ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നല്കുന്ന കാലയളവ് ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷത്തേക്ക് കൂടി വര്‍ദ്ധിപ്പിക്കണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥനയോട് കേന്ദ്ര ധനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചു. കിട്ടാനുള്ള ജിഎസ്ടി നഷ്ടപരിഹാരമായ 4,524 കോടി രൂപ എത്രയും വേഗം ലഭിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് പിടിച്ചു നില്‍ക്കാനാവില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാരം കാലതാമസമില്ലാതെ നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മനസ്സിലാക്കുന്നു. ഇതു പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.
സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്പാ പരിധി ഉപാധികളില്ലാതെ സ്റ്റേറ്റ് ജിഡിപിയുടെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു. വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരും കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണെന്നും കെ.എന്‍. ബാലഗോപാല്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഗൗരവമുള്ളതാണെന്നും ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെ മൈക്രോ ഫിനാന്‍സ് (എന്‍ബിഎഫ്സി) മുഖാന്തിരം 1.5 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ സെക്യൂരിറ്റിയില്ലാതെ ഇപ്പോള്‍ നടപടിയായിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്. വനിതാ തൊഴിലാളികള്‍ക്കും കുടുബശ്രീ പ്രവര്‍ത്തകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം എന്ന നിബന്ധനയുമില്ല. വ്യാപാരികളെ എംഎസ്എംഇ പ്രയോരിറ്റി സെക്ടര്‍ ലെന്‍ഡിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ധനകാര്യ മന്ത്രി അറിയിച്ചു. പ്രയോരിറ്റി സെക്ടര്‍ ലെന്‍ഡിംഗിന് അധികമായി 1.5 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനവും വ്യാപാരികള്‍ക്കു ലഭിക്കും. ഇതില്‍ തടസങ്ങളുണ്ടായാല്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനം ഉന്നയിച്ച വിഷയങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ഓണം കഴിഞ്ഞ് കേരളം സന്ദര്‍ശിക്കുമെന്നും അപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്കി. ഫിനാന്‍സ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: