ഒളിംപ്യന്‍ വി.ഭാസ്‌കരന്‍
ആറു പുത്തന്‍ താരങ്ങളടങ്ങിയ 16 അംഗ ടീമുമായാണ് ഇന്ത്യ ടോക്കിയോ ഒളിംപിക്സിലേക്കു പോകുന്നത്. ആ ആറു പേരും 2016ലെ ജൂനിയര്‍ ലോകകപ്പ് ജയിച്ച ടീമിലെ കളിക്കാരാണ്. ബാക്കി 10 പേര്‍ പരിചയസമ്പത്തിന്റെ കൂമ്പാരം കൈവശമുള്ളവര്‍. മിക്കവരും നൂറിലധികം രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ചവര്‍. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് ആണെങ്കിലും, ഉത്തരവാദിത്തം കൂടുതല്‍ പി.ആര്‍. ശ്രീജേഷ് എന്ന ഗോള്‍കീപ്പര്‍ക്കാണ്. കളിക്കാന്‍ മാത്രമല്ല കല്‍പ്പിക്കാനും ആവേശം നിറയ്‌ക്കാനും ശ്രീക്ക് അറിയാം. കളിക്കളത്തിലും പുറത്തും ശ്രീയെ ടീം വല്ലാതെ ആശ്രയിക്കും. ഇവരിരുവരും തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്സാണു കളിക്കുന്നത്. പക്ഷേ, ശ്രീയുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. മൂന്ന് ഒളിമ്പിക്സ് കളിക്കുന്ന ഗോള്‍കീപ്പര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ്. ലോക ഹോക്കിയില്‍ത്തന്നെ ഇത്തരക്കാര്‍ കുറവായിരിക്കും.
മികവുറ്റ ഒരുക്കം
ഇന്ത്യയുടെ സാധ്യതയിലേക്കു കടക്കാം. ക്വാര്‍ട്ടര്‍ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ എന്നീ മൂന്നു ഘട്ടങ്ങളാണല്ലോ മുന്നില്‍. ക്വാര്‍ട്ടറിലിലേക്കു കയറുകയെന്നത് ആദ്യ ലക്ഷ്യമായി കാണാം. കൂട്ടത്തില്‍ പറയട്ടെ, ഈ ഒളിമ്പിക്സില്‍ ഏറ്റവും നന്നായി ഒരുങ്ങന്‍ അവസരം കിട്ടിയ ടീം ഇന്ത്യയാണ്. കാരണം, സ്പെയിന്‍ ഒഴികെയുള്ള എല്ലാ ടീമുകളുമായി മാറ്റുരയ്‌ക്കാന്‍ പ്രൊഫഷണല്‍ ലീഗില്‍ ഇന്ത്യയ്‌ക്ക് അവസരം കിട്ടി. അതേസമയം, ബെല്‍ജിയം, അര്‍ജന്റീന, ജര്‍മനി, ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സ് ടീമുകള്‍ അവരവരുടെ നിലയില്‍ വന്‍ശക്തികള്‍ തന്നെയാണ്. അടുത്തകാല പ്രകടനങ്ങള്‍ അതു ശരിവയ്‌ക്കുന്നുമുണ്ട്.
കടുകട്ടിയാണ് ഇന്ത്യ അടങ്ങിയ പൂള്‍ എ. ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, അര്‍ജന്റീന, ജപ്പാന്‍, സ്‌പെയിന്‍ എന്നിവരാണ് ഒപ്പമുള്ളത്. ന്യൂസിലന്‍ഡ് ആണ് ആദ്യം മുന്നില്‍ വരുക. ആത്മവിശ്വാസം കൈമുതലാക്കി പൊരുതണം. കുറച്ചുകാലമായ കാത്തുകാത്തിരുന്നു കിട്ടുന്ന രാജ്യാന്തര മല്‍സരമായിരിക്കും അത്. ബെംഗളൂരുവിലെ സായിയില്‍ ഏഴു മാസം അടച്ചിട്ടു നടത്തിയ മാനസിക തയ്യാറെടുപ്പിന്റെ പരീക്ഷണശാലയായിരിക്കും ഈ മല്‍സരം. നല്ലൊരു തുടക്കം ഇവിടെ നിന്നു കിട്ടണം. പൂള്‍ മല്‍സരങ്ങളില്‍ ഞാന്‍ അങ്ങേയറ്റം കണക്കുകൂട്ടുന്നത് ഇന്ത്യയ്‌ക്ക് രണ്ടു ജയവും മൂന്നു സമനിലയുമാണ്. അതു സാധിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്താം. എങ്കില്‍ ക്വാര്‍ട്ടറില്‍ ജര്‍മനിയേയും ബെല്‍ജിയത്തിനേയും ഒഴിവാക്കുകയും ചെയ്യാം.
ക്വാര്‍ട്ടറിനപ്പുറം കളി വേറൊരു തലത്തിലാണ്. അവിടെ കുറുക്കു വഴികളൊന്നുമില്ല. ആത്മവിശ്വാസവും കൃത്യതയും വിജയതൃഷ്ണയും ക്ഷമതയും മനോനിയന്ത്രണവും ഉള്ളവര്‍ ജയിച്ചു കയറും. ഓരോ കളിക്കാരനും 80 ശതമാനമെങ്കിലും പൂര്‍ണത കളിയില്‍ പുലര്‍ത്തണം. അര ചാന്‍സ് പോലും ഗോളാക്കാന്‍ കഴിഞ്ഞിരിക്കണം. പെനല്‍റ്റി കോര്‍ണറുകളാണ് എന്നും നമ്മുടെ കൈമുതല്‍. അതു വിടാതെ പിടിക്കണം. സ്പെഷ്യലിസ്റ്റുകളായ ഹര്‍മന്‍പ്രീത്, രൂപിന്ദര്‍പാല്‍, അമിത് രോഹിത്ദാസ്- ഗെറ്റ് റെഡി…! സ്വന്തം 23 യാര്‍ഡ് ഏരിയയില്‍ അനാവശ്യ പിഴവുകള്‍ (അണ്‍ഫോഴ്സ്ഡ് എറര്‍) ഒഴിവാക്കണം. ആധുനിക ഹോക്കിയിലെ മര്‍മസ്ഥാനമാണല്ലോ ഇവിടം. ഉയര്‍ന്ന പാസുകളില്‍ ഡിഫന്‍ഡര്‍മാര്‍ ആശാന്‍മാരായി വിരാജിക്കണം. പരസ്പര ധാരണ കൈവിടരുത്. ആശയവിനിമയം കൃത്യമായിരിക്കണം. മഞ്ഞ കാര്‍ഡു വാങ്ങുന്ന സ്വഭാവമുണ്ട് ഇന്ത്യക്കാര്‍ക്ക്. അപകടമാണത്. ഒരു മഞ്ഞ കാര്‍ഡെന്നതിന് അര്‍ഥം അഞ്ചു മിനിറ്റ് ഒരാള്‍ പുറത്ത് എന്നാണ്. ടീം പത്തുപേരിലേക്കു ചുരുങ്ങും. അതുമതി ചിലപ്പോള്‍ കളിതന്നെ കൈവിട്ടുപോകാന്‍. പെനല്‍റ്റി കോര്‍ണര്‍ മുതലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് അതു തടയുന്നതും. ഇതെല്ലാം കളത്തിലെ 11 കളിക്കാരുടെ മനസ്സിലും വേണം.
സ്ഥിരത പ്രധാനം
കളത്തിലിറങ്ങും മുന്‍പ് കൃത്യമായ ഗെയിം പ്ലാന്‍ വേണം. അത് ഓരോരുത്തരും കൃത്യമായി പാലിക്കണം. കൊവിഡ് നിയന്ത്രണങ്ങളെ പേടിക്കരുത്. അതു നമ്മളെ മാത്രമല്ല എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. എല്ലാം വിട്ട്, മനസ്സിനെ പാകപ്പെടുത്തുക, ശക്തിപ്പെടുത്തുക. ഓര്‍ക്കണം, കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മികച്ച ടീമായിരുന്നു ഇന്ത്യയുടേത്. പക്ഷേ, കളത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ കഴിയാതെ പോയി. അതിന്റെ ഫലം നമ്മള്‍ കണ്ടു. ഈ ടീം അങ്ങനെയാകരുത്. സ്ഥിരത ആര്‍ജിക്കണം. എനിക്ക് ഉറപ്പുണ്ട്, പോഡിയത്തില്‍ കയറാന്‍ അര്‍ഹതയുള്ള ടീമാണിത്. ശ്രീജേഷിലേക്കു തിരിച്ചു വരട്ടെ. മെഡല്‍ നിലയിലേക്ക് ഇന്ത്യയെ നയിക്കുന്നതു ശ്രീ ആയിരിക്കും. എല്ലാ ഭാവുകങ്ങളും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: