തിരുവനന്തപുരം: വാങ്ങുന്ന മത്സ്യത്തിന്റെ പൂര്‍ണവിവരങ്ങള്‍ ഉപഭോക്താക്കള്‍ക്കെത്തിക്കുന്ന മിമി ഫിഷ് എന്ന മൊബൈല്‍ ആപ്പിലൂടെ മത്സ്യത്തിന്റെ ചില്ലറ വില്പന ആരംഭിക്കാന്‍ ഫിഷറീസ് വകുപ്പ് ഒരുങ്ങുന്നു. മത്സ്യത്തിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കുമായി സംസ്ഥാനത്തുടനീളം വില്‍പ്പനശാലകളും ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവുമാണ് ഇതുവഴി ഒരുങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സമീപത്തുള്ള മിമി സ്റ്റോര്‍ വഴിയോ മിമി മൊബൈല്‍ ആപ്പ് വഴിയോ മത്സ്യം വാങ്ങാം. പച്ചമീന്‍, ഉണക്കമീന്‍, മീന്‍കറി, മീന്‍ അച്ചാറുകള്‍ എന്നിവയാണ് തുടക്കത്തില്‍ വില്‍പ്പനയ്ക്കെത്തിക്കുന്നത്. കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉടന്‍ വിപണിയിലെത്തും.
സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ (കെഎസ്സിഎഡിസി) സാമൂഹ്യ സാമ്പത്തിക പദ്ധതിയുടെ ഭാഗമായാണ് പരിവര്‍ത്തനം എന്ന പദ്ധതിക്കു കീഴില്‍ ഈ സംരംഭം നടപ്പാക്കുന്നത്. കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെയാണ് പദ്ധതി. മിമി ഫിഷിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന് കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ വൈകാതെ നിര്‍വഹിക്കും. ഉദ്ഘാടനശേഷം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ആദ്യം മിമി ഫിഷിന്റെ സേവനങ്ങള്‍ ലഭ്യമാവുകയെന്ന് പരിവര്‍ത്തനം പദ്ധതി ചീഫ് ഓഫ് ഓപ്പറേഷന്‍സ് റോയ് നാഗേന്ദ്രന് പറഞ്ഞു. മിമി ഫിഷിന്റെ സംഭരണം, സംസ്കരണം, പാക്കിങ് മുതലായവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്.
എന്‍ജിനീയറിങ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് ബിരുദ വിദ്യാര്‍ഥികളില്‍ ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയവരെയാണ് ഹോംഡെലിവറിക്കായി നിയോഗിക്കുക. അവര്‍ക്ക് വേണ്ട അക്കാദമിക പരിശീലനം നല്‍കുകയും ബിരുദ പഠനം പൂര്‍ത്തിയാക്കുന്നതിന് സഹായിക്കുകയും ചെയ്യും. യാതൊരുതരത്തിലുള്ള രാസവസ്തുക്കളും മിമി ഫിഷിന്റെ ഉത്പന്നങ്ങളില്‍ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. മിമി ഫിഷുമായി സഹകരിക്കുന്ന എല്ലാ ബോട്ടുകളിലും റേഡിയോ ഫ്രീക്വന്‍സി ഉപയോഗിക്കുന്ന ഐസ് പെട്ടികളാണ് നല്‍കുന്നത്. അതിനാല്‍, മത്സ്യം പിടിച്ച ദിവസം, സമയം, സ്ഥലം, വള്ളത്തിന്റെയും തൊഴിലാളികളുടെയും വിവരങ്ങള്‍ എന്നിവ ലഭ്യമാകും. മത്സ്യം എവിടെ നിന്നു വന്നുവെന്നതിന്റെ 100 ശതമാനം വിവരങ്ങളും ഇതോടെ ലഭിക്കും. അത്യാധുനിക രീതിയില്‍ പ്രത്യേകം തയാര്‍ ചെയ്ത വാഹനങ്ങളിലാണ് ഹോം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: