സഹകരണ ബാങ്കുകളിലുള്ള, ജനങ്ങളുടെ പണം നേതാക്കള്‍ അമ്മാനമാടുകയും വെട്ടിവിഴുങ്ങുകയും ചെയ്യുമ്പോള്‍ കോടികളുടെ ക്രമക്കേടുകളാണ് നടക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന വ്യാപകമായി 170 സഹകരണ സ്ഥാപനങ്ങളിലാണ് നിക്ഷേപത്തട്ടിപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 31 സഹ. സംഘങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. 52 സംഘങ്ങളുമായി ഒന്നാം സ്ഥാനത്താണ് തൃശൂര്‍. സംസ്ഥാനതലത്തില്‍ 11 ബാങ്കുകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ക്രമക്കേട് 250 കോടിയിലധികം രൂപ വരും. ഒതുക്കി തീര്‍ത്തത് ഇതിന്റെ ഇരട്ടിയിലധികം.
സിപിഎം നേതാവ് ഭരിച്ച ആര്യനാട് സര്‍വ്വീസ് സഹ. സംഘത്തില്‍ നിന്ന് തട്ടിയെടുത്തത് ആറര കോടി. ആറു കോടി വായ്പയില്‍ നിന്നും അമ്പത് ലക്ഷം ചിട്ടിയില്‍ നിന്നും. ബാങ്ക് മാനേജരെയും സീനിയര്‍ ക്ലാര്‍ക്കിനെയും സസ്പെന്‍ഡ് ചെയ്ത് അന്വേഷണം ക്രൈംബാഞ്ചിന് നല്കി. ബാങ്ക് പ്രസിഡന്റായ ആര്യനാട് സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയെ തരംതാഴ്ത്തിയതോടെ നടപടി തീര്‍ന്നു.
സിപിഎം ഭരണസമിതിയുള്ള കെഎസ്എഫ്ഇ സഹകരണ സംഘത്തില്‍ നടന്നത് 17 കോടി രൂപയുടെ തട്ടിപ്പ്. സെക്രട്ടറിയുടെ തട്ടിപ്പില്‍ ഭരണസമിതി മുഴുവനും പെട്ടു, നടപടിയായി. പ്രസിഡന്റ് ജയിലില്‍. പ്രസിഡന്റിന്റെ വസ്തുവകകള്‍ സഹകരണ രജിസ്ട്രാര്‍ കണ്ടുകെട്ടി. എന്നാല്‍ കാര്യമായ ആസ്തി ഒന്നുമില്ലാത്ത സെക്രട്ടറി പെട്ടത് കേസിന്റെ നൂലാമാലകളില്‍ മാത്രം.
മുഖ്യമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയും വിളിപ്പാട് അകലെയുള്ള സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിങ് സഹകരണ സംഘത്തിലും കോടികളുടെ തട്ടിപ്പ് നടന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് മാത്രമേ വായ്പ നല്‍കാവൂ. എന്നാല്‍ സെക്രട്ടറി രവീന്ദ്രന് സെക്രട്ടേറിയറ്റിനു പുറത്തുള്ളവര്‍ക്ക് ബിനാമി വായ്പ നല്കി രണ്ട് കോടി തട്ടിയെടുത്തു. രവീന്ദ്രന് അവധിയിലായി പകരം ചുമതലയുള്ള ജീവനക്കാരി സെക്രട്ടറി സ്ഥാനത്ത് എത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. പണം തിരികെ അടച്ച് പുറത്തായ സെക്രട്ടറി അകത്ത് കയറാനുള്ള തത്രപ്പാടിലാണ്. ഇതിന് സഹകരണ വകുപ്പിന്റെ മൗനാനുവാദവുമുണ്ട്.
കോഴിയിലും അഴിമതി
കോടികളുടെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ മാരായമുട്ടം സഹകരണ ബാങ്കിലെ കോണ്‍ഗ്രസ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. നബാര്‍ഡ് പദ്ധതി പ്രകാരം 122 അംഗങ്ങള്‍ക്ക് 84,000 രൂപ വീതം നല്കി മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി നടപ്പാക്കിയതിലാണ് അഴിമതി. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ജപ്തി നോട്ടീസ് വന്നപ്പോഴാണ് അഴിമതി പുറത്തായത്. ഒന്നരക്കോടിയോളം രൂപയുടെ തിരിമറിയാണ് നടന്നത്. ബാങ്ക് മുന്‍ പ്രസിഡന്റ് എം.എസ്. അനില്‍, സെക്രട്ടറി ശ്രീജ ഉള്‍പ്പെടെ 14 പേരുടെ പേരില്‍ കേസെടുത്തു.
ഭരണസമിതി പിരിച്ചുവിട്ടു. ബാങ്കിന് 33 കോടിയുടെ നഷ്ടം സംഭവിച്ചതായി സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി സര്‍ചാര്‍ജ് ചുമത്തി. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കി. ഐഒസി പെട്രോള്‍ പമ്പ് ഉള്‍പ്പെടെ 21 അനുബന്ധ സ്ഥാപനങ്ങളും മൂന്നു ബ്രാഞ്ചുകളുമുള്ള ബാങ്കില്‍ പ്രതിദിനം ഒന്നരക്കോടി രൂപയുടെ ഇടപാടുകളാണ് നടന്നിരുന്നത്. അഴിമതിയും രണ്ടു വര്‍ഷത്തെ അഡ്മിനിസ്ട്രേറ്റര്‍ ഭരണവും കഴിഞ്ഞപ്പോള്‍ നിക്ഷേപം മടക്കി നല്കാന് പോലും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍.
അയിരൂപ്പാറ ഫാര്‍മേഴ്സ് സഹകരണബാങ്കിന്റെ മറവില്തട്ടിയത് കോടികള്‍
തിരുവനന്തപുരം ജില്ലയില്‍ സിപിഎം ഭരണത്തിലിരിക്കുന്ന അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണസംഘം ശാഖകളില്‍ മുക്കുപണ്ടം പണയം വച്ചു കോടികളാണ് തട്ടിച്ചത്. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലായി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സിപിഎം നേതാക്കള്‍ കുടുങ്ങിയെങ്കിലും ഭരണത്തിന്റെ നിഴലില്‍ പാര്‍ട്ടിയിലെ വമ്പന്മാര് ഇന്നും സുരക്ഷിതരാണ്.
2018ലാണ് പതിനേഴ് കിലോ മുക്കുപണ്ടം നാലു കോടിയോളം രൂപയ്ക്ക് ബാങ്കിലെ വിവിധ ബ്രാഞ്ചുകളില്‍ പണയപ്പെടുത്തി പ്രതികള്‍ പണം നേടിയെടുത്തത്. തട്ടിപ്പു നടത്തിയ പോത്തന്‍കോട് സ്വദേശികളായ മുഖ്യപ്രതി റീന, ഷീബ, ഷീജ, സാജിദ് എന്നിവരോടൊപ്പം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും കാട്ടായിക്കോണം സ്വദേശിയുമായ മുന്‍ ബാങ്ക് മാനേജര്‍ ശശികലയും ലോക്കല്‍ കമ്മിറ്റിയംഗം തുണ്ടത്തില്‍ ചേങ്കോട്ടുകോണം സ്വദേശിയും മുന്‍ ബാങ്ക് ക്ലര്‍ക്കുമായ കുശലയും അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു.
കഴിഞ്ഞയാഴ്ച ആറയ്യൂര്‍ സര്‍വ്വീസ് സഹകരണ സംഘത്തിലെ ഭരണസമിതിയെ പിരിച്ചുവിട്ട് കേസെടുത്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: