ന്യൂദല്‍ഹി: ലക്ഷ്മി മുര്ദേശ്വര് പുരിക്കെതിരായ ട്വീറ്റുകള്‍ അടിയന്തരമായി ഡിലീറ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയ സാകേത് ഗോഖലെയോട് ദല്‍ഹി ഹൈക്കോടതിആവശ്യപ്പെട്ടു. ലക്ഷ്മി പുരിക്കും ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ഹര്‍ദീപ് സിംഗ് പുരിക്കും എതിരെ അപകീര്‍ത്തികരമായ ട്വിറ്റുകള്‍ പോസ്റ്റ് ചെയ്യുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു. സാകേത് ഗോഖലെ 24 മണിക്കൂറിനകം കോടതിയുത്തരവ് പാലിച്ചില്ലെങ്കില്‍ പോസ്റ്റുകള്‍ ട്വിറ്റര്‍ നീക്കണമെന്നും ജസ്റ്റിസ് സി ഹരിശങ്കര്‍ നിര്‍ദേശിച്ചു.
ഐക്യരാഷ്ട്ര സഭയിലെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായിരുന്നു ലക്ഷമി പുരി. സ്വിറ്റ്സര്‍ലന്‍ഡില്‍ ലക്ഷ്മി പുരി വാങ്ങിയ വസ്തുവുമായി ബന്ധപ്പെട്ട് ജൂണ്‍ 13നും 26നും നടത്തിയ ട്വീറ്റുകളില്‍ ഭര്‍ത്താവ് ഹര്‍ദീപ് സിംഗ് പുരിയെയും പരാമര്‍ശിച്ചിരുന്നു. ട്വീറ്റുകള്‍ നീക്കണമെന്നും ഗോഖലെയില്നിന്ന് അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും ലക്ഷ്മി പുരി നല്കിയ അപകീര്‍ത്തി കേസിലാണ് കോടതിയുത്തരവ്.
തനിക്കും കുടുംബത്തിനുമെതിരെ തെറ്റും വസ്തുതാവിരുദ്ധവുമായ പ്രസ്താവനകളാണ് ഗോഖലെ നടത്തിയതെന്ന് ഹര്‍ജിയില്‍ അവര്‍ പറയുന്നു. ഗോഖലെയ്ക്ക് സമന്‍സ് അയച്ച കോടതി നാലാഴ്ചയ്ക്കകം രേഖാമൂലം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. വിവരങ്ങള്‍ ശരിയോയെന്ന് ലക്ഷ്മി പുരിയില്‍നിന്ന് ചോദിച്ചറിയുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരികളെ സമീപിക്കുകയോ ചെയ്യാതെ അവര്‍ക്കെതിരെ ട്വീറ്റ് ചെയ്തതിനെ ദല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു.
ട്വീറ്റ് പ്രഥമദൃഷ്ട്യ തെറ്റാണെന്നിരിക്കെ ആളുകളെ അധിക്ഷേപിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ഗോഖലെയോട് ചോദിച്ച കോടതി അന്തസിനുള്ള അവകാശം മൗലിക അവകാശമായി അംഗീകരിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കടുത്ത അനുയായിയാണ് സാകേത് ഗോഖലെ. ക്രൗഡ് ഫണ്ടിംഗ് വഴി മയക്കുമരുന്ന് പണം സമ്പാദിച്ചുവെന്ന് ആരോപിച്ച് ഗോഖലെക്കെതിരെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ കേസ് എടുത്തിരുന്നു. മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകനായ സാകേത് ഗോഖലെ നേരത്തെ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതിയായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ‘ബിജെപി വിദ്വേഷ യന്ത്രം’ ഏറ്റെടുക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 22 ലക്ഷം രൂപ സമാഹരിച്ചതായി ഗോഖലെ അവകാശപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ ഭാഷണക്കാരെ ഇറക്കിവിടാനുള്ള പ്രചാരണ പരിപാടി നടത്തിയതായും അവകാശപ്പെട്ടു.സംഭാവന ഡ്രൈവുകളിലൂടെ സമ്പാദിച്ച പണം മയക്കുമരുന്ന് ശേഖരണത്തിനായി ഗോഖലെ ഉപയോഗിച്ചു എന്നതായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: