് പോര്‍ട്ടലുകള്‍ക്ക് നിയമപരമായ ചട്ടക്കൂട് കൊണ്ടുവരേണ്ട സ്ഥിതിഗതിയിലേക്ക് ഈ വ്യാജ പ്രചാരണങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ടെത്തിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇതൊന്നുമല്ല. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യന്‍ സര്‍ക്കാരിനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ ചമച്ച് പ്രതിസന്ധിയുണ്ടാക്കാന്‍ നോക്കിയ വെബ് പോര്‍ട്ടലുകള്‍ക്ക് ഫണ്ട് ചെയ്തിരുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്കെല്ലാം പിന്നില്‍ ചൈനീസ് സാന്നിധ്യം ഉണ്ടെന്ന വിവരമാണ്. ലഡാക്കിലെ ചൈനീസ് സംഘര്‍ഷമാവട്ടെ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനമാവട്ടെ, ചൈനീസ് ആധിപത്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയാവട്ടെ, ഈ വെബ് പോര്‍ട്ടലുകളുടെ നിലപാട് സംശയകരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ ഇത്തരം സംശയങ്ങളെല്ലാം അവസാനിപ്പിക്കുന്നതാണ്.
ചൈനീസ് കമ്യൂണിസ്റ്റുപാര്‍ട്ടിയുമായും ചൈനീസ് സര്‍ക്കാരുമായും അടുത്ത ബന്ധമുള്ള ശ്രീലങ്കന്‍-ക്യൂബന്‍ വംശജനായ അമേരിക്കന്‍ പൗരന് നെവിലെ റോയ് സിംഗം എന്ന ബിസിനസുകാരനും വെബ് പോര്‍ട്ടലായ ന്യൂസ് ക്ലിക്കും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നിരിക്കുന്നത്. 2018നും 2021നും ഇടയില്‍ പിപികെ ന്യൂസ്ക്ലിക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് സിംഗം 38 കോടി രൂപയാണ് കൈമാറിയിരിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണക്കൈ ആയി പ്രവര്‍ത്തിക്കുന്ന സിംഗം എന്തിനാണ് ഇത്ര വലി തുക ഇന്ത്യയിലെ ഒരു വെബ് പോര്‍ട്ടലിന് നല്‍കിയത് എന്നതുസംബന്ധിച്ച അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആരംഭിച്ചിട്ടുണ്ട്. സിംഗത്തിന്റെ കീഴിലുള്ള അമേരിക്കന്‍ കമ്പനികളായ ജസ്റ്റിസ് ആന്റ് എഡ്യുക്കേഷന്‍ ഫണ്ട് ഐഎന്‍സി 27.51 കോടി രൂപയും ജിഎസ്പിഎഎന്‍ എല്‍എല്‍സി 26.98 ലക്ഷം രൂപയും ദി ട്രൈ കോണ്ടിനെന്റല് ലിമിറ്റഡ് ഐഎന്‍സി 49.31 ലക്ഷം രൂപയും ബ്രസീല്‍ കമ്പനിയായ സെന്‍ട്രോ പോപ്പുലര്‍ ഡെമിഡാസ് 2.03 ലക്ഷം രൂപയുമാണ് ന്യൂസ് ക്ലിക്കിന് നല്‍കിയിരിക്കുന്നത്. അതിലും സംശയകരമായ ചില സാമ്പത്തിക ഇടപാടുകള്‍ ന്യൂസ്ക്ലിക്കും ഇന്ത്യന്‍ കമ്യൂണിസ്റ്റുകളും തമ്മിലുണ്ട്. ഭീമ കൊറെഗാവ് കേസിലെ പ്രതിയും മാവോയിസ്റ്റ് നേതാവുമായ ഗൗതം നാവ്ലഖയ്ക്ക് ന്യൂസ് ക്ലിസ് നല്‍കിയത് 20.53 ലക്ഷം രൂപയാണ്. ന്യൂദല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ സിപിഎം കേന്ദ്രകമ്മറ്റി ഓഫീസിലുള്ള ഐടി സെല്‍ നേതാവ് ബപ്പാദിത്യ സിന്‍ഹയ്ക്ക് 52.09 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിക്കഴിഞ്ഞു. സിപിഎം മുഖവാരികയായ പീപ്പിള്‍സ് ഡമോക്രസിയിലെ സ്ഥിരം ലേഖകനായ ഇയാള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അടക്കം ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയുമാണ്. നിരന്തരം ഇന്ത്യാ വിരുദ്ധ ലേഖനങ്ങള്‍ എഴുതുന്നതിന് ഇയാള്‍ കൂലിയായി വാങ്ങിയതാണോ ഈ പണമെന്നതടക്കം പരിശോധിക്കേണ്ടതായുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ന്യൂസ് ക്ലിക് ഫൗണ്ടര്‍ പ്രബിര്‍ പുര്യകസ്തയ്ക്കും ഗൗതം നാവ്ലഖയ്ക്കും അമേരിക്കന്‍ പ്രതിരോധ വിതരണ കമ്പനിയുമായുള്ള ബന്ധവും പുറത്തുവന്നിട്ടുണ്ട്. പ്രബിര്‍ പുര്യകസ്തയും നെവിലെ റോയ് സിംഗവും തമ്മിലുള്ള ഇമെയിലുകളില്‍ ചൈനീസ് താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്തകള്‍ തയ്യാറാക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പ്രബീര്‍ ഒന്നര കോടി രൂപ ഇലക്ട്രീഷ്യന് എന്ന പേരില്‍ ഒരാള്‍ക്ക് നല്‍കിയതിന്റെ വിവരങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇത് ആര്‍ക്കെന്നും എന്ത് ജോലിക്കെന്നും വ്യക്തമാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. 2018ല്‍ ഒരു ഷെയറിന് പത്തുരൂപ മാത്രമുണ്ടായിരുന്ന നഷ്ടത്തിലോടുന്ന ന്യൂസ് ക്ലിക് കമ്പനി ഷെയറുകള്‍ 11,510 രൂപയ്ക്ക് വിറ്റ സംഭവവും ഇഡിയുടെ അന്വേഷണ പരിധിയിലാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ചൈനീസ് സര്‍ക്കാരുമായും ഇത്തരം വെബ് പോര്‍ട്ടലുകള്‍ക്കുള്ള ബന്ധം എന്തെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പ്രാപ്തമായ തെളിവുകളാണ് ഇതെല്ലാം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും ചൈനീസ് താല്‍പ്പര്യങ്ങളുണ്ടെന്നതിന്റെ പ്രകടമായ തെളിവുകള്‍ കൂടിയാണ് മേല്പറഞ്ഞവ.
2014ന് ശേഷം ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രമസമാധാന വിഷയങ്ങള്‍ക്ക് ആഗോള നിറം പകരാനുള്ള ദൗത്യമാണ് ചൈനീസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെബ് പോര്‍ട്ടലുകള്‍ നിര്‍വഹിച്ചിരുന്നത്. യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചെറുപ്രദേശങ്ങളിലെ അക്രമങ്ങള്‍ പോലും ആഗോള തലത്തില്‍ ചര്‍ച്ചയാക്കാന്‍ ഈ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു. രാജസ്ഥാനും മഹാരാഷ്ട്രയും പിന്നീട് കോണ്‍ഗ്രസ് ഭരണത്തിലേക്ക് പോയതോടെ ഈ സംസ്ഥാനങ്ങളെ ഒഴിവാക്കി വാര്‍ത്തകള്‍ നല്കിയതും ഇവരുടെ ഗൂഢമായ പ്രവര്‍ത്തന രീതിയുടെ ഉദാഹരണമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് അതിക്രൂരമായ പീഡനങ്ങളും ആള്‍ക്കൂട്ടക്കൊലപാതകങ്ങളും കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട കൊലകളും രാജസ്ഥാനില്‍ നടന്നിട്ടും അതൊന്നും തന്നെ വാര്‍ത്തയാവാതെ ഇരുന്നതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്.
ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന മിക്ക വാര്‍ത്തകളും ചൈനീസ് സൈന്യത്തിന് മേധാവിത്വം നല്കാന് സഹായിക്കുന്ന തരത്തിലുള്ളവയായിരുന്നു. ഇന്ത്യന്‍ സൈന്യത്തെ പ്രതിരോധത്തിലാക്കുന്ന നിരവധി വാര്‍ത്തകളാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ നിരന്തരം പ്രസിദ്ധീകരിച്ചത്. വിദേശകാര്യമന്ത്രാലയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന രാജീവ് ശര്‍മ്മയെന്ന മാധ്യമ പ്രവര്‍ത്തകനെ സൈനികനീക്കങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് പിടികൂടിയത്. ജോലിയില്ലാത്ത കാലത്തും വിദേശത്തുനിന്ന് ഈ മാധ്യമ പ്രവര്ത്തകന് പണമെത്തിയിരുന്നു. ദല്‍ഹി കേന്ദ്രീകരിച്ച് ബീജിംഗ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരെ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ചൈനീസ് പണമുപയോഗിച്ചാണ് ന്യൂസ് ക്ലിക് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ നിരന്തരം പ്രവര്‍ത്തിച്ചത് എന്ന് വ്യക്തമായിക്കഴിഞ്ഞു. ഇനി നടപടികളെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരും അന്വേഷണ ഏജന്‍സികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: