കൊട്ടാരക്കര: മൈലം പഞ്ചായത്ത് ആഫീസിന് മുന്നില്‍ കരയുന്ന അച്ഛനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുമകളുടെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കും. പഞ്ചായത്ത് ആഫീസ് പൂട്ടിയിട്ടും ഒരു കുടുംബത്തിന്റെ കണ്ണീര് കണ്ട് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും അവിടെനിന്ന് മടങ്ങാനായില്ല.
മൈലം പഞ്ചായത്തില്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണമാണ്. അകാരണമായി ഡ്രൈവര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധവുമായി പട്ടികജാതി കുടുംബം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തുകയാണ്. പഞ്ചായത്തിലെ ഡ്രൈവറായിരുന്ന ബിനോയ്, ഭാര്യയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷീബക്കും കുട്ടിക്കുമൊപ്പമാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.
12ന് അടിയന്തിരകമ്മിറ്റി കൂടിയതിന് പിന്നാലെ കഴിഞ്ഞദിവസം വാഹനത്തിന്റെ താക്കോല്‍ തിരികെവാങ്ങി ബിനോയിയെ പറഞ്ഞയയ്ക്കുകയായിരുന്നു. ദിവസ വേതനക്കാരനായ ഡ്രൈവറെ പിരിച്ചുവിട്ടതിന് കാരണം വ്യക്തമാക്കിയിട്ടില്ല. പിരിച്ചുവിടുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റോ മറ്റധികൃതരോ തയ്യാറായിട്ടുമില്ല. നടപടിയില്‍ സിപിഎമ്മിലെ ഒരു വിഭാഗം എതിര്‍ത്തെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാന പ്രകാരമാണ് പ്രസിഡന്റുമായി സ്വരചേര്‍ച്ച ഇല്ലാതിരുന്ന ഡ്രൈവറെ പിരിച്ചുവിട്ടത്.
പള്ളിക്കല്‍ വാര്‍ഡില്‍ നിന്നും വിജയിച്ച സിപിഎമ്മിലെ ബിന്ദു ജി.നാഥാണ് നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇവര്‍ ഡ്രൈവറുമായി അഭിപ്രായ ഭിന്നതയിലായിരുന്നു. ഇതിന്റെ പേരില്‍ പ്രസിഡന്റ് ഔദ്യോഗിക വാഹനം മാസങ്ങളായി ഉപയോഗിച്ചിരുന്നില്ല. ഒടുവില്‍ ഡ്രൈവറെ പിരിച്ചുവിടണമെന്ന നിലയില്‍ പ്രസിഡന്റ് സെക്രട്ടറിക്ക് കത്തു നല്‍കുകയായിരുന്നു. ഡ്രൈവറെ പെട്ടെന്ന് പിരിച്ചുവിട്ട സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (ബി) ഉള്‍പ്പടെയുള്ള കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഡ്രൈവറുമായി ഒത്തുപോകാന്‍ സാധിക്കാത്തതുകൊണ്ടാണ് മാറ്റേണ്ടി വന്നതെന്നും ദളിത് വിഭാഗം ആയതുകൊണ്ടാണ് നടപടി എന്നത് അടിസ്ഥാനരഹിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി. നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: