‘ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം അവലോകന യോഗത്തില്‍ ചര്‍ച്ചയായി. ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള മരുന്നാണ്. എന്നാല്‍, ഇത് സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂര്ണമായാല് ഉടനെ പരിശോധന തുടങ്ങും’ 2020 മാര്‍ച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയന്് കൊവിഡ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണിത്. കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്യൂബന്‍ സഹായം തേടാനൊരുങ്ങുന്നത് ദേശാഭിമാനി വലിയ വാര്‍ത്തയുമാക്കി.
‘കൊവിഡിനെതിരെ ക്യൂബ വികസിപ്പിച്ച വാക്സിനുകള്‍ നിലവില്‍ ഉപയോഗത്തില്‍ ഉള്ളവയേക്കാള്‍ ഫലപ്രദമെന്ന് പഠനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ വികസിപ്പിച്ച ‘സൊബെറാന 2’ 91.2 ശതമാനം ഫലപ്രദമെന്ന് മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞു. അബ്ദല വാക്സിന് 92.8 ശതമാനം ഫലപ്രദമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 ദിവസത്തെ ഇടവേളയില്‍ മൂന്ന് ഡോസ് വാക്സിനാണ് നല്‍കേണ്ടത്. ‘സൊബെറാന’യില്‍ മൂന്നാം ഡോസായി ‘സൊബെറാന പ്ലസ്’ നല്കുന്നു. റഫ്രിജറേറ്ററില്‍ രണ്ടുമുതല്‍ എട്ടുവരെ ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാമെന്നതും പ്രത്യേകതയാണ്. കണ്‍ജുഗേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യ കോവിഡ് വാക്സിനുകളാണ് ഇവ. വൈറസിന്റെ സ്പൈക്ക് പ്രോട്ടീന്‍ കൃത്രിമ പദാര്‍ഥവുമായി കൂട്ടിച്ചേര്‍ത്താണ് അബ്ദല വാക്സിന് നിര്‍മിച്ചിരിക്കുന്നത്. ടെറ്റനസ് വാക്സിനുമായി ചേര്‍ത്താണ് സൊബെറാന തയ്യാറാക്കിയിരിക്കുന്നത്. വാക്സിനിലെ വൈറസ് ആന്റിജന്‍ മനുഷ്യ ശരീരത്തില്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കാനാണ് ഇത്. ആഗസ്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും വര്‍ഷാന്ത്യത്തോട മുഴുവന്‍ പേര്‍ക്കും വാക്സിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യ, പാകിസ്ഥാന് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളും ആഫ്രിക്കന്‍ യൂണിയനും വാക്സിന് ഇറക്കുമതി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്’ എന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത.
ക്യൂബയില്‍ നിന്ന് വാക്സിന് എത്തിക്കുമെന്ന് മന്ത്രിയായിരുന്ന എം.എം. മണി പ്രഖ്യാപിക്കുകയും പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി ക്യൂബന്‍ ആരോഗ്യ മാതൃകയുടെ മഹത്വം പാടി ഫേസ് ബുക്ക് പോസ്റ്റിടുകയും ചെയ്തു. വര്‍ഷം ഒന്നര കഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നത് ക്യൂബയില്‍ കൊവിഡ് മൂലം രോഗികള്‍ പിടഞ്ഞു മരിക്കുന്നതിന്റേയും വാക്സിന് വേണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുന്നതിന്റേയും വാര്‍ത്തകളാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്യൂബയില്‍ അനുഭവപ്പെടുന്ന ക്ഷാമത്തിനെതിരെയാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമ്മ്യൂണിസം മടുത്തു തങ്ങള്‍ക്ക് സ്വാതന്ത്ര്യവും വാക്സനും ആഹാരവുമെത്തിക്കുമെന്നാണ് പ്രതിഷേധക്കാര്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ സമ്പത്തിക മേഖല തകര്‍ന്നടിയുകയും ചെയ്തു. ഇനി മൂന്നാം കൊവിഡ് തരംഗം ക്യൂബയില്‍ അനുഭവപ്പെട്ടാല്‍ ആഹാരം, മരുന്ന് മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമം നേരിടുമെന്ന് ജനം ഭീതിയിലാണ്.
കൊവിഡ് കാരണം ക്യൂബയില്‍ ഭൂരിഭാഗം ചന്തകളും കടകളും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇറക്കുമതിയാണ് ക്യൂബ ജനങ്ങളെ പോറ്റാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. രാജ്യത്തിന് പുറത്ത് സ്വന്തം കറന്‍സി പെസോയ്ക്ക് മൂല്യമില്ല. ഡോളറിലും യൂറോയിലുമാണ് കൈമാറ്റം. ഇത് ക്യൂബയിലേക്ക് വരുന്നതാകട്ടെ ടൂറിസ്റ്റുകളിലൂടെയും വിദേശത്തുള്ള ക്യൂബന്‍ ജനതയുടെ പണമടയ്ക്കലിലൂടെയുമാണ്. കൊവിഡ് വന്നതോടെ പണം വരാനുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു. കറന്‍സി മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായി .
യുഎസ് ഉപരോധത്തില്‍ വര്‍ഷങ്ങളായി ക്യൂബയില്‍ ഭക്ഷ്യക്ഷാമമുണ്ട്. കൂടുതലും ഉപയോഗ വസ്തുക്കള്‍ സര്‍ക്കാര്‍ റേഷന്‍ ആണ്. അല്ലാത്തവ പൊതുവിപണിയില്‍ കൂടിയ വിലയ്ക്ക് വാങ്ങണം. ഇത് നിയന്ത്രിക്കുന്നത് ക്യൂബന്‍ പട്ടാളമാണ്. അവിടെ ചെലവഴിക്കാനുള്ള പണം, സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയായ ക്യൂബയില്‍ അധികം പേര്‍ക്കുമില്ല. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ക്യൂബ സ്വകാര്യമേഖല തുറന്നു നല്കാന് കഴിഞ്ഞ ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു. 127 മേഖലകളിലായി ആറ് ലക്ഷം ലൈസന്‍സുകളാണ് നല്‍കിയത്. ഭക്ഷണശാലകള്‍, ടാക്സി സര്‍വീസുകള്‍ എന്നിങ്ങനെ നാമമാത്രമായ നിയന്ത്രണം ആവശ്യമുള്ള മേഖലകളാണ് തുറന്നു നല്‍കിയത്.
ദശാബ്ദങ്ങള്‍ക്ക് ഇടയില്‍ ക്യൂബയില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്. രാജ്യത്തെ വ്യവസ്ഥയില്‍ ചെറുപ്പക്കാര്‍ക്ക് വിശ്വാസമില്ല. തുടര്‍ച്ചയായ ഉപരോധവും തൊഴിലില്ലായ്മയും അധികാരത്തില്‍ പ്രാതിനിധ്യമില്ലാത്തതും ഒക്കെ അവരെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചു. കമ്മ്യൂണിസത്തിന്റെ കാടത്തത്തെക്കുറിച്ച് അറിവില്ലാഞ്ഞിട്ടാകില്ല, മറ്റു വഴിയില്ലാത്തതിനാലാണ് അവര്‍ തെരുവിലിറങ്ങിയത്.
അത് ക്യൂബന്‍ ജനതയുടെ കാര്യം. പക്ഷേ ഇവിടെ ക്യൂബയുടെ പേരില്‍ പുളകം കൊണ്ട മുഖ്യമന്ത്രിയും മന്ത്രിയും പാര്‍ട്ടിയും ഒക്കെ ഇപ്പോള്‍ എന്തു പറയുന്നു എന്നാണറിയേണ്ടെ. കമ്മ്യൂണിസ്റ്റുകളുടെ ജനിതക സ്വഭാവമായ പെരുംകള്ളം പറച്ചില് ഒന്നുകൂടി പൊളിയെന്നു തെളിയുകയാണ് പുതിയ ക്യൂബന്‍ വിപ്ളവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: