ന്യൂദല്‍ഹി: ഓണത്തിനും ക്രിസ്മസിനും സംസ്ഥാനം അടച്ചിടുകയും ബക്രീദിന് സര്‍വ്വത്ര ഇളവും നല്‍കുന്നതിലുളള യുക്തി എന്താണെന്ന മനസ്സിലാകുന്നില്ലെന്ന് കേന്ദ്ര വിദേകാര്യ സഹ മന്ത്രി വി. മുരളീധരന്. ജനങ്ങളുടെ കഷ്ടപ്പാടുകളെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന രീതി ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരുകള്‍ക്ക് യോജിച്ചതല്ല. സര്‍ക്കാര്‍ എല്ലാവരുടേതുമാകണമെന്നും വി. മുരളീധരന് പറഞ്ഞു.
വ്യാപാരമേഖലയുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തും. വ്യാപാരികള്‍ ആത്മഹത്യാ വക്കിലാണ്. പിടിവാശി ഉപേക്ഷിച്ച് അശാസ്ത്രീയ ലോക്ഡൗണ്‍ രീതിയില്‍ നിന്ന് പിന്മാറാന് കേരള സര്‍ക്കാര്‍ തയാറാകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷം താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുടെ ഉപദേശത്തിനനുസരിച്ചാണ് കൊവിഡിനെ നിയന്ത്രിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ശ്രമിച്ചു കൊണ്ടിരുന്നത്. ലോകാരോഗ്യ സംഘടനയും കേന്ദ്ര സര്‍ക്കാരും പിന്തുടരുന്ന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനങ്ങളെ കുരുതി കൊടുത്തെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ രീതികള്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: