ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊന്നാട അണിയിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഉടന്‍ അനുമതി നല്കി മോദി. കൊറോണ ചട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പൊന്നാട അണിയിക്കാന്‍ അവകാശമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. താങ്കള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ പൊന്നാട അണിയിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊന്നാട അണിയിക്കുമ്പോള്‍ ഫോട്ടോ എടുക്കാന്‍ അദ്ദേഹം ഔദ്യോഗിക ഫോട്ടോഗ്രാഫറോട് പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു.
രാഷ്ട്രീയം ഭിന്നമാണെങ്കിലും വികസനവിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴക്കില്ല. കേരളത്തിന്റെ വികസനം തന്റെ സ്വപ്നംകൂടിയാണ്. അതുകൊണ്ട് കേരളത്തിന്റെ പദ്ധതികളിലും വികസന വിഷയങ്ങളിലും ആശങ്കവേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച പൂര്‍ണ്ണ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വ്യക്തമാക്കിയിരുന്നു. വികസനകാര്യത്തില്‍ എല്ലാവിധ പിന്തുണയും സംസ്ഥാനത്തിന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കേരളത്തിന് പ്രയോജനകരമായ കൂടുതല്‍ പദ്ധതികള്‍ തങ്ങളുടെ മുന്നില്‍ മോദി വെച്ചുവെന്നും അദേഹം പറഞ്ഞു.
കടല്‍തീരത്തു സ്ഥിതിചെയ്യുന്ന കേരളത്തില്‍ കപ്പല്‍ ഗതാഗതം എന്തുകൊണ്ട് പരീക്ഷിച്ചുകൂടായെന്ന് അദേഹം ചോദിച്ചുവെന്നും പിണറായി പറഞ്ഞു. ഗെയില്‍ പെപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തികരിച്ചതിനെ അഭിനന്ദിച്ചു. വികസനകാര്യത്തില്‍ ഒരുമിക്കണമെന്ന സന്ദേശമാണ് അദേഹം കേരളത്തിന് നല്‍കിയതെന്നും പിണറായി പറഞ്ഞു. കോവിഡിന്റെ കാര്യവും പിണറായിയെ ധരിപ്പിച്ചു. എന്ത് സഹായത്തിനും കേന്ദ്രം തയാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചുവെന്നും അദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കൂടിക്കാഴ്ച്ച സൗഹാര്‍ദപരമായിരിന്നുവെന്നും പിണറായി പറഞ്ഞു.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അങ്കമാലി ശബരി റെയില്‍പാത പദ്ധതി നടപ്പാക്കാന്‍ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിന്റെ എണ്‍പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആ പദ്ധതി വേഗത്തില്‍ തന്നെ ആരംഭിക്കണമെന്നും പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ വിമാനത്താവളം വരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: