രാജാക്കാട്: രാജാക്കാട് പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലായിട്ടും തിരുഞ്ഞുനോക്കാതെ അധികൃതര്‍. കോടികള്‍ ചെലവിടുന്ന റോഡുകള്‍ നിര്‍മിക്കുന്നതിന് തിടുക്കം കാട്ടുന്ന അധികാരികള്‍ പക്ഷേ ഗ്രാമീണ റോഡുകളുടെ ശോചാവസ്ഥ ശ്രദ്ധിക്കാറില്ല.
സാധാരണ ജനങ്ങള്‍ സഞ്ചരിക്കുന്ന പ്രാദേശിക റോഡുകള്‍ പലതും കാല്‍നട പോലും ദു:സഹമായി മാറി. മുല്ലക്കാനത്ത് നിന്ന് ആനപ്പാറക്ക് പോകുന്ന റോഡ് പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടു് നാളുകളായി. മുല്ലക്കാനത്ത് നിന്നും ആനപ്പാറ, കള്ളിമാലി, ചെരിപുറം, പനിച്ചിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡിന്റെ അവസ്ഥ ശിലായുഗത്തെപ്പോലും നാണിപ്പിക്കുന്നതാണ്. ആയിരക്കണക്കിനുള്ള ജനങ്ങളുടെ സഞ്ചാര പാതയാണിത്. ഓട്ടോറിക്ഷകളെയാണ് ഈ വഴിക്കുള്ള യാത്രക്കാര്‍ കൂടുതലായും ആശ്രയിക്കുന്നത്.
റോഡിന്റെ ഗതികേട് കാരണം വണ്ടി വിളിച്ചാല്‍ വരാത്ത സ്ഥിതിയാണുള്ളത്. നിത്യനിദാന ആവശ്യങ്ങള്‍ക്ക് വ്യാപാര സ്ഥാപനങ്ങളിലും രോഗ നിവാരണത്തിനായി ആശുപത്രിയിലേക്കും നൂറ് കണക്കിനാളുകളാണ് ദിവസേന ഈ റോഡിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഈ ദുരവസ്ഥയൊന്നും അധികാരികള്‍ കണ്ടഭാവം നടിക്കാറില്ല.
മറ്റ് സ്ഥലങ്ങളിലെ റോഡുപണിയുമായി ബന്ധപ്പെട്ടുള്ള കരിങ്കല്‍ ക്രഷര്‍ പ്രവര്‍ത്തിക്കുന്നതും ഈ വഴിക്കരികിലാണ്. നിത്യേന നിരവധി ടോറസ് ഉള്‍പ്പെടെയുള്ള ഭാരവണ്ടികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. സാധാരണക്കാരുടെ യാത്രാസ്വാതന്ത്രം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാത്ത അധികാരികളുടെ നിഷേധ നിലപാടിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: