മട്ടാഞ്ചേരി: കാലവര്‍ഷം തുടങ്ങിയതോട പൊതുവഴികളിലും, റോഡുകളിലും, തോടുകളിലും മറ്റും ശുചിമുറി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വര്‍ധിക്കുന്നു. കൊവിഡും മഴക്കാലജന്യ രോഗങ്ങളും പടരുന്ന സാഹചര്യത്തില്‍ ജനം ഭീതിയിലാണ്. എന്നാല്‍ ഇത്തരത്തില്‍ ജനദ്രോഹമായി ശുചിമുറി മാലിന്യങ്ങള്‍ തള്ളുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് മോട്ടാര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്. ഇത്തരം പ്രവര്‍ത്തനം നടത്തുന്ന വാഹനപെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുകയാണ് നടപടി. ശുചിമുറി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വ്യാപകമായതോടെയാണ് പോലീസ് – മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ക്ക് വകുപ്പ് തല നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനവും നിര്ദ്ദേശവുമുണ്ടായത്.
നഗര ഗ്രാമ വ്യത്യാസമെന്നില്ലാതെ ശുചിമുറി മാലിന്യനീക്കം നടത്തുന്ന സ്വകാര്യ ഏജന്‍സി വാഹനങ്ങളാണ് വ്യാപകമായി ജനദ്രോഹപരമായി മാലിന്യം തള്ളല്‍ നടത്തുന്നത്. രാത്രിയുടെ മറവില്‍ റോഡുവക്കിലും കായലിലും തോടുകളുടെ തീരങ്ങളിലുമായി അനധികൃതമായാണ് ശുചിമുറി മാലിന്യം പുറം തള്ളുന്നത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിലും നീരോഴുക്കിലുമായി മാലിന്യം സമീപങ്ങളിലെ വീടുകളിലും പൊതുയിടങ്ങളിലും ഒലിച്ചിറങ്ങുന്നത് ജനജീവിതത്തെ ദുരിതത്തിലാക്കിയിരുന്നു. പലയിടങ്ങളിലും ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുമുയര്‍ന്നു. എന്നാല്‍ അധികൃതര്‍ നടപടിയെടുക്കുന്നതില്‍ അവഗണനയും അലംഭാവവും തുടരുന്നതാണ് വിഷയം മന്ത്രിതലചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടത്. ശുചിമുറി മാലിന്യം തള്ളുന്ന വാഹനങ്ങള്‍ക്കെതിരെ പ്രാദേശി ക സംഘടനകളും റസിഡന്റസ് അസോസിയേഷനുകളും രംഗത്തിറങ്ങി വാഹനങ്ങള്‍ പിടികൂടുമെങ്കിലും തുടര്‍ നടപടികളുണ്ടാകാറില്ല.
ഇതിനെ തുടര്‍ന്നാണ് പൊതു പ്രവര്‍ത്തകര്‍ മന്ത്രിതല ചര്‍ച്ചയില്‍ ഉന്നയിച്ചത്. കൊച്ചി തുറമുഖ ട്രസ്റ്റിന് പരിധിയിലുള്ള കുണ്ടന്നൂര്‍ റോഡ്, പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി, ചെല്ലാനം, മുണ്ടംവേലി, മാനാശ്ശേരി, ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി തീരദേശ റോഡ് , രാമേശ്വരം കനാലും, കൈവരികാനകളും, ഗാന്ധിനഗര്‍, പനമ്പള്ളി നഗര്‍, പേരണ്ടൂര്‍ കനാല്‍, തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ ശുചിമുറി മാലിന്യം തള്ളലിനെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. തുറമുഖ ട്രസ്റ്റ് മേഖലകളില്‍ മാലിന്യ നിക്ഷേപം നടത്തിയ ലോറികള്‍ സിഐഎസ്എഫ് പിടികൂടി നടപടികള്‍ കൈക്കൊണ്ടിരുന്നു. കാലവര്‍ഷം വീണ്ടും ശക്തമായതോടെയാണ് മാലിന്യ നീക്ക കരാറുകാരുടെ വാഹനങ്ങള്‍ പൊതുകേന്ദ്രങ്ങളില്‍ ശുചിമുറി മാലിന്യം പുറംതള്ളുന്നത് വീണ്ടും തുടങ്ങിയത്. പല കേന്ദ്രങ്ങളിലും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമുയര്ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: