ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാന് സ്ഥാനപതി നജിബുല്ല അലിഖിലിന്റെ മകളെ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയി. അപരിചിതര്‍ ഇസ്ലാമബാദില്വച്ച് കടത്തിക്കൊണ്ടുപോയി ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യമന്ത്രാലയം പറയുന്നു. ജിന്ന സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് വീട്ടിലേക്കു പോകുംവഴിയായിരുന്നു 26-കാരിയായ സില്‍സില അലിഖിലിനെ തട്ടിക്കൊണ്ടുപോയത്. അക്രമികൾ മോചിപ്പിച്ച സില്സിലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ചികിത്സയിലാണെന്നും അഫ്ഗാന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
നിഷ്ഠൂര പ്രവൃത്തിയെ അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ അപലപിച്ചു. ഒപ്പം പാക്കിസ്ഥാനിലുള്ള രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെയും സുരക്ഷയില്‍ ആശങ്കയും പ്രകടിപ്പിച്ചു. അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷയൊരുക്കാന്‍ ആവശ്യമായ അടിയന്തര നടപടിയെടുക്കാന്‍ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. വിഷയം പാക്കിസ്ഥാനുമായി സംസാരിച്ചുവരികയാണെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
കഴിയുന്നത്ര വേഗത്തില്‍ കുറ്റക്കാരെ കണ്ടെത്തി വിചാരണ ചെയ്യണമെന്നും അഫ്ഗാനിസ്ഥാന് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കൊണ്ട് അഫ്ഗാനിസ്ഥാന്റെ മൂന്നിലൊന്ന് ഭൂപ്രദേശം താലിബാന് കയ്യടക്കി കഴിഞ്ഞു. താലിബാനെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നടപടിയെ അഫ്ഗാനിസ്ഥാന് നിരന്തരം കുറ്റപ്പെടുത്തിവരുന്നതിനിടെയാണ് പുതിയ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: