‘ഞങ്ങള്‍ക്ക് ഭയമില്ല’ കമ്മ്യൂണിസ്റ്റ് ക്യൂബയുടെ തെരുവിലിലേക്കറങ്ങിയ ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഇതായിരുന്നു. 62 വര്‍ഷത്തെ ഏകാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തിയാണ് ക്യൂബന്‍ ജനത തെരുവിലിറങ്ങിയത്. കമ്മ്യൂണിസ്റ്റ് രാഷ്‌ട്രങ്ങളില്‍ സ്വാതന്ത്ര്യത്തിനായി മുറവിളിച്ചവര്‍ക്ക് കിട്ടിയത് മരണമായിരുന്നു എന്നത് ചരിത്രസത്യമാണ്. ചൈനയില്‍ ടിയാന്‍മെന്‍ സ്‌ക്വയറില്‍ സംഘടിച്ച ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മുകളില്‍ പാറ്റണ്‍ ടാങ്കുകള്‍ കയറ്റിയിറക്കിയത് ഇന്നും ഉണങ്ങാത്ത മുറിവാണ്. ബഹുജന പ്രക്ഷോഭങ്ങളെ മാത്രമല്ല, തങ്ങള്‍ക്കെതിരെ തിരിയുന്ന ആരെയും വകവരുത്തുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടേത് എന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഊന്‍ അടിവരയിടുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യൂബയിലെ പ്രതിരോധ ്രശമങ്ങളെ കാണേണ്ടത്. മരണമായിരിക്കും നമ്മുടെ വിധിയെന്ന് അറിഞ്ഞുകൊണ്ട്, ഒരു ജനത തെരുവിലിറങ്ങണമെങ്കില്‍, അവരുടെ അവസ്ഥ തികച്ചും ദുസ്സഹമായിരിക്കും. കോവിഡ് മഹാമാരി തുടങ്ങിയ കാലത്ത് നമ്മുടെ ഈ കൊച്ചുകേരളത്തില്‍പോലും ഉയര്‍ന്നുകേട്ട പേരാണ് ക്യൂബയുടേത്. ക്യൂബയില്‍നിന്ന് കൊവിഡിനുള്ള മരുന്ന് വരുമെന്നും, കേരളത്തിലായിരിക്കും ആ മരുന്ന് ആദ്യമെത്തുകയെന്നും കേരളത്തില്‍ ചിലരെങ്കിലും ഉറച്ചു വിശ്വസിച്ചിരുന്നു.
വിധിവൈപരീത്യമെന്ന് പറയട്ടെ, ഇന്ന് ക്യൂബയിലെ പ്രക്ഷോഭങ്ങളുടെ ഒരു കാരണം, കൊവിഡ് വാക്‌സിന്റെ അപര്യാപ്തതയാണ്. കൊവിഡ് വാക്‌സിന്‍ യഥാവിധി നല്‍കാത്തത് മൂലം ക്യൂബയില്‍ മരണസംഖ്യ കുതിച്ചുയരുകയാണ്. മറ്റൊരു പ്രധാനപ്പെട്ട കാരണം തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്. 1959-ല്‍ പൂര്‍ത്തിയായ ക്യൂബന്‍ വിപ്ലവത്തില്‍ അന്നത്തെ പ്രബലശക്തിയായിരുന്ന റഷ്യക്ക് പങ്കുണ്ട് എന്ന ഒരു ചിന്താധാര അന്താരാഷ്‌ട്ര രംഗത്തുണ്ട്. അതിന്റെ സത്യാവസ്ഥ എന്തുതന്നെയായാലും റഷ്യന്‍ പ്രസിഡന്റ് ക്രൂഷ്‌ചേവ് ക്യൂബയില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിച്ചിരുന്നു. ക്യൂബയുടെ പ്രധാന ഉല്‍പ്പന്നമായ പഞ്ചസാരയുടെ ഭൂരിഭാഗം റഷ്യ വാങ്ങിക്കൊണ്ടായിരുന്നു അത്. എന്നാല്‍ ഗ്ലാസ്‌നോസ്റ്റിനും പെരിസ്റ്റ്രോയിക്കയ്‌ക്കും ശേഷം സോവിയറ്റ് റഷ്യ തകര്‍ന്നടിഞ്ഞു. അതിനെത്തുടര്‍ന്ന് അപ്പോള്‍തന്നെ ക്യൂബയുടെ സാമ്പത്തികസ്ഥിതി തകര്‍ന്നുതുടങ്ങിയിരുന്നു. പണ്ട് റഷ്യയിലും ഇപ്പോള്‍ ചൈനയിലും ഉള്ളത് പോലെ ഒരു ഇരുമ്പുമറ ക്യൂബയിലും ഉണ്ട്. അതിനാലാണ് അവിടെ നടക്കുന്ന ഇത്തരം സംഭവവികാസങ്ങള്‍ പുറംലോകം അറിയാത്തത്. സാമ്പത്തികമായ മറ്റൊരു കാരണം കൊവിഡ് മൂലം ക്യൂബയുടെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നായ ടൂറിസത്തിന്റെ തകര്‍ച്ചയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം, ക്യൂബ ടൂറിസത്തെയാണ് ധനാഗമത്തിനായി ആശ്രയിച്ചിരുന്നത്.
ഭക്ഷ്യധാന്യങ്ങളുടെയും മറ്റും കടുത്ത ക്ഷാമവും ക്യൂബയിലെ ഇന്നത്തെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാണ്. ഒച്ചിന്റെ വേഗതയിലാണ്, അവിടുത്തെ കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്. അനേകം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും, നിരവധി പേര്‍ മരിക്കുകയും ചെയ്തു ചെയ്തു. സുസജ്ജമായ ആരോഗ്യരംഗമാണ് ക്യൂബയിലേത് എന്നാണ് ഇതുവരെ അവര്‍ പുറത്തു നല്‍കിയ സന്ദേശം. എന്നാല്‍ ഇത്തരം വീരവാദങ്ങളുടെ യാഥാര്‍ത്ഥ്യം ഈ പ്രക്ഷോഭം ലോകത്തിന് സാക്ഷ്യപ്പെടുത്തുന്നു.
ക്യൂബയില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ ആദ്യത്തേതല്ല. അടിച്ചമര്‍ത്തലിലും സാമ്പത്തിക അരക്ഷിതാവസ്ഥയിലും മനം മടുത്ത് ക്യൂബന്‍ ജനത നിരവധിതവണ സമരപാതയില്‍ ഇറങ്ങിയിട്ടുണ്ട്. ക്യൂബയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ചൈനയിലെപ്പോലെ സര്‍ക്കാര്‍ മേഖലയില്ലാതെ അവിടെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പോലുമുണ്ടായിരുന്നില്ല. 1994-ല്‍ ഹവാനയിലെ മാലേകോണ്‍ തടാകക്കരയില്‍, ഇന്നത്തെപ്പോലെ സര്‍ക്കാരിനെതിരെ ചെറുത്തുനില്‍പ്പുണ്ടായി.
വാര്‍ത്താവിനിമയ രംഗത്തുണ്ടായിരുന്ന സര്‍ക്കാര്‍ കുത്തക കാരണം ആ വാര്‍ത്ത വെളിച്ചം കണ്ടില്ല. ക്യൂബന്‍ വിപ്ലവത്തിന്റെ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരന്‍ റോള്‍ കാസ്‌ട്രോയുടെ കാലത്ത് വാര്‍ത്താവിനിമയ രംഗത്ത് കുറച്ച് സ്വാതന്ത്ര്യം അനുവദിച്ചു. അതുകൊണ്ടാണ് ഇത്തവണത്തെ ജനകീയ പ്രതിരോധങ്ങള്‍ പുറംലോകമറിഞ്ഞത് എന്നാണ് അന്താരാഷ്‌ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ഏകാധിപത്യം തുലയട്ടെ’ എന്നും ഇനിയും ഞങ്ങള്‍ക്ക് ഭയമില്ലെന്നും പറഞ്ഞുകൊണ്ടാണ് പ്രക്ഷോഭകാരികള്‍ സാന്‍ ആന്റോണിയോ എന്ന ചെറുഗ്രാമത്തില്‍ ആദ്യം സംഘടിച്ചത്. തുടര്‍ന്ന് ഹവാനയടക്കമുള്ള മറ്റു പ്രധാന നഗരങ്ങളിലേക്കും സമരം വ്യാപിക്കുകയായിരുന്നു. സമരം ക്യൂബയില്‍ കാട്ടുതീ പോലെ പടരുകയാണ്. സമരത്തിന് നേതൃത്വം നല്‍കുന്നത് പൊതുജനങ്ങള്‍തന്നെയാണ്.
ക്യൂബയിലെ പ്രക്ഷോഭകര്‍ക്ക് പുറകില്‍ അമേരിക്കയാണെന്ന് ആരോപണമാണ് പ്രസിഡന്റ് ഡിയാസ് ഉയര്‍ത്തുന്നത്. ക്യൂബയിലെ ബാറ്റിസ്റ്റ ഭരണകൂടത്തെ സായുധവിപ്ലവത്തിലൂടെ ഫിഡല്‍ കാസ്‌ട്രോ വീഴ്‌ത്തിയപ്പോള്‍ അവരും ആരോപിച്ചത് കാസ്‌ട്രോ റഷ്യയുടെ കോടാലിക്കൈയാണ് എന്നാണ്. ഫിഡലിനും റോളിനും ശേഷം കാസ്‌ട്രോ കുടുംബത്തിന് പുറത്തേക്ക് അധികാരമെത്തിയപ്പോഴാണ് ചരിത്രം ആവര്‍ത്തിക്കപ്പെടുന്നത് എന്നതാണ് മറ്റൊരു കൗതുകം.
1959-ലാണ് ക്യൂബന്‍ വിപ്ലവത്തിലൂടെ ഫിഡല്‍ കാസ്‌ട്രോ ക്യൂബയുടെ ഭരണാധികാരിയാകുന്നത്. ഐസ്ന്‍ഹോവര്‍ തൊട്ട് ജോര്‍ജ് ബുഷ് വരെയുള്ള പത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുടെ കാലയളവില്‍ ഫിഡല്‍ കാസ്‌ട്രോ ക്യൂബന്‍ പ്രസിഡന്റായിരുന്നു. ഫിഡല്‍ കാസ്‌ട്രോ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം അധികാരം തന്റെ സഹോദരനായ റോള്‍ കാസ്‌ട്രോയ്‌ക്കാണ് നല്‍കിയത്. അദ്ദേഹമാണ് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ക്യൂബയുടെ കുടുംബഭരണത്തെ കുടുംബത്തിന് പുറത്തേക്ക് നീട്ടിയത്. ഇത് എഴുതുമ്പോഴും ക്യൂബയില്‍ സമരങ്ങള്‍ തുടരുകയാണ്.
ഭക്ഷണത്തിനും മരുന്നിനും സമാധാനത്തിനുംവേണ്ടി ഒരു ജനത ഈ നൂറ്റാണ്ടിലും സമരം ചെയ്യേണ്ടിവരുന്നു എന്നുള്ളത് ഭരണാധികാരികളുടെയും, അവരെ നയിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെയും പരാജയമാണ്. ക്യൂബന്‍ വിപ്ലവകാലത്തെ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകാരികള്‍ സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉയര്‍ത്തുന്നത്. 62 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഏകകക്ഷി ഭരണം പൂര്‍ണപരാജയമാണ് എന്നാണ് ക്യൂബന്‍ ജനതയുടെ പക്ഷം. ക്യൂബന്‍ ജനത പ്രതിവിപ്ലവത്തിന്റെ പാതയിലാണ്.
ഫിഡല്‍ കാസ്‌ട്രോയുടെ നിര്യാണം അറിയിച്ചുകൊണ്ട് റോള്‍ കാസ്‌ട്രോ പറഞ്ഞ വാക്കുകള്‍ പോലും സമരക്കാര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ മുദ്രാവാക്യമായി ഉയര്‍ത്തുകയാണ് ‘വിജയത്തിലേക്ക്’, എപ്പോഴും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: