ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും ജനകീയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കുള്ള വേദിയായി സഭാ സമ്മേളനത്തെ മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
സഭാ സമ്മേളനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ഗുണകരമായ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ മുന്നോട്ടു വച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനം തടസ്സങ്ങളില്ലാതെ നടക്കും. ഇരുസഭകളിലും അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍ ഉണ്ടാവണമെന്ന ആഗ്രഹവും ഇന്നത്തെ യോഗത്തില്‍ മോദി പങ്കുവച്ചു.
ജനാധിപത്യ സംവിധാനത്തിന്റെ കീഴ്വഴക്കങ്ങള് അനുസരിച്ച് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൗഹൃദപരമായ രീതിയില്‍ ഉന്നയിക്കപ്പെടണം. ഇത്തരം ചര്‍ച്ചകളോട് പ്രതികരിക്കാന്‍ ഭരണകൂടത്തിന് അവസരം നല്‍കേണ്ടതുണ്ട്, പ്രതിപക്ഷ നേതൃത്വത്തോട് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപരമായ ഒരു അന്തരീക്ഷം സഭയില്‍ സൃഷ്ടിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും സഹകരണവും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് നടപടികള്‍ മികച്ച രീതിയില്‍ നടപ്പാക്കാനാകുമെന്നും മോദി പറഞ്ഞു.
ആഗസ്റ്റ് 13 വരെ നടക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ 29 ബില്ലുകളും രണ്ട് ധനകാര്യ വിഷയങ്ങളും അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. നിലവിലെ ഓര്‍ഡിനന്‍സുകള്‍ നീക്കം ചെയ്യുന്നതിനായി ആറ് ബില്ലുകളും അവതരിപ്പിക്കും. 33 രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: