തിരുവനന്തപുരം: കൊല്ലം നഗരഹൃദയത്തില്‍ വൈഎംസിഎ അനധികൃതമായി കൈവശം വച്ചിരുന്ന കോടികള്‍ വിലയുള്ള ഭൂമിയില്‍ ഇനി ആറു സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ഭൂമിയിലെ കെട്ടിടത്തില്‍ നാഷണല്‍ ഹൈവേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിനു പുറമെ അഞ്ചു സര്‍ക്കാര്‍ ഓഫീസുകള്‍ കൂടി കെട്ടിടത്തിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇതിനിടെ സര്‍ക്കാര്‍ നടപടിക്കെതിരെ വൈഎംസിഎ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലം ആണ്ടാമുക്കത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന താലൂക്ക് സപ്ലൈ ഓഫീസ്, കൊല്ലം ആശ്രാമത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസ്, വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ് തൃക്കടവൂര്‍ യൂണിറ്റ്, ജില്ലയില്‍ പുതുതായി അനുവദിച്ച പിന്നാക്ക വികസന വകുപ്പ് മേഖലാ ഓഫീസ്, ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (ധനകാര്യവകുപ്പ്) എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടത്തിലേക്ക് മാറ്റാന്‍ വെള്ളിയാഴ്ച കളക്ടര്‍ ഉത്തരവിട്ടത്. ഇതിനായി കൊല്ലം തഹസീല്‍ദാറെ ചുമതലപ്പെടുത്തുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സര്‍ക്കാര്‍ നടപടികളില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഹര്‍ജി പരിഗണിച്ച സമയത്തെ തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പത്ത് ദിവസങ്ങള്ക്കുശേഷി ഹര്‍ജി പരിഗണിക്കാമെന്നും സര്‍ക്കാരിനോട് വാദങ്ങള്‍ എതിര്‍വാദം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.15 മുതലുള്ള സ്ഥിതി തുടരാന്‍ പറഞ്ഞതിനാല്രെ കേസ് തീര്‍പ്പാകുംവരെ സര്‍ക്കാര്‍ ഓഫീസുകള്‍ കെട്ടിടത്തിലേക്ക് മാറ്റിയ നടപടി നിലനില്ക്കും.
കുത്തകപാട്ടം വഴി കിട്ടിയ ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന വാദമുയര്‍ത്തി ആറു കോടിയിലധികം രൂപ പാട്ടക്കുടിശ്ശിക വരുത്തിയ 50 കോടിയോളം വിലവരുന്ന ഭൂമി കൈക്കലാക്കിയ വൈഎംസിഎ ഭൂമിയിലെ കെട്ടിടം വാണിജ്യആവശ്യങ്ങള്‍ക്ക് നല്കി ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുകയായിരുന്നു. 2007 മുതല്‍ നീണ്ട നിയമനടപടിക്രമങ്ങള്ക്കൊടുവിലാണ് കഴിഞ്ഞ ദിവസം റവന്യു അധികൃതര്‍ ഭൂമി ഒഴിപ്പിച്ച് സര്‍ക്കാര്‍ വക ബോര്‍ഡ് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: