തിരുവനന്തപുരം: പട്ടികജാതി ക്ഷേമപദ്ധതി ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ നഗരസഭ പട്ടികജാതി ഡെവലപ്പ്‌മെന്റ് ഓഫീസിലെ വികസന വിഭാഗം സീനിയര്‍ ക്ലാര്‍ക്ക് കാട്ടാക്കട വീരണകാവ് പട്ടക്കുളം അനിഴം വീട്ടില്‍ ആര്‍.യു. രാഹുലിനെ സഹായിച്ചവരില്‍ സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരുമുണ്ടെന്ന് പോലീസിനു സൂചന ലഭിച്ചു. രാഹുലിനെ തെളിവെടുപ്പിനായി പോലീസ് ദല്‍ഹിയിലേക്ക് കൊണ്ടുപോകാം. ഇയാളും ഭാര്യയും കുളു, മണാലി തുടങ്ങിയ സ്ഥലങ്ങളിലും ഒളിവില്‍ കഴിയവെ പോയിരുന്നു. ഇയാള്‍ക്ക് സഹായം ചെയ്തു കൊടുത്തവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ ആര്‍.യു. വിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറ്റി സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനുപയോഗിച്ച തന്റെ ലാപ്‌ടോപ്പും ഐ ഫോണും ദല്‍ഹിയില്‍ വിറ്റതായാണ് രാഹുലിന്റെ മൊഴിയായി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് 2 മുതല്‍ 11 വരെയുള്ള പ്രതികള്‍.
പഠനമുറിക്കായി അനുവദിച്ച തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുണഭോക്താവ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ പരാതിയുമായെത്തിയപ്പോഴാണ് മാസങ്ങളായി നടത്തിവന്ന വന്‍തട്ടിപ്പ് പുറംലോകമറിഞ്ഞത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയുമായി ഒമ്പതു അക്കൗണ്ടുകളിലേക്ക് രാഹുല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. മറ്റൊരു ഗുണഭോക്താവിന് വിവാഹ ധനസഹായമായി അനുവദിച്ച 75,000 രൂപ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി ആഗസ്റ്റ് 21 ന് എസ്‌സി പ്രമോട്ടറായ സംഗീത തട്ടിയെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു ഗുണഭോക്താവിന് അനുവദിച്ച രണ്ടു ലക്ഷം രൂപയും ഒക്ടോബര്‍ 12, നവംബര്‍ 3, മാര്‍ച്ച് 10 എന്നീ തീയതികളിലായി സംഗീത തട്ടിയെടുത്തു.
തട്ടിപ്പ് കണ്ടെത്തിയതോടെ രാഹുലിനേയും കൊല്ലത്തേക്ക് മാറിപ്പോയ സീനിയര്‍ ക്ലാര്‍ക്ക് പൂര്‍ണിമ കാണിയെയും സസ്‌പെന്‍ഡ് ചെയ്തു. കോര്‍പ്പറേഷനിലെ എസ്‌സി ഫീല്‍ഡ് പ്രമോട്ടര്‍മാരായ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്.ബി. വിശാഖ് സുധാകരന്‍, ഈഞ്ചയ്‌ക്കല്‍ നിവാസി സംഗീത എന്നിവരെ പിരിച്ചുവിട്ടു. ലക്ഷങ്ങളുടെ തട്ടിപ്പില്‍ രാഹുലിന്റെ ഒരു ബന്ധുവിനെ മാത്രമാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ് കൃഷ്ണയുടെ മാതാപിതാക്കളുടെ അക്കൗണ്ടിലടക്കം പണം വന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടും എസ്‌സി പ്രമോട്ടറായ രാഹുല്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തായിട്ടും പ്രതിനെതിരെ പോലീസ് ചെറുവിരലനക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: