ആലപ്പുഴ: ചേര്‍ത്തലയിലെ പൊതുമേഖലാ സ്ഥാപനമായ ഓട്ടോക്കാസ്റ്റില്‍ നിര്‍മിച്ച ആദ്യ ട്രെയിന്‍ ബോഗിയുടെ ഘടക ഭാഗം റെയില്‍വേ ഏറ്റെടുക്കാന്‍ അനുമതിയായി. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഓട്ടോക്കാസ്റ്റിന് തുണയായത്. ട്രെയിന്‍ ബോഗി നിര്‍മ്മിക്കുന്നതിന് റെയില്‍വേക്ക് കീഴിലുള്ള ആര്‍ഡിഎസ്ഒയുടെ ക്ലാസ് ഫൗണ്ടറി അംഗീകാരം ഒരു വര്‍ഷം മുന്‍പാണ് ഓട്ടോക്കാസ്റ്റിന് ലഭിച്ചത്.
മുന്‍പ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപനങ്ങള്‍ പലതും നടത്തി കബളിപ്പിച്ചെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ വാക്ക് പാലിച്ചു. ആലപ്പുഴ ജില്ലയില്‍ നിന്ന് നാലു കേന്ദ്രമന്ത്രിമാര്‍ യുപിഎ സര്‍ക്കാരില്‍ (എ.കെ. ആന്റണി, വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍) ഉണ്ടായിരുന്നിട്ടും ഒരു പ്രയോജനവും ലഭിക്കാത്തയിടത്താണിത്.
റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍സ് (ആര്‍ഡിഎസ്ഒ) അധികൃതര്‍ ചേര്‍ത്തല ഓട്ടോക്കാസ്റ്റിലെത്തി ബോഗിയുടെ ഘടക ഭാഗം (ഇതിന്റെ പേരും സാങ്കേതികമായി ബോഗിയെന്നുതന്നെയാണ്) പരിശോധന നടത്തി. തുടര്‍ന്ന്, ഇത് കയറ്റി അയയ്ക്കുന്നതിനുള്ള അന്തിമ അനുമതി നല്കി. വ്യവസായ വകുപ്പുമായി ചര്‍ച്ച ചെയ്ത് ബോഗി കയറ്റി അയയ്ക്കുന്ന തീയതി ഉടന്‍ തീരുമാനിക്കും.
ഉത്തര റെയില്‍വേയുടെ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ അഞ്ച് കാസ്നബ് ബോഗി ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനാണ് 2020 മാര്‍ച്ചില്‍ ഓട്ടോക്കാസ്റ്റിന് ഓര്‍ഡര്‍ ലഭിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെ തടസ്സങ്ങള്‍ ഉണ്ടായതിനാല്‍ ആദ്യ ബോഗി നിര്‍മാണം അടുത്തിടെയാണ് പൂര്‍ത്തിയായത്. രണ്ടാമത്തേത് തുടങ്ങിയിട്ടുണ്ട്. രണ്ട് മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ നീളവും മുക്കാല്‍ മീറ്റര്‍ ഉയരവുമുണ്ട് ഒരു ബോഗിക്ക്. രണ്ടര ടണ്ണോളം ഭാരം വരും. 14.5 ലക്ഷം രൂപയാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്.
ബാക്കിയുള്ള നാല് ബോഗികളും രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്കാന് നടപടി തുടങ്ങി. ആര്‍ഡിഎസ്ഒ ഹൈദരാബാദ് റീജ്യണിലെ സീനിയര്‍ ഇന്‍സ്പെക്ടിങ് ഓഫിസര്‍ സി. ലക്ഷ്മിനാരായണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഓട്ടോക്കാസ്റ്റിലെത്തിയത്. ഓപ്പണ്‍ ട്രക്കില്‍ കയറ്റി റോഡ് മാര്‍ഗം ഉത്തര റെയില്‍വേയുടെ അമൃത്സറിലെ റെയില്‍വേ വര്‍ക്ഷോപ്പിലേക്കാണ് ബോഗി അയയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: