പള്ളുരുത്തി: സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് കാരണമായ പ്രധാന വിഷയങ്ങളിലൊന്നായ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണത്തിന് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട കമ്മീഷന് തുക നല്‍കുന്നതിന്റെ തീരുമാനം നീളുന്നു. റേഷന്‍ വ്യാപാരികള്‍ നിലവിലെ സംവിധാനത്തിന് പുറമേ മറ്റൊരു കടമുറി കൂടി വാടകയ്ക്ക് എടുത്താണ് കിറ്റുകള്‍ സംഭരിച്ചത്.
വിതരണത്തിന് നിലവിലുള്ള സഹായിക്ക് പുറമേ ഒരാളെ കൂടി ഭൂരിഭാഗം വ്യാപാരികളും നിയോഗിച്ചിരുന്നു. കിറ്റിന്റെ കമ്മീഷന് വഴി ഇതെല്ലാം പരിഹരിച്ച് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍. എന്നാല്‍ ആദ്യ രണ്ട് മാസത്തെ കമ്മീഷന് നല്കിയതൊഴിച്ചാല് പിന്നീട് ഇതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലന്നാണ് വ്യാപാരികളുടെ ആക്ഷേപം.
കിറ്റുകള്‍ കടയില്‍ എണ്ണി നല്‍കുന്നവര്‍ക്ക് വരെ കൂലി കൂട്ടുകയും നല്‍കുകയും ചെയ്തപ്പോള്‍ റേഷന്‍ വ്യാപാരികളുടെ കമ്മീഷന് ഏഴില്‍ നിന്ന് അഞ്ചായി കുറച്ചുവെന്നും ഇവര്‍ പരാതിപ്പെടുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനോടൊപ്പം തോളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച റേഷന്‍ മേഖലയില്‍ അന്‍പത്തിയൊന്ന് ജീവന് നഷ്ടപ്പെട്ടിട്ടും യാതൊരു പരാതിയും പറയാതെ കൂടെ നിന്നവരാണ് തങ്ങളെന്നും ഇവര്‍ പറയുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച റേഷന്‍ വ്യാപാരികള്‍ക്ക് കിറ്റിന്റെ പ്രതിഫലം ആവശ്യമുണ്ടോയെന്ന ഭക്ഷ്യ മന്ത്രിയുടെ ചോദ്യം പ്രതിഷേധാര്‍ഹമാണെന്ന് ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു.
പത്ത് മാസത്തിലേറെയായി തൊണ്ണൂറ് ലക്ഷം കുടുംബങ്ങള്‍ക്കും കിറ്റുകള്‍ നല്കിയ കമ്മീഷന് കുടിശിഖ ഓണത്തിന് മുമ്പ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍, ട്രഷറര്‍ ഇ. അബൂബക്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉദാര സമീപനം സ്വീകരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: