സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹാരംകാണുകയും ചെയ്യുന്ന കേരള വനിതാ കമ്മിഷന് ഇരുപത്തിയഞ്ചാം വര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. 1996 മാര്‍ച്ച് 14-നായിരുന്നു ആദ്യ കമ്മിഷന് കവയത്രി സുഗതകുമാരിയുടെ അധ്യക്ഷതയില്‍ രൂപീകരിക്കപ്പെട്ടത്. പരാതി പരിഹാരം, ബോധവത്കരണം എന്നീ സുപ്രധാനമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും അവര്‍ക്കെതിരായി ഉണ്ടാകുന്ന നീതിരഹിതവും വിവേചനപരവുമായ നടപടികളില്‍ ആവശ്യമായ അന്വേഷണം നടത്തി പരിഹാരം കാണുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ ശിപാര്‍ശകള്‍ നല്‍കുകയെന്നതാണ് കമ്മിഷന്റെ മുഖ്യമായ ചുമതല.
കുടുംബബന്ധങ്ങളിലെ താളപ്പിഴകളാല്‍ ശിഥിലമാകുമായിരുന്ന കുടുംബങ്ങളെ സ്നേഹപൂര്‍ണമായ ശാസനകളിലൂടെയും നിയമപരമായ മാര്‍ഗങ്ങളിലൂടെയും വിളക്കിച്ചേര്‍ക്കുക എന്ന ധര്‍മ്മമാണ് കമ്മിഷന്റെത്. കമ്മിഷന്റെ മുമ്പാകെ പ്രശ്നങ്ങള്‍ പറഞ്ഞുകഴിയുമ്പോള്‍ പരാതിക്കാരിയും എതിര്‍കക്ഷികളും പരസ്പരം വിട്ടുവീഴ്ച്ചയ്ക്ക് തയാറാകുകയും കൂടുതല്‍ നിയമപ്രശ്നങ്ങളിലേക്ക് കടക്കാതെ പരിഹാരം ആഗ്രഹിക്കുകയുമാണ് പലപ്പോഴും ചെയ്യുന്നത്. അതിലേക്ക് നയിക്കുകയാണ് കേരള വനിതാ കമ്മിഷനില്‍ ലഭിക്കുന്ന പരാതികളില്‍ മേലുള്ള നടപടികളിലൂടെ.ബഹുഭൂരിപക്ഷം പ്രശ്നങ്ങള്‍ക്കും ആധാരം സാമ്പത്തിക ഭദ്രതയില്ലായ്മയും, ലഹരിവസ്തുക്കളുടെ ഉപയോഗവും, പരസ്ത്രീ-പരപുരുഷ ബന്ധങ്ങളുമാണ്. സ്ത്രീധനം എന്ന നിയമവിരുദ്ധമായ പ്രവൃത്തിയാണ് പരാതികള്‍ക്ക് ആധാരമാകുന്ന മറ്റൊരു കാരണം. സ്ത്രീക്ക് നേരെ സോഷ്യല്‍മീഡിയയെ ആയുധമാക്കുന്നത് പരാതിയായിയെത്തുന്നു. വാക്കാലുള്ള ലൈംഗിക അധിക്ഷേപം വേറെയും. ശാരീരികവും മാനസികവുമായി പൊതുവേ അബലകളായ സ്ത്രീകളും സമൂഹത്തില്‍ പൊതുവേയുള്ള ആണ്കോയ്മയും പൂര്‍ണമായും സ്ത്രീപ്രശ്നരഹിതമായ ഒരു സമൂഹം എന്ന സങ്കല്പങ്ങള് ഒരിക്കലും യാഥാര്ഥ്യമാക്കുന്നില്ല.
ഭര്‍ത്താവ് കൈവശപ്പെടുത്തിയ സ്വര്‍ണത്തിന് പകരമായി അയാളെക്കൊണ്ട് ഭാര്യക്ക് വസ്തുവകകള്‍ എഴുതിവാങ്ങിപ്പിക്കുക, കുടുംബത്തിന് ചെലവും താമസവും ഉത്തരവാദിത്തപ്പെട്ട പുരുഷന്മാരില് നിന്ന് വാങ്ങി നല്‍കുക, ഒറ്റപ്പെട്ടുപോയ വൃദ്ധമാതാക്കള്ക്ക് തുണയാകുക തുടങ്ങിയ സങ്കീര്‍ണമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ക്കാണ് കമ്മിഷന് പരിഹാരമാക്കിയിട്ടുള്ളത്. വനിതാ കമ്മിഷനില്‍ ലഭിക്കുന്ന പരാതികള്‍ കേസ് വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. പരാതി ലഭിച്ചാല്‍ മേല്‍ അന്വേഷണം വേണ്ട കേസുകളില്‍ പോലീസും മറ്റു ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും വസ്തുതാ റിപ്പോര്‍ട്ട് വാങ്ങി പരിശോധിച്ചതിനുശേഷം പരാതിക്കാരില്‍ നിന്നും എതിര്‍കക്ഷികളില്‍ നിന്നും തെളിവെടുത്ത് യുക്തമായ തീരുമാനം കമ്മിഷന് കൈക്കൊള്ളുന്നു. പരാതികളില്‍ അദാലത്തുകള്‍ നടത്തി സമയബന്ധിതമായി തീരുമാനമെടുക്കുന്നു. കോടതി വ്യവഹാരങ്ങള്‍, കൗണ്‍സലിങ്, തുടങ്ങിയ കൂടുതല്‍ കാലതാമസം വരുന്ന അവസരത്തില്‍ പരാതി തീര്‍പ്പാകാന്‍ വൈകുന്നത് സ്വാഭാവികമാണ്. നിലവിലുള്ള കമ്മിഷന്റെ കാലയളവിലാണ് പരാതിക്കാര്‍ക്ക് സൗകര്യപൂര്‍വം പരാതി നല്‍കുന്നതിനുള്ള കേന്ദ്രം കമ്മിഷന് ആസ്ഥാനത്ത് ആരംഭിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കമ്മിഷന്റെ വടക്കന്‍ മേഖലാ ഓഫീസ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതും നിലവിലുള്ള കമ്മിഷന്റെ കാലയളവിലാണ്.
കമ്മിഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ വിളംബരമായി ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ഫെബ്രുവരി 23ന് നിര്‍വഹിച്ചിരുന്നു. കമ്മിഷന്റെ മറ്റൊരു പ്രധാനപ്പെട്ട പരിപാടിയായ ബോധവത്കരണം നടന്നുകൊണ്ടിരിക്കുകയാണ്. നാല് വര്‍ഷത്തിനിടയില്‍ വിവിധ പദ്ധതികളിലായി 1738 ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. സ്ത്രീകളുമായി ബന്ധപ്പെട്ട വൈവിധ്യമായ പ്രശ്നങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് കേരള വനിതാ കമ്മിഷന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്.
2017-2021 കാലയളവില്‍ വിവിധ വിഷയങ്ങളിലായി 594 സെമിനാറുകള്‍, 91 വിവാഹപൂര്‍വ കൗണ്‍സലിങ്, 137 ജാഗ്രതാ സമിതി പരിശീലനങ്ങള്‍ 916 കലാലയജ്യോതി പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. കൊറോണ മഹാമാരിയുടെ പ്രതികൂല സാഹചര്യമായിരുന്നിട്ടുകൂടി 2020-21 വര്‍ഷത്തില്‍ 117 സെമിനാറുകളും 48 ജാഗ്രതാ സമിതി പരിശീലനവും 22 വിവാഹപൂര്‍വ കൗണ്‍സലിങും 245 കലാലയജ്യോതി പരിപാടികളും ഉള്‍പ്പെടെ 432 പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു.വിദ്യാര്‍ഥികളെ സാമൂഹിക വിപത്തുകളായ മദ്യം, മയക്കുമരുന്ന്, സ്ത്രീധനം, ഇവയ്ക്കെതിരെ പൊരുതുവാനും സുരക്ഷിതമായി ജീവിതം നയിക്കുവാനും പ്രേരണ നല്കുന്ന കലാലയജ്യോതി പരിപാടി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കോളജുകളിലുമായാണ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടനുബന്ധിച്ച പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്കിവരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നിരവധി ഗവേഷണ പഠനങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ കുറഞ്ഞു വരുന്ന ആണ്-പെണ് ശിശു അനുപാതം, കേരളത്തിലെ സ്ത്രീ സംരംഭകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, ജയില്‍ ശിക്ഷ അനുഭവിച്ച സ്ത്രീകളുടെ പ്രശ്നങ്ങള്‍, മാധ്യമങ്ങളിലെ സ്ത്രീ സങ്കല്പം; ടിവി സീരിയലുകളും പരസ്യങ്ങളും കൗമാരക്കാരില്‍ ചെലുത്തുന്ന സ്വാധീനം തുടങ്ങിയവയാണ് പൂര്‍ത്തിയായ ഗവേഷണ പഠനങ്ങള്‍. പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകള്‍ക്കിടയിലുണ്ടായ സാമൂഹിക മാറ്റങ്ങള്‍, മാധ്യമങ്ങളിലെ സ്ത്രീ സങ്കല്പം: കൗമാര പ്രായക്കാര്‍ക്കിടയില്‍ ടി.വി സീരിയലുകളും പരസ്യങ്ങളും ചെലുത്തുന്ന സ്വാധീനം, തുടങ്ങിയ പതിനഞ്ചോളം വിഷയങ്ങളില്‍ പഠനം നടന്നുവരുന്നു.
ശ്രീകാന്ത് എം. ഗിരിനാഥ്
(വനിതാകമ്മീഷന് പിആര്‍ഒ ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: