ചാരുംമൂട്: നൂറനാട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഏഴു വര്‍ഷം മുമ്പു നടന്ന ഒരു കൊലപാതകം പുനരന്വേഷണം നടത്തി ഡിസംബര്‍ മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. 2014 ജൂണ്‍ മാസം 18-ന് കുടശ്ശനാട്ടെ ഒരു ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഗോഡൗണിനുള്ളിലുണ്ടായ കൊലപാതക കേസാണ് വീണ്ടും പുന:രന്വേഷിക്കുന്നത്.
ബംഗാള്‍ സ്വദേശി സഞ്ജയ് ഒറനെന്ന തൊഴിലാളി തന്റെ കൂട്ടുകാരനും കൂടെ താമസക്കാരനുമായിരുന്ന കാലിയ എന്നു വിളിപ്പേരുള്ള ഹഫിജന് മുഹമ്മദിനെ തടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു അന്ന് നൂറനാട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
മാവേലിക്കര സെക്ഷന്‍സ് കോടതിയില്‍ നടന്ന കേസ് വിചാരണയെ തുടര്‍ന്ന് പ്രതിയായ സഞ്ജയനെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. വിധിക്കെതിരെ ഹൈക്കോടതിയില്‍ സഞ്ജയ് നല്കിയ അപ്പീല്‍ പരിശോധിച്ച ജസ്റ്റീസ്മാരായ എം. ആര്.അനിതയും കെ.വിനോദ് ചന്ദ്രയും അടങ്ങിയ ഡിവിഷണ് ബെഞ്ചാണ് പ്രതിയെ വെറുതേ വിട്ടു കൊണ്ട് ഉത്തരവിറക്കിയത്. ഈ കേസില്‍ വളരെയധികം പൊരുത്തക്കേടുകള്‍ കാണാന്‍ കഴിഞ്ഞതായും സത്യം പുറത്തു വരാന്‍ തീര്‍ച്ചയായും പുനരന്വേഷണം ആവശ്യമാണെന്നു ഡിവിഷണ് ബെഞ്ച് നിരീക്ഷിച്ചു. പുനരന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഫര്‍ണിച്ചര്‍ വര്‍കസ് ഷോപ്പിനോടു ചേര്‍ന്നുള്ള മുറിക്കുള്ളില്‍ താമസിച്ചിരുന്ന ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രോസിക്യൂഷന് കേസ്. എന്നാല്‍ ശമ്പളത്തെച്ചൊല്ലി സ്ഥാപന ഉടമയുടെ മകനുമായിട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും തന്നെ കേസില്‍ മന:പൂര്‍വ്വം കുടുക്കുകയായിരുന്നുയെന്നാണ് ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന സഞ്ജയ് കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നത് .ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഡയറി വിശദമായി അപ്പില്‍ കോടതി ഡിവിഷണ് ബെഞ്ച് പരിശോധിച്ചത്. കോടതി വെറുതെ വിട്ട സഞ്ജയ് സ്വദേശത്തേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: