കൊച്ചി: കവരത്തി, മിനിക്കോയ് ദ്വീപുകളിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത് കടുത്ത നഷ്ടത്തിലെന്ന് ദ്വീപ് ഭരണകൂടം. 2019-20ല്‍ 94,87,984 രൂപയുടെയും 2020-2021ല്‍ 92,58,184 രൂപയുടെയും നഷ്ടമുണ്ടായി. പ്രതിദിന പാലുല്‍പ്പാദനം 160 ലിറ്ററില്‍ താഴെ മാത്രം. പതിനായിരത്തിലേറെ പേരുള്ള, രണ്ട് ദ്വീപുകളിലുമായി ആകെ 300 ലേറെപ്പേര്‍ക്കു മാത്രമേ പാല് വിതരണം ചെയ്യാന്‍ കഴിയുന്നുള്ളൂ. ഡയറി ഫാമുകള്‍ ഒരു കോടി രൂപയ്ക്കടുത്ത് പൊതുഖജനാവിന് നഷ്ടം വരുത്തി നിലനിര്‍ത്താനാവില്ല. അതിനാലാണ് പൂട്ടാന്‍ തീരുമാനിച്ചത്. കനത്ത നഷ്ടം വരുന്ന സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ നിര്‍ദേശിക്കാന്‍ കോടതിക്ക് അധികാരവുമില്ല.
ഡയറി ഫാമുകള്‍ നിര്‍ത്തുന്നതിനും വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു പരിഷ്കരിക്കുന്നതിനുമെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ദ്വീപ് ഭരണകൂടം ഇന്നു സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍. ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ഇറച്ചിയും ചിക്കനും നീക്കം ചെയ്തതിനു പകരം മീന്‍,ഡ്രൈ ഫ്രൂട്ട്സ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് തെളിയിക്കാന്‍ ആന്‍ഡമാന്‍, പോണ്ടിച്ചേരി, ഗോവ തുടങ്ങിയ സര്‍ക്കാരുകള്‍ സ്വീകരിച്ച മെനു സംബന്ധിച്ച രേഖകളും സത്യവാങ്മൂലത്തോടൊപ്പം ദ്വീപ് ഭരണകൂടത്തിന്റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എസ്. മനു ഹാജരാക്കി.
ഹര്‍ജിക്കാരനായ അജ്മല്‍ അഹമ്മദ് അഭിഭാഷകനാണെങ്കിലും റിട്ട് ഹര്‍ജികളില്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ പാടില്ലെന്ന പ്രാഥമിക തത്വം പാലിച്ചിട്ടില്ല. അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേയുള്ള രാഷ്ട്രീയ വൈരമാണ് ഹര്‍ജിയില്‍ തെളിഞ്ഞു വരുന്നതെന്നും പ്രാഥമികമായ വിവരങ്ങള്‍ പോലും മനസ്സിലാക്കാതെയാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്നും സത്യവാങ്്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: