ലണ്ടന്‍: അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജോണ്സണ് & ജോണ്സണ് കമ്പനിയുടെ സണ്‍സ്ക്രീന്‍ ഉത്ന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. ജോണ്സണ് & ജോണ്‍സണ്‍ന്റെ ന്യൂട്രോജെന, അവീനോ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള സണ്‍സ്ക്രീന്‍ ലോഷനുകളാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചത്.
ഈ ഉത്പന്നങ്ങളില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അര്‍ബുദത്തിന് കാരണമായേക്കാവുന്ന ഒരുതരം രാസവസ്തുവാണ് ബെന്‍സീന്‍. മുന്‍കരുതലിന്റെ ഭാഗമായി ന്യൂട്രോജെന ബീച്ച് ഡിഫന്‍സ്, ന്യൂട്രോജെന കൂള്‍ ഡ്രൈ സ്പോര്‍ട്, ന്യൂട്രോജെന ഇന്‍വിസിബിള്‍ ഡെയ്ലി ഡിഫന്‍സ്, ന്യൂട്രോജെന അള്‍ട്ര ഷീര്‍, അവീനോ പ്രൊട്ടക്ട് + റീഫ്രഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് കമ്പനി തിരിച്ചുവിളിച്ചത്. ബെന്‍സീന്‍ തങ്ങളുടെ ഉത്പ്പന്നങ്ങളില്‍ ഉള്‍പ്പെടുത്തുന്ന ഒരു ഘടകമല്ല. പക്ഷെ ചില സാമ്പിളുകളില്‍ ഇതിന്റെ അംശം കണ്ടത് കൊണ്ടാണ് ഉല്‍പ്പന്നങ്ങളെ തിരിച്ചു വിളിച്ചതെന്ന് ജോണ്സണ് & ജോണ്സണ് കമ്പനിയെ ഉദ്ധരിച്ച് കൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ക്രീമുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അത് നിര്‍ത്തണമെന്നും ഉത്പന്നം നശിപ്പിക്കണമെന്നുമാണ് കമ്പനി നിര്‍ദേശിക്കുന്നത്. ക്രീം ഉപയോഗിച്ചത് മൂലം എന്തെങ്കിലും പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നുമാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: