പാലാ: കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മധ്യപ്രദേശ് യുവതി മരിച്ചു. നെഹ ശ്രീവാസ് (31) ആണ് മരിച്ചത്. പാലാ സ്റ്റേഡിയത്തിന് സമീപം ളാലം തോട്ടില്‍ വ്യാഴാഴ്ച രാവിലെ 11.15ഓടെയാണ് സംഭവം.
പാലായില്‍ ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരും മധ്യപ്രദേശ് സ്വദേശികളുമായ നെഹ (31), ബിന്ധ്യ (28), രണ്‍ബീര്‍, സുജുലാല്, ചന്ദ്ര് എന്നിവര്‍ പുഴകര കടവില്‍ കുളിക്കാനിറങ്ങി. എന്നാല്‍ ശക്തമായ ഒഴുക്കുള്ള ഇവിടെ കുളിക്കുന്നത് സമീപവാസിയായ വീട്ടമ്മ വിലക്കിയിരുന്നു. തങ്ങള്‍ക്ക് നീന്തല്‍ വശമുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയെ തോട്ടില്‍ നീന്തിയും കാണിച്ചു. കുറച്ചു സമയത്തിനകം നെഹയും, ബിന്ധ്യയും ഒഴുക്കില്‍പെടുകയായിരുന്നു. ബിന്ധ്യ തോട്ടിലെ ചെടിയില്‍ പിടിച്ച് കിടന്നെങ്കിലും നെഹ 150 മീറ്ററോളം താഴോട്ട് ഒഴുകിപോയി.
ഇതേസമയം സ്റ്റേഡിയത്തില്‍ ജില്ലാ സ്പോര്‍ട് ഹോസ്റ്റലിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം നടക്കുകയായിരുന്നു. യുവാക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ എസ്. മനോജ്, സ്പോര്‍ട്സ് കൗണ്‍സില്‍ നീന്തല്‍ പരിശീലകന് വേണുഗോപാല്‍, അത്ലറ്റിക് പരിശീലകന് ബൈജു ജോസഫ് എന്നിവരാണ് തോട്ടിലിറങ്ങി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
പുഴക്കരപാലത്തിന് സമീപത്ത് നിന്നും നെഹയെ രക്ഷപെടുത്തി കരക്കെത്തിച്ചു. യുവതിയെ പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ച ശുശ്രൂഷകള്‍ നല്കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ രാത്രിയോടെ മരിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. നെഹയുടെ ഭര്‍ത്താവ് പരേതനായ സീതാറാം ശ്രീവാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: