കൊല്ലം: കളക്ടര്‍ ബി. അബ്ദുള്‍നാസര്‍ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ താത്കാലിക ചുമതല ജില്ലാ വികസന കമ്മീഷണര്‍ (ഡിഡിസി) കെ. യൂസഫിന് കൈമാറിയ കളക്ടറുടെ നടപടി സര്‍ക്കാര്‍ തള്ളി. ഡിഡിസി ആസിഫ് കെ.യൂസഫിനാണ് കളക്ടര്‍ ജില്ലയുടെ സമ്പൂര്‍ണ ചുമതല കഴിഞ്ഞദിവസം കൈമാറിയത്.
നടപടി പരിശോധിച്ച സര്‍ക്കാര്‍ കളക്ടറുടെ നടപടി റദ്ദാക്കുകയും പകരം ജില്ലയുടെ ചുമതല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) സജിതാ ബീഗത്തിന് കൈമാറുകയും ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കളക്ടര്‍ അവയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. രാത്രി 12ന് ശേഷമാണ് ഫേസ്ബുക്ക് ലൈവിലൂടെ കളക്ടര്‍ അവധിയില്‍ പ്രവേശിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിച്ചത്.
ലൈവിന് താഴെ നിരവധി ആളുകള്‍ വാക്സിന് വിതരണത്തിലെ പൊരുത്തക്കേടുകളും രാഷ്ട്രീയ ഇടപെടലും കമന്റായി രേഖപ്പെടുത്തിയെങ്കിലും എല്ലാ കമന്റിനും മറുപടി തരാന്‍ സാധിക്കില്ലെന്നായിരുന്നു കളക്ടറുടെ മറുപടി. സാധാരണ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ അവധിയെടുക്കുകയാണെങ്കില്‍ അഡിഷനല്‍ ജില്ലാ മജിസ്ട്രേറ്റായ ഡെപ്യൂട്ടി കളക്ടര്‍ ജനറലിനാണ് ചുമതല കൈമാറാറുള്ളത്. കളക്ടര്‍ കൈകാര്യം ചെയ്യുന്ന ക്രമസമാധാനം അടക്കമുള്ള കാര്യങ്ങളില്‍ തുല്യ പങ്കാളിത്തം വഹിക്കുന്നത് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റാണ്.
ജില്ലയുടെ ഭരണപരമായ മുഴുവന്‍ കാര്യങ്ങളിലും ഇവരുടെ ഇടപെടലുകളുണ്ട്. കളക്ടര്‍ ചുമതലയില്‍ ഇല്ലെങ്കില്‍ പകരം ഇതുവരെ ചുമതലപ്പെടുത്തിയിരുന്നത് എഡിഎമ്മിനെ ആയിരുന്നു. എന്നാല്‍ ഇത്തവണ ഐഎഎസ് ഉദ്യോഗസ്ഥന് എന്ന പരിഗണന മുന്‍നിര്‍ത്തിയാണ് വികസന കമ്മീഷണര്‍ക്ക് ചുമതല കൈമാറിയതെന്നു ഒദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
ആസിഫ് കെ. യൂസഫിനു ചുമതല കൈമാറിയത് ഇന്നലെ തന്നെ അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് അയച്ചെങ്കിലും നടപടി വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കളക്ടറുടെ നിര്‍ദ്ദേശം അംഗീകരിച്ചില്ല.
കളക്ടറുടെ ആശയവിനിമയം ഫേസ്ബുക്ക് ലൈവില്‍
ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ പ്രധാന ആശയവിനിമയ മാധ്യമമായി തെരഞ്ഞെടുത്തിരിക്കുന്നത് ഫേസ്ബുക്കാണ്. കളക്ടറുടെ തീരുമാനങ്ങള്‍ അറിയണമെങ്കില്‍ രാത്രി വൈകി ഫേസ്ബുക്ക് നോക്കേണ്ട സ്ഥിതിയാണ്. കൊവിഡ് കണക്കിലെ അപര്യാപ്തതകളും വാക്സിന് വിതരണത്തിലെ ക്രമക്കേടുകളും കളക്ടറുടെ ലൈവില്‍ കമന്റായി നിരവധി ആളുകള്‍ ഷെയര്‍ ചെയ്യാറുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം കമന്റുകള്‍ എല്ലാം വായിക്കാറുണ്ടെന്നും പക്ഷെ എല്ലാത്തിനും മറുപടി പറയാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം ലൈവില്‍ വ്യക്തമാക്കിയത്. ചിലര്‍ രൂക്ഷമായ രീതിയില്‍ ലൈവില്‍ പ്രതികരിക്കുന്ന സാഹചര്യവുമുണ്ട്.
മറ്റ് ജില്ലകളെ താരതമ്യപ്പെടുത്തുമ്പോള്‍ കൊല്ലം ജില്ലയില്‍ ടിപിആര്‍ നിരക്ക് ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ കളക്ടര്‍ ലീവെടുത്ത് പോകുന്നത് കൊവിഡ് വാക്സിന് വിതരണത്തിലെ ക്രമക്കേട് മറയ്ക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നു.
കളക്ടറെ മാറ്റാന്‍ സാധ്യത
ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസറിനെ മാറ്റാന്‍ സാധ്യത. കൊവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭവേളയിലും ജില്ലയില്‍ ടിപിആര്‍ നിരക്ക് ഉയര്‍ന്നുതന്നെ നില്ക്കുന്ന സാഹചര്യത്തിലും വാക്സിന് വിതരണത്തിലെ ക്രമക്കേടുമാണ് കളക്ടര്‍ക്ക് തിരിച്ചടിയാകുന്നത്. ജില്ലാ ഭരണകൂടം പുറത്തുവിട്ട കൊവിഡ് മരണനിരക്കില്‍ കളക്ടര്‍ക്കെതിരെ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. കൊവിഡ് കൈകാര്യം ചെയ്ത വിഷയത്തില്‍ കളക്ടറുടെ നിലപാടിനെതിരെ ആരോഗ്യവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് വിവരം.
ആയിരത്തില്‍ കുറയാതെ കൊവിഡ് ജില്ലയില്‍ സ്ഥിതി ഗുരുതരം
ജില്ലയില്‍ ഇന്നലെയും 1026 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി ആയിരത്തില്‍ കുറയാത്ത സാഹചര്യമാണ് ജില്ലയില്‍. കഴിഞ്ഞ ദിവസവും 1304 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മാസങ്ങളായി പരിശോധന കുറവുള്ള ഞായറാഴ്ച ഒഴികെ മിക്ക ദിവസങ്ങളിലും ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ടിപിആര്‍ നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങളും ഏറെ ചര്‍ച്ചയായ വിഷയമാണ്. പോസിറ്റിവിറ്റി നിരക്കിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിരവധി ആളുകളാണ് രംഗത്ത് വന്നത്. രോഗവ്യാപനത്തില്‍ ജില്ലയിലെ സ്ഥിതി അതീവഗുരുതരമായി തുടരുന്ന സാഹചര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: