ഇടതുമുന്നണി ഭരണത്തിലെ മറ്റൊരു വന്‍ തട്ടിപ്പുകൂടി പുറത്തായിരിക്കുന്നു. തിരുവനന്തപുരം നഗരസഭയില്‍ പട്ടികജാതി ക്ഷേമ ഫണ്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ചില ഉദ്യോഗസ്ഥര്‍ പ്രതികളായിട്ടുണ്ടെങ്കിലും തട്ടിപ്പിന് സൂത്രധാരത്വം വഹിച്ച ഡിവൈഎഫ്ഐ നേതാവിനെയും, പണം കൈപ്പറ്റിയെന്നു കരുതപ്പെടുന്ന സിപിഎം നേതാക്കളെയും പോലീസ് സംരക്ഷിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് കടമുറി പണിയാനുള്ള പണവും, വിവാഹ ധനസഹായമായി അനുവദിക്കുന്ന തുകയും യഥാര്‍ത്ഥ ഗുണഭോക്താക്കളെ കബളിപ്പിച്ച് തട്ടിയെടുക്കുന്ന രീതി കാലങ്ങളായി തുടരുകയായിരുന്നു. ആനുകൂല്യം ലഭിക്കേണ്ടവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയശേഷം മറ്റൊരാളുടെ അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇതിന് നേതൃത്വം നല്കിയ പ്രതിന് സാജ് കൃഷ്ണ തന്റെയും മാതാപിതാക്കളുടെയും അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് പുറത്തുവന്നിരിക്കുന്നത്. എസ്എഫ്ഐയിലൂടെ നേതാവായ ഇയാള്‍ നിലവില്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാന സമിതിയംഗമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള, ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് ഇന്ന് മന്ത്രിമാരായിരിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇത്തരം ബന്ധങ്ങളുപയോഗിച്ചാണ് ഇയാള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നതും പണക്കാരനായതെന്നുമുള്ള ആക്ഷേപം സിപിഎമ്മുകാര്‍ക്കു പോലുമുണ്ടത്രേ.
സംഘടിതവും ആസൂത്രിതവുമായ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. എസ്സി പ്രമോട്ടര്‍മാര്‍ വഴിയാണ് പട്ടികജാതി ക്ഷേമ ഫണ്ടിന്റെ ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നത്. എസ്സി പ്രമോട്ടര്‍മാരെ നിശ്ചയിക്കുന്നതുപോലും തട്ടിപ്പിന് കളമൊരുക്കാനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍നിന്നാണ് പ്രമോട്ടര്‍മാരെ നിയമിക്കുക. പ്രമോട്ടര്‍മാരാവാന്‍ അപേക്ഷിക്കുന്നവരില്‍നിന്ന് സിപിഎമ്മിന് താല്‍പ്പര്യമുള്ളവരെ മാത്രമേ നിയമിക്കൂ. ഇവരിലൂടെ കണ്ടെത്തുന്ന ഗുണഭോക്താക്കളെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി വേണ്ടപ്പെട്ടവര്‍ക്കു മാത്രം ധനസഹായം കൊടുക്കുകയാണ് ചെയ്യുന്നത്.ഇതിന് കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയും ലഭിക്കുന്നു. അര്‍ഹതയുള്ള ഗുണഭോക്താക്കളെ പലതരത്തില്‍ കബളിപ്പിച്ചാണ് ഫണ്ട് തട്ടിയെടുക്കുന്നത്. നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പായതിനാല്‍ ഇത് പുറത്തുവരാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനുമാണ് പാര്‍ട്ടി നേതാക്കള്‍ക്ക് വിഹിതം നല്‍കുന്നത്. തിരുവനന്തപുരത്തെ ചില സിപിഎം നേതാക്കളും ഇപ്രകാരം വന്‍തോതില്‍ പണം കൈപ്പറ്റിയതായാണ് പുറത്തുവരുന്ന വിവരം. ഇതുകൊണ്ടാണ് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവനായ, തട്ടിപ്പിന്റെ സൂത്രധാരനായി കരുതപ്പെടുന്ന പ്രതിന് സാജ് കൃഷ്ണയിലേക്ക് അന്വേഷണം നീളാത്തത്. ഇടതുമുന്നണി ഭരണത്തില്‍ മറ്റു പല അഴിമതിക്കേസുകളുടെ കാര്യത്തിലെന്നപോലെ ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കി സിപിഎമ്മുകാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് തിരുവനന്തപുരത്തെ പട്ടികജാതി ഫണ്ട് തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്. ഇക്കാര്യം അന്വേഷിക്കുമെന്നും, ഇതില്‍ പങ്കുണ്ടെങ്കില്‍ ഏത് ഉന്നതര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും ബന്ധപ്പെട്ട വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് ഉടന്‍ പ്രതികരണമുണ്ടായി. മന്ത്രിയെ ഫോണില്‍ വിളിച്ച് ഒരാള്‍ വധഭീഷണി മുഴക്കി. പരാതിയെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായെങ്കിലും മഞ്ഞുമലയുടെ മേല്‍ത്തുമ്പു മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തട്ടിപ്പില്‍ ഉന്നതന്മാര്ക്ക് പങ്കുണ്ടെന്നത് മന്ത്രി രാധാകൃഷ്ണനെതിരായ വധ ഭീഷണിയില്‍നിന്നു വ്യക്തമാണ്. ഉന്നതന്മാരുടെ പിന്തുണയില്ലെങ്കില്‍ മന്ത്രിക്കെതിരെ പോലും വധഭീഷണി മുഴക്കാനുള്ള ധൈര്യം ഉണ്ടാവില്ലല്ലോ. തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണെന്നു വേണം ഊഹിക്കാന്‍. ഈ തട്ടിപ്പ് തിരുവനന്തപുരത്തു മാത്രം ഒതുങ്ങിനില്‍ക്കാനുള്ള ഒരു സാധ്യതയുമില്ല. സിപിഎമ്മിന്റെ പിന്‍ബലത്തില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പലതരം തട്ടിപ്പുകളില്‍ ഒന്നു മാത്രമാണിതെന്ന് കരുതേണ്ടിയിരിക്കുന്നു. പാര്‍ട്ടിയില്‍പ്പെടുന്ന ക്രിമിനലുകളെയും തട്ടിപ്പുകാരെയും എന്തു വില കൊടുത്തും സംരക്ഷിക്കുന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. അധികാരം ഇതിനുള്ളതാണെന്ന ഉറച്ചബോധ്യമാണ് അവര്‍ക്കുള്ളത്. ഈ കേസ് പോലീസ് സംരക്ഷിക്കുന്നത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടി മാത്രമായിരിക്കും. കോടതിയുടെ മേല്‍നോട്ടത്തിലുള്ള സമഗ്രമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയും കുറ്റവാളികള്‍ പിടിക്കപ്പെടുകയും ചെയ്യുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: