ഇസ്ലാമബാദ്: നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഹിന്ദുക്ഷേത്രം തകര്‍ത്ത 350 പേര്‍ക്കെതിരായ കേസ് പാകിസ്ഥാന് പിന്‍വലിച്ചു. ഹിന്ദു സമുദായം മാപ്പ് നല്‍കിയതിനാലാണ് കേസ് പിന്‍വലിക്കുന്നതെന്നാണ് ഇമ്രാന് സര്‍ക്കാരിന്റെ വിശദീകരണം.
ഖൈബര്‍ പഖ്തുണ്‍ക്വാ ജില്ലയിലാണ് കഴിഞ്ഞ വര്‍ഷം ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഹിന്ദുക്ഷേത്രം ആള്‍ക്കൂട്ടം അടിച്ച് തകര്‍ത്ത ശേഷം തീയിട്ട് നശിപ്പിച്ചത്. 350 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 2021 മാര്‍ച്ചില്‍ ഹിന്ദു-മുസ്ലിം പുരോഹിതര്‍ പങ്കെടുത്ത അനുരഞ്ജനയോഗം നടന്നിരുന്നതായി പാക് ആഭ്യന്തര വകുപ്പ് പ്രതിനിധി അറിയിച്ചു. ഇതില്‍ ഇരുസമുദായത്തിലെയും പ്രതിനിധികള്‍ തമ്മില്‍ രഞ്ജിപ്പിലെത്തിയെന്നും മുഴുവന്‍ പ്രതികളെയും വിട്ടയക്കണമെന്നും അറിയിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ഒരു എഴുത്ത് കോടതിയിലേക്ക് അയക്കുകയായിരുന്നു.
ഹിന്ദു-മുസ്ലിംസമുദായങ്ങള്‍ തമ്മിലുണ്ടായിരുന്ന അസ്വാരസ്യത്തിന് കാരണമായ പ്രശ്നങ്ങള്‍ ഹിന്ദു സമുദായത്തിലെ മുതിര്‍ന്നവരുടെ യോഗത്തില്‍ (ജിര്‍ഗ യോഗം) പരിഹരിച്ചതായി പറയുന്നു. ഇതിന്റെ ഭാഗമായി കുറ്റവാളികളായ 350 മുസ്ലിങ്ങള്‍ക്കും മാപ്പ് നല്‍കാനും തീരുമാനിച്ചു. ആഭ്യന്തര വകുപ്പ് ഹിന്ദു സമുദായത്തിലെ മുതിര്‍ന്നവര്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനവും തീവ്രവാദ വിരുദ്ധ കോടതിയെ കത്തിലൂടെ അറിയിച്ചിരുന്നു.
അതേ സമയം പ്രശ്നത്തില്‍ മുഴുവന്‍ ഹിന്ദുക്കളെയും വിശ്വാസത്തിലെടുക്കാന്‍ ഖൈബര്‍ പഖ്തൂണ്‍ക്വാ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് ഒരു പ്രാദേശിക ഹിന്ദു പണ്ഡിതന് പറയുന്നു. ‘വിശ്വാസത്തിനും വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള യോജിപ്പിനും ഞങ്ങള്‍ എതിരല്ല. പക്ഷെ കേസുകള്‍ പിന്‍വലിച്ച രീതി ഇവിടുത്തെ മുതിര്‍ന്നവരുടെ സഭയുടെ(ജിര്‍ഗ) സംസ്കാരത്തിന് ചേര്‍ന്നതല്ല,’ ഹിന്ദു-ന്യൂനപക്ഷ മത പണ്ഡിതന് ഹാരൂണ്‍ സരബ് ദിയാല്‍ പറയുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്ന് വിശ്രമിക്കാനുള്ള സൗകര്യം പണിയുന്നത് സംബന്ധിച്ച തര്‍ക്കമാണ് കലാപത്തിന് വഴിമരുന്നിട്ടത്.
2020 ഡിസംബര്‍ 30നാണ് അക്രമാസക്തരായ ജനക്കൂട്ടം ജമിയത് ഉലമ ഇ ഇസ്ലാം എന്ന മൗലികവാദ ഇസ്ലാം പാര്‍ട്ടി നേതാക്കളുടെയും ഇസ്ലാം മതപുരോഹിതരുടെയും നേതൃത്വത്തില്‍ ഹിന്ദു ക്ഷേത്രം കത്തിച്ചത്. ആദ്യം ക്ഷേത്രം അടിച്ച് തകര്‍ത്ത ശേഷം തീയിടുകയായിരുന്നു. ക്ഷേത്രപുനരുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് കുറച്ചുകൂടി സ്ഥലം വിട്ടുനല്‍കാന്‍ പ്രാദേശികഭരണകൂടം അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു അക്രമം. ഇവിടെ വിശ്രമത്തിനുള്ള സംവിധാനം പണിയാനായിരുന്നു നീക്കം. പക്ഷെ മുസ്ലിം ആള്‍ക്കൂട്ടം ക്ഷേത്രം അടിച്ച് തകര്‍ത്ത് തീയിടുമ്പോള്‍ മണിക്കൂറുകളോളം പൊലീസ് കാഴ്ചക്കാരായി നോക്കിനില്ക്കുകയായിരുന്നു.
സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കൂടി ചര്‍ച്ചാവിഷയമായതോടെ പാകിസ്ഥാന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ക്ഷേത്രത്തിന് തീയിട്ട സംഭവത്തില്‍ പ്രാഥമിക പരാതിയില്‍ 350 പേരെ പ്രതികളായി ഉള്‍പ്പെടുത്തി. 109 ആളുകളെ അറസ്റ്റ് ചെയ്യുകയും നിഷ്ക്രിയത്വത്തിന്റെ പേരില്‍ 92 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെയെല്ലാം ഹിന്ദു സമുദായം മാപ്പ് നല്‍കിയതോടെ ജയില്‍മുക്തരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: