ശര്യാദി രാജാവിന് ഒരു പുത്രിയുണ്ടായിരുന്നു. പേര് സുകന്യ. അവള്‍ക്ക് ആ പേര് അന്വര്‍ത്ഥമായിരുന്നു. രാജകുമാരി സുശീലയും സുകുമാരിയുമായിരുന്നു.
ഒരു ദിവസം സുകന്യ തോഴിമാരൊത്ത് വനത്തില്‍ പൂപറിക്കാന്‍ പോയി. കാട്ടില്‍ ഒരു ചിതല് പുറ്റു കണ്ടു. കൂട്ടുകാരെല്ലാം ചിതല് പുറ്റിനു നാലുപാടും കൂടി. കാരണം അതിനുള്ളില്‍ മിന്നാമിനുങ്ങുപോലെ തിളങ്ങുന്ന എന്തോ അവര്‍ കണ്ടു. കൗതുകംകൊണ്ട അതു തോണ്ടിയെടുക്കുവാന്‍ അവര്‍ ശ്രമിച്ചു. സുകന്യയാണ് ഒരു കമ്പെടുത്ത് അതു തോണ്ടിയെടുക്കാന്‍ ശ്രമിച്ചത്. ശ്രമിക്കുന്നതിനിടയില്‍ രക്തം വരുന്നതു കണ്ട് ഭയന്ന് അവര്‍ തിരിച്ചോടി കൊട്ടാരത്തിലെത്തി.
കൊട്ടാരത്തിലെത്തിയപ്പോള്‍ സൈന്യങ്ങള്‍ക്കും കൊട്ടാരവാസികള്‍ക്കും വിചിത്രമായ രോഗം പിടിപെട്ടു. മലമൂത്ര ബന്ധംകൊണ്ട് ഏവരും കഷ്ടപ്പെട്ടു. ഈ രോഗ കാരണം കാട്ടില്‍ തപസ്സിരിക്കുന്ന ച്യവനമഹര്ഷിക്കുണ്ടായ കഷ്ടതയാണെന്നറിഞ്ഞു. സുകന്യ താന്‍ ചെയ്ത പ്രവൃത്തിയുടെ ഗൗരവം അപ്പോഴാണ് തിരിച്ചറിഞ്ഞത്. ച്യവനമഹര്‍ഷിയുടെ കണ്ണുകളാണ് അവര്‍ കുത്തിപ്പൊട്ടിച്ചത്. സുകന്യ കാര്യം പിതാവിനെ ധരിപ്പിച്ചു. മാത്രമല്ല താന്‍ കാരണം അന്ധനാക്കപ്പെട്ട മുനിയുടെ പരിചരണത്തിനായി തന്റെ ജീവിതം മാറ്റിവെക്കുന്നുവെന്ന കാര്യവും സുകന്യ പിതാവിനെ അറിയിച്ചു. അദ്ഭുതമെന്നപോലെ കൊട്ടാരവാസികളുടെ രോഗവും സുഖമായി.
സുകന്യ വാക്കു പാലിച്ചു. കൊട്ടാര ജീവിതം വിട്ടു. മുനി കന്യകയായി ച്യവനനോടൊപ്പം കാട്ടില്‍ക്കഴിഞ്ഞു. ച്യവനന്റെ കണ്ണുകളായി സുകന്യ മാറി. ച്യവനനെ ശുശ്രൂഷിക്കുന്നതില്‍ ആത്മനിര്‍വൃതി കണ്ടു.
കാലം കുറെ കഴിഞ്ഞു. ഒരു ദിവസം ആ വനത്തില്‍ അശ്വനീകുമാരന്മാര് എത്തിച്ചേര്‍ന്നു. സുകന്യയുടെ ശുശ്രൂഷയിലും പാതിവ്രത്യത്തിലും സന്തുഷ്ടനായ സുകന്യക്ക് അനുഗ്രഹം ചൊരിയാന്‍ ച്യവനന് നിശ്ചയിച്ചു. ദേവവൈദ്യന്മാരായ അശ്വനീകരുമാരന്മാരെക്കൊണ്ട് തന്റെ വൈരൂപ്യവും ജരാനരകളും മാറ്റിയെടുക്കാന്‍ നിശ്ചയിച്ചു. പകരമായി അവര്‍ക്ക് യജ്ഞത്തില്‍ സോമപാനാധികാരം നല്‍കാനും നിശ്ചയിച്ചു.
അശ്വനീദേവന്മാരും ച്യവനനും അടുത്തുള്ള ഹ്രദത്തില്‍ ഒന്നിച്ചു മുങ്ങി. മൂവരും ഒന്നിച്ചു പൊന്തിവരികയും ചെയ്തു. ഒരദ്ഭുത ദൃശ്യം സുകന്യ കണ്ടു. മൂന്നുപേരും ഒരുപോലെ യുവകോമളന്മാര്. സ്വഭര്‍ത്താവിനെ തെരഞ്ഞെടുക്കാന്‍ സുകന്യയോടും പറഞ്ഞു.
സുകന്യ ഉമാമഹേശ്വരന്മാരെ പ്രാര്‍ത്ഥിച്ചു. അവളുടെ പാതിവ്രത്യശക്തിയില് സന്തുഷ്ടരായ ഉമാമഹേശ്വരന്മാര് സുകന്യക്കു സ്വഭര്‍ത്താവിനെ കാണിച്ചുകൊടുത്തു. അശ്വനീദേവന്മാര് സുകന്യക്ക് സര്‍വ്വാഭീഷ്ട സിദ്ധിയും നല്കി.
അതിനിടെ ശര്യാദി, ച്യവനമഹര്‍ഷിയുടെ സുഖ വിവരമന്വേഷിച്ച് കാട്ടിലെത്തി. സ്വപുത്രിയുടെ കൂടെ ഒരു യുവകോമളനെ കണ്ട ശര്യാതി പുത്രിയെ സംശയിക്കുകയും ശകാരിക്കുകയും ചെയ്തു. എന്നാല്‍ ച്യവനന് നടന്ന സംഭവങ്ങള്‍ രാജാവിനെ അറിയിച്ചു. ശര്യാദി സന്തുഷ്ടനായി. ച്യവനന് ശര്യാദിയെക്കൊണ്ട് ഒരു യാഗം നടത്തിച്ചു. യജ്ഞശേഷം അശ്വനീ ദേവന്മാരെ സോമപാനത്തിനു ക്ഷണിച്ചു. ദേവേന്ദ്രന് കോപാകുലനായി ച്യവനനെ വധിക്കാന്‍ വജ്രായുധവുമായെത്തി. ച്യവനന് യോഗബലത്താല്‍ ഇന്ദ്രനെ നിശ്ചലനാക്കി. മേലാല്‍ എല്ലാ ദേവന്മാര്ക്കും സോമപാനാവകാശം നല്‍കാമെന്ന കരാറില്‍ ഇന്ദ്രന് മോചിതനാക്കപ്പെട്ടു. സുകന്യാച്യവനന്മാര് ശിഷ്ടകാലം സുഖമായി വാണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: