തളിപ്പറമ്പ്: ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇവ ലഭ്യമാക്കുകയെന്നത് സ്‌കൂള്‍ അധികൃതര്‍ക്കും പിടിഎയ്‌ക്കും ബാധ്യതയാകുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കണ്ടാല്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ തന്നെ ഇവ ലഭ്യമാക്കുമെന്നാണ്. എന്നാല്‍ ജൂലൈ 9ന് പുറപ്പെടുവിച്ച 3337/2021/പൊ.വി.വ നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാരിന് ചില്ലിക്കാശിന്റെ ചെലവില്ല.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2021-22 അദ്ധ്യയന വര്‍ത്തില്‍ ഡിജിറ്റല്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗരേഖ അംഗീകരിച്ചുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ പദ്ധതിക്കായി സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറിലെ കുട്ടികളുടെ വിവരങ്ങള്‍ പ്രയോജനപ്പെടുത്താമെന്നു പറയുന്നു. ഉത്തരവില്‍ മൂന്നാമതായി സൂചിപ്പിച്ചിരിക്കുന്നത് കണ്ടാല്‍ തോന്നും യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടെത്തി നല്‍കിയാല്‍ സര്‍ക്കാര്‍ ഉപകരണം ലഭ്യമാക്കുമെന്ന്. എന്നാല്‍ നാലാമതായി പറയുന്ന കാര്യമാണ് ഈ ഉത്തരവ് ഒരുതരം കണ്ണില്‍പൊടിയിടലാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നത്.
ഉത്തരവിന്‍ പ്രകാരം സ്‌ക്കൂള്‍ തല സമിതിയാണ് ഇവരെ കണ്ടെത്തേണ്ടത്. ഇതിനാവശ്യമായ നടപടി സ്‌ക്കൂള്‍ അധികൃതരുടേയും പിടിഎയുടേയും നേതൃത്വത്തില്‍ കൈക്കൊള്ളേണ്ടതാണ്. ഇങ്ങനെ കണ്ടെത്തുമ്പോള്‍ ആവശ്യക്കാര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ചുമതലകൂടി പ്രസ്തുത സമിതിയില്‍ നിക്ഷിപ്തമായിരിക്കും. തത്വത്തില്‍ പഠനോപകരണം സ്‌ക്കൂളുമായി ബന്ധപ്പെട്ടവര്‍ തന്നെ ലഭ്യമാക്കണം. കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തോളമായി നേരിട്ട് കണ്ട് പ്രവര്‍ത്തനം വിലയിരുത്താനോ ആശയവിനിമയം നടത്താനോ സാധിക്കാതിരുന്ന പിടിഎ എന്തു ചെയ്യും. ഇതിനോടകം തന്നെ മിക്ക വിദ്യാലയങ്ങളിലും പിടിഎകള്‍ പലരേയും സമീപിച്ച് ആവലാതികള്‍ പറഞ്ഞ് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് അത് ലഭ്യമാക്കിക്കഴിഞ്ഞു. പിന്നെ എന്തിനാണ് ഇത്തരമൊരു വേലയുമായി സര്‍ക്കാര്‍ ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. സ്‌പോണ്‍സര്‍മാരെ തേടി ഡിജിറ്റല്‍ ഉപകരണങ്ങള്‍ കണ്ടെത്താന്‍ ആരുടേയും ഉപദേശം വേണ്ടെന്നാണ് സ്‌ക്കൂള്‍ അധികൃതരും പിടിഎയും പറയുന്നത്. ജൂലൈ 12നകം വിദ്യാലയതല സമിതി യോഗം ചേര്‍ന്ന് വിവരസമാഹരണം നടത്തണം. 13, 14 തീയ്യതികളില്‍ സ്‌ക്കൂള്‍തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി 15ന് സ്‌ക്കൂള്‍ തലത്തില്‍ ക്രോഡീകരിക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്.
19ന് വൈകുന്നേരത്തോടെ ഈ കണക്കുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ക്രോഡീകരിക്കണം. 21ന് ജില്ലാ തലത്തില്‍ ക്രോഡീകരണം പൂര്‍ത്തിയാക്കി സംസ്ഥാന തലത്തിലേക്ക് കൈമാറണം. ഇതെല്ലാം ചെയ്ത് സംസ്ഥാനതലത്തില്‍ സമര്‍പ്പിച്ചാല്‍ സര്‍ക്കാര്‍ എന്തു ചെയ്യും. ഒന്നും ചെയ്യില്ല. ഉപകരണം വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിന് രക്ഷിതാവോ വിദ്യാലയ അധികൃതരോ പിടിഎയോ പ്രവര്‍ത്തിക്കുക. സഹകരണ സംഘങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പറയുന്നു. ഒരു സഹകരണ സംഘം 10,000 രൂപ വീതം 5 പേര്‍ക്ക് മാത്രമാണ് നല്‍കുക. ഒരു വിദ്യാലയ പരിധിയില്‍ വരുന്ന സഹകരണ സംഘങ്ങള്‍ വായ്പ നല്‍കാന്‍ തയ്യാറായാല്‍പ്പോലും ആവശ്യക്കാര്‍ക്കെല്ലാം നല്‍കാന്‍ സാധിക്കുകയില്ല. വായ്പ എടുക്കുന്ന രക്ഷിതാക്കള്‍ തന്നെ അത് തിരിച്ചടക്കുകയും വേണമെന്നതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: