കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്ത് സാമ്പത്തിക ഭീകരപ്രവര്‍ത്തനം തന്നെയെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍. കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്ന സുരേഷിനെതിരെ യുഎപിഎ പ്രകാരമുള്ള വകുപ്പുകള്‍ നിലനില്ക്കും.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അപകടത്തിലാക്കുന്ന കള്ളക്കടത്ത്, ഭീകരപ്രവര്‍ത്തനമായി കണക്കാക്കാമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വപ്നയ്ക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിക്കുന്ന ഇടപാടായിരുന്നു നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തെന്നും എന്‍ഐഎ വ്യക്തമാക്കി. യുഎഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കള്ളക്കടത്തു നടത്താന്‍ സ്വപ്ന പദ്ധതിയിട്ടിരുന്നു. രാജ്യത്തിന് അകത്തും പുറത്തും ഉന്നത ബന്ധങ്ങളുള്ള സ്വപ്നയ്ക്കു ജാമ്യം നല്കിയാല് അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പണമുണ്ടാക്കുക എന്നതായിരുന്നു സ്വപ്നയുടെ മുഖ്യ ലക്ഷ്യം. കള്ളക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും ഭീഷണിയാണ്. യുഎപിഎ നിയമം കേസില്‍ നിലനില്‍ക്കുമെന്നും എന്‍ഐഎ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
യുഎപിഎ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്നയുടെ വാദം. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം എതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ സ്വപ്ന ബോധിപ്പിച്ചിരുന്നു. സ്വപ്നയടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എന്‍ഐഎ കോടതി തള്ളിയിരുന്നു.
യുഎപിഎ നിയമത്തിന്റെ 15-ാം വകുപ്പ് പ്രകാരം സ്വര്‍ണക്കടത്ത് ഭീകരവാദ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യമാണെന്ന് രാജസ്ഥാന് ഹൈക്കോടതി നേരത്തെ വിധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: