തിരുവനന്തപുരം: വിവരാകാശ രേഖപ്രകാരം മറുപടി നല്കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിച്ച റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലകന്റെ നടപടിക്കെതിരെ പ്രതിഷേധം പുകയുന്നു.
മരംമുറിയില്‍ പ്രാണകുമാര്‍ എന്ന വിവരവകാശപ്രവര്‍ത്തകന്‍ നല്കിയ അപേക്ഷയില്‍ മറുപടി നല്‍കിയതിനാണ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകന്‍ റദ്ദാക്കിയത്. മുട്ടില്‍ മരംകൊള്ള പുറത്തുകൊണ്ടുവന്ന വിവരാവകാശ രേഖകള്‍ ചട്ടപ്രകാരം നല്കിയ ഉദ്യോഗസ്ഥയോടുള്ള കേരളസര്‍ക്കാരിന്റെ സമീപനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എന്താണ് പറയാനുള്ളതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് ചോദിച്ചു. ഒരിക്കല്‍ നല്കിയ ഗുഡ് സര്‍വ്വീസ് എന്‍ട്രി റദ്ദാക്കുന്നത് കേട്ട് കേള്‍വിയില്ലാത്ത പ്രതികാരനടപടിയാണെന്നും സിപിഎം ഇതിനോട് മൗനം പാലിക്കുന്നതെന്താണെന്നും മുരളീധരന് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
റവന്യൂ വകുപ്പില്‍ നടക്കുന്ന നടപടികള്‍ മന്ത്രി അറിയുന്നുണ്ടോ എന്ന പരിഹാസചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതികരിച്ചു. ഇടതുപക്ഷം ആരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷകേരളം പരിപാടിയുടെ ഭാഗമാണോ ഈ നടപടിയെന്നും വി.ഡി. സതീശന് ചോദിച്ചു.
ഇതിനിടെ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിനെതിരെ നടപടി ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്ത്തകന് അഡ്വ. സി. ആര് പ്രാണകുമാര്‍ പരാതി നല്‍കും. ജയതിലക് വിവരാവകാശ നിയമം അട്ടിമറിക്കുന്നു എന്നാണ് ആരോപണം. ജയതിലകിനെതിരെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുമെന്ന് അഡ്വ. സി ആര് പ്രാണകുമാര്‍ പറഞ്ഞു. കെപിസിസി ഭാരവാഹി കൂടിയാണ് പ്രാണകുമാര്‍. തിങ്കളാഴ്ച പരാതി നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: