കൊല്ലം: ലോക്ക്ഡൗണിന് പിന്നാലെ ഉണ്ടായ കടല്‍ക്ഷോഭവും ട്രോളിംഗ് നിരോധനവും തീരമേഖലയെ പ്രതിസന്ധിയിലാക്കി. പരമ്പരാഗത ചെറുവള്ളങ്ങള്‍ മത്സ്യബന്ധനം നടത്തിയിരുന്നെങ്കിലും അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനവും കടല്‍ക്ഷോഭവും മത്സ്യമേഖലയെ വറുതിയിലേക്ക് തള്ളിവിട്ടു.
മണ്ണെണ്ണയുടെ വിഹിതം കൂട്ടാതെ ട്രോളിംഗ് നിയന്ത്രണത്തിന് ശേഷം മത്സ്യഫെഡിന് മീന്‍ നല്‍കില്ലെന്ന നിലപാടിലാണ് ബോട്ടുടമകള്‍. ട്രോളിംഗ് നിരോധനംമൂലം ബോട്ടുകള്‍ കട്ടപുറത്താണ്. ചെറുവള്ളങ്ങള്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ ലോക്ക്ഡൗണ്‍ കാരണം വില്‍പ്പന നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ കടലില്‍ പോകുന്നത്. മല്‍സ്യങ്ങള്‍ വില്‍പ്പന നടത്താന്‍ സാധിക്കാത്തതിനാല്‍ ഭൂരിഭാഗം ആളുകളുടെയും വള്ളങ്ങള്‍ കരയില്‍ തന്നെയാണ്.
ലോക്ഡൗണില്‍ പരമ്പരാഗത മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പല ഹാര്‍ബറുകളും പൂട്ടിയിരിക്കുകയാണ്. മാര്‍ക്കറ്റുകളും കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ആളുകള്‍ കൂടുന്ന ലേലങ്ങള്‍ക്കും ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ ധാരാളമുള്ള കൊല്ലം തീരമേഖലയുടെ പലസ്ഥലങ്ങളും ട്രിപ്പിള്‍ ലോക്ക്ഡൗണുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: