കൊളംബോ: യുവനിരയെ കൂട്ടിയിണക്കി ദ്രാവിഡിന്റെ സംഘം ഇന്ന് ആദ്യ പോരിനിറങ്ങുന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ടീമിന്റെ ലക്ഷ്യം.
രണ്ടാം നിര ടീമാണ് കളിക്കുന്നതെന്ന വാദങ്ങളുയര്ന്നുവെങ്കിലും രാജ്യാന്തര മത്സരങ്ങള്‍ പരിചയമുള്ള ഒട്ടേറെ താരങ്ങള്‍ ടീമിലുണ്ട്. ഈ ടീമില്‍ പോലും സ്ഥാനത്തിനായി കൂട്ടയിടിയാണ്. ഓപ്പണിങ് മുതല്‍ ബൗളര്‍മാരില്‍ വരെ അവസരത്തിനായി കാത്തു നില്ക്കുന്നു താരങ്ങള്‍. നായകന് ശിഖര്‍ ധവാന് കൂട്ടായി ഓപ്പണിങ്ങില്‍ പ്രിഥ്വി ഷാ കളിക്കാനാണ് സാധ്യത. മൂന്നാമനായി സൂര്യകുമാര്‍ യാദവ് കളിച്ചേക്കും. നാലാം സ്ഥാനത്ത് മനീഷ് പാണ്ഡെക്ക് അവസരമുണ്ട്. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണോ ഇഷാന് കിഷനോ കളിക്കും. ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ സഹോദരങ്ങള്‍ക്ക് സ്ഥാനമുണ്ടാകും. ഭുവനേശ്വര്‍ കുമാറിനൊപ്പം ദീപക് ചാഹര്‍ പന്തെറിയാനെത്തുമെന്നാണ് സൂചന. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ സഖ്യം സ്പിന്‍ കൈകാര്യം ചെയ്തേക്കും. യുവതാരങ്ങളായ ദേവദത്ത് പടിക്കല്‍, ചേതന്‍ സാക്കറിയ എന്നിവര്‍ക്ക് അവസരം മുതലാക്കാനായാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാം.
മറുവശത്ത് ശ്രീലങ്ക പ്രതിസന്ധിയിലാണ്. ദാസുന്‍ ഷാനക ശ്രീലങ്കയുടെ നാല് വര്‍ഷത്തിനിടയിലെ പത്താമത്തെ നായകനാണ്. പടലപിണക്കം ടീമിന്റെ ശക്തി നശിപ്പിച്ചിട്ടുണ്ട്. മുന്‍ നാകന് കുശാല്‍ പെരേരയുടെ അഭാവവും ടീമിന് തിരിച്ചടിയാകും. കുശാല്‍ മെന്‍ഡിസ്, നിറോഷാന്‍ ഡിക്ക്വില്ല എന്നിവരും ടീമിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: