ആലപ്പുഴ: മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം നീക്കം തുടങ്ങി. സുധാകരനെതിരെ വിചാരണ നടന്ന സിപിഎം ജില്ലാ നേതൃയോഗങ്ങളിലും സംസ്ഥാന കമ്മറ്റിയിലും അദ്ദേഹം പങ്കെടുത്തില്ലെങ്കിലും പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ സംഘടിപ്പിച്ച പരിപാടികളില്‍ സജീവമായിരുന്നു.
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് കൂടി സുധാകരനെ വെട്ടിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ സിപിഎമ്മില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെ പുതുതായി രൂപം കൊണ്ട ചേരിയുടെ പ്രവര്‍ത്തനം. സ്ത്രീധനത്തിനെതിരെ നടത്തിയ ക്യാമ്പയിന്, പെട്രോളിയം വിലവര്‍ദ്ധനവിനെതിരായ സമരം തുടങ്ങി പുന്നപ്രവടക്ക് ലോക്കല്‍ കമ്മറ്റിയടക്കം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് സംസ്ഥാന കമ്മിറ്റിയംഗമായ സുധാകരനായിരുന്നു.
ഇതിന് പിന്നാലെ മേല്‍ഘടകത്തിന്റെ അനുമതി ഇല്ലാതെ പ്രാദേശിക ഘടകങ്ങളുടെ പരിപാടിയില്‍ നേതാക്കളെ നിശ്ചയിക്കരുതെന്ന് ഏരിയ കമ്മറ്റി നിര്‍ദേശം നല്കി. ഇതോടെ ഏരിയ കമ്മിറ്റിയറിയാതെ സംസ്ഥാന കമ്മറ്റിയംഗമായ സുധാകരന് അദ്ദേഹത്തിന്റെ നാട്ടില്‍ പോലും പരിപാടികളില്‍ പങ്കെടുക്കാനാകാത്ത സ്ഥിതിയായി. എന്നാല്‍ സുധാകരനെ ലക്ഷ്യമാക്കിയാണ് ഈ നിര്‍ദേശമെന്ന വിമര്‍ശനം ഏരിയ നേതൃത്വം അംഗീകരിക്കുന്നില്ല. പാര്‍ട്ടി കീഴ്വഴക്കം പാലിക്കാനാണ് നിര്‍ദേശം നല്‍കിയതെന്നാണ് ഏരിയ നേതൃത്വത്തിന്റെ നിലപാട്. ബ്രാഞ്ച് കമ്മിറ്റികളുടെ പരിപാടികള്‍ ലോക്കല്‍ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റികളുടേത് ഏരിയ കമ്മിറ്റിയും അറിയണം. അതാണു പാര്‍ട്ടി രീതി. എന്നാല്‍, ചില സ്ഥലങ്ങളില്‍ മേല്‍ഘടകം അറിയാതെ നേതാക്കളെത്തി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതായി അറിഞ്ഞതുകൊണ്ടാണ് നടപടിയെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ സുധാകരനെ ലക്ഷ്യമാക്കിയാണ് നടപടിയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ജി. സുധാകരന്റെ തട്ടകമായ അമ്പലപ്പുഴ ഏരിയ കമ്മറ്റിയില്‍ നിലവില്‍ എതിര്‍പക്ഷത്തിന്റെ ആധിപത്യമാണ്. സുധാകരന് മുന്‍പ് പലരെയും വെട്ടിനിരത്തി നേതൃത്വത്തിലെത്തിച്ചവരാണ് ഇപ്പോള്‍ സുധാകരനെതിരെ വാളോങ്ങുന്നു എന്നതാണ് കൗതുകകരം.
അതിനിടെ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണ കമ്മിഷന് മുമ്പാകെ വോട്ടിന്റെ കണക്കുകളും മറ്റും വച്ചു പ്രതിരോധം തീര്‍ക്കാനാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ ശ്രമം. അമ്പലപ്പുഴയ്ക്കൊപ്പം മറ്റു പല മണ്ഡലങ്ങളിലെയും വോട്ട് താരതമ്യം ചെയ്താല്‍ സുധാകരനെതിരായ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം. ആലപ്പുഴ, കായംകുളം, മാവേലിക്കര മണ്ഡലങ്ങളിലും ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞതും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: