കോഴിക്കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തീരുമാനപ്രകാരം, ദേശീയപാതയില്‍ വാഹന വേഗം രാജ്യം മുഴുവന്‍ 120 കിലോമീറ്റര്‍ വേഗം വണ്ടിയോടിയാലും കേരളത്തില്‍ പരിധി 80ന് അപ്പുറം പോകില്ല. ദേശീയപാതക്ക് രാജ്യമെമ്പാടും 65 മീറ്റര്‍ വീതി നിശ്ചയിച്ചപ്പോള്‍ ഇവിടെ 30 മീറ്റര്‍ മതിയെന്ന് സര്‍വകക്ഷിയോഗത്തില്‍ വികസന തീരുമാനമെടുത്ത കേരളത്തിന് അതാണ് വിധി. വന്‍ നഷ്ടമാണ് സംസ്ഥാനത്തിന് പലതലത്തില്‍ വരാന്‍ പോകുന്നത്.
റോഡിലെ വേഗം കുറയുമ്പോള്‍ ചരക്ക് നീക്കം തടസപ്പെടും. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളെ ആശ്രയിക്കുന്ന ആഗോള ചരക്കു കടത്ത് കമ്പനികള്‍ വേറേ തുറമുഖം നോക്കും. സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമാകും. വില കൂടിയ വാഹനങ്ങള്‍ വാങ്ങി, ഒച്ചിഴയും വേഗത്തില്‍ പോകാനേ കഴിയൂ എന്നതിനാല്‍ വാഹന വിപണിയെ ബാധിക്കും. അതും സംസ്ഥാനത്തിന് നഷ്ടം വരുത്തും. ഇതിലെല്ലാം ഉപരി, യാത്രയ്ക്ക് സമയം ലാഭിക്കാന്‍ ആയിരക്കണക്കിന് കോടി മുടക്കി അതിവേഗപ്പാത നിര്‍മ്മിക്കുന്നതിനു പകരം 120 കിലോമീറ്റര്‍ വേഗം സഞ്ചരിക്കാനായാല്‍ കേരളത്തിന് ദേശീയപാതകള്‍ മതി. നാലര മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടെത്താം. പക്ഷേ രാജ്യമാകെ അനുവദനീയ വേഗം 120 ആയിരിക്കെ, കേരളം 80 കിലോമീറ്ററില്‍ തുടരേണ്ടിവരും.
ദേശീയപാത എന്ന സങ്കല്‍പ്പംതന്നെ രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ വാഹന സഞ്ചാരത്തിന് തടസമില്ലാത്ത യാത്ര എന്നതാണ്. ഈ ആശയത്തില്‍ രാജ്യത്തെമ്പാടും ഒരേ നിയമവും ചട്ടവും പാലിക്കപ്പെടണമെങ്കിലും കേരളം അക്കാര്യത്തിലും മാറിനില്‍ക്കുകയാണ്. കേരളത്തില്‍ ദേശീയപാതയില്‍ വേഗം ചിലയിടങ്ങളില്‍ 40 കിലോമീറ്ററായിപ്പോലും നിയന്ത്രിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാരിക്കേഡുകളും ഹമ്പുകളും ഉള്ളതും കേരളത്തിലാണ്.
സംസ്ഥാനത്തെ ദേശീയ പാതയുടെ സ്ഥിതി അതിദയനീയമാണ്. ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പാത സംരക്ഷിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും അനാസ്ഥയാണ്. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് അതോറിറ്റിയും സംസ്ഥാനത്തെ അനുസരിക്കുന്നില്ലെന്ന് സര്‍ക്കാരും പഴിക്കുന്നു. എന്നാല്‍, രാജ്യത്ത് മറ്റെല്ലാവര്‍ക്കും ഉള്ള അവകാശം കേരളത്തില്‍ നിഷേധിക്കുന്നതാണ് സ്ഥിതി.
രാജ്യത്താകെ ദേശീയപാത 80 ശതമാനവും ആറുവരിയായിക്കഴിഞ്ഞു. പക്ഷേ, കേരളത്തില്‍ എല്ലായിടത്തും ഇനിയും നാലുവരിപ്പാത പോലുമായിട്ടില്ല. കൊടുങ്ങല്ലൂരില്‍ ദേശീയപാത 66ല്‍ മൂന്നര കിലോമീറ്റര്‍ ദൂരത്ത് 30ല്‍ അധികം പടുകുഴികളാണ്. റോഡില്‍ വഴിവിളക്കുമില്ല. ഇക്കാര്യത്തില്‍ 10 ദിവസത്തിനകം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് തൃശൂര്‍ കളക്ടര്‍ നോട്ടീസ് കൊടുത്തിട്ട് 12 ദിവസം കഴിഞ്ഞു. നടപടിയൊന്നുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: