തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെയോ ജമ്മുകശ്മീരിലെയോ സ്ത്രീപീഡനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന ഇടത് സാംസ്കാരികപ്രവര്‍ത്തകര്‍ മൗനംദീക്ഷിച്ചാലും വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിക്ക് നേരെ ഡിവൈ എഫ് ഐ പ്രവര്ത്തന് നടത്തിയ മൂന്ന് വര്‍ഷത്തെ പീഡനവും പിന്നീടുള്ള അരുംകൊലയും ദേശീയ ശ്രദ്ധയിലേക്ക്. വണ്ടിപ്പെരിയാര്‍ സംഭവത്തിലേക്ക് ശ്രദ്ധതിരിക്കുന്ന ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് (#justiceforkerala) എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം ട്വിറ്ററില്‍ ഇരമ്പുകയാണ്. ട്വിറ്ററിന്റെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഈ ഹാഷ് ടാഗ് ശ്രദ്ധകേന്ദ്രമായിരിക്കുകയാണ്.
പെണ്‍കുട്ടിക്ക് മൂന്ന് വയസ്സായപ്പോള്‍ മുതല്‍ പീഡനം തുടങ്ങിയ അര്ജുന് എന്ന ഡിവൈഎഫ് ഐ പ്രവര്ത്തകന് ആറാം വയസ്സില്‍ ആ പെണ്‍കുട്ടിയെ കൊന്ന് ജനലില്‍ കെട്ടിത്തൂക്കുകയായിരുന്നു. പ്രതി ഇടതുപക്ഷ പ്രവര്‍ത്തകനായതിനാല്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര് അറിഞ്ഞ മട്ടേ നടിക്കുന്നില്ല. കൊടിയുടെയും പാര്‍ട്ടിയുടെയും നിറം നോക്കിയാണ് ഇവര്‍ക്ക് വികാരം അണപൊട്ടിയൊഴുകുക. ഉത്തര്‍പ്രദേശിലെ ഹത്രാസിലും (യോഗി ആദിത്യനാഥ് ഭരിയ്ക്കുന്നതിനാല്‍) കശ്മീരിലെ കത്വായിലും (കേന്ദ്രഭരണപ്രദേശമായതിനാല്‍ പ്രധാനമന്ത്രിയ്ക്കും ബിജെപിയ്ക്കും എതിരെ വിരല്‍ ചൂണ്ടാന്‍) നടന്ന ബലാത്സംഗത്തില്‍ ദേശീയ മാധ്യമങ്ങളെ മുഴുവന്‍ പിടിച്ചുകുലുക്കുന്ന രീതിയിലായിരുന്നു കേരളത്തിലെ ഇടതുപക്ഷ-സാംസ്കാരികപ്രവര്‍ത്തകരുടെ പ്രതികരണം. കേരളത്തില്‍ നിന്നും ഇവര്‍ അവിടെ പ്രതിഷേധിക്കാന്‍ കൂട്ടംകൂട്ടമായി പോവുകയും ചെയ്തു. അവര്‍ ഹത്രാസിന്റെയും കത്വായുടെയും പേരില്‍ അങ്ങ് ദല്‍ഹിയില്‍ വരെ പോയി മെഴുകുതിരി കത്തിക്കാനും മൗനമാചരിക്കാനും ഇവര്‍ക്ക് മടിയില്ല…..അവിടേക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും കെട്ടിയിറക്കുകയും ചെയ്യും. കൃത്യമായ അജണ്ടയോടെയുള്ള പ്രതിഷേധനാടകങ്ങള്.
ഇപ്പോള്‍ വണ്ടിപ്പെരിയാര്‍ പീഡനത്തിലും കൊലയിലും പ്രതി ഇടതുപ്രവര്ത്തകനായതിനാല് മെഴുകിതി കത്തിക്കലില്ല, ഹാഷ്ടാഗ് ഇറക്കിപ്രതിഷേധമില്ല.ചാനല്‍ ചര്‍ച്ചയില്ല…സമൂഹമാധ്യമ ക്യാപ്സ്യൂളുകളില്ല..’കരുതലു’മില്ല..എല്ലായിടത്തും കനത്ത മൗനം. എന്നാല്‍ ട്വിറ്ററില്‍ ഒരു ദൈവനിയോഗം പോലെയായിരുന്നു മരിച്ച പെണ്‍കുട്ടിക്ക് വേണ്ടി ജസ്റ്റിസ് ഫോര്‍ കേരളഗേള്സ് എന്ന ഹാഷ്ടാഗ് പൊന്തിവന്നത്. ഇപ്പോള്‍ അത് ശക്തമായ ട്രെന്‍ഡിംഗ് ആയി നില്‍ക്കുകയാണ്.
ഇതിനിടിയില്‍ പ്രതിയായ അര്‍ജുനെ രക്ഷിക്കാന്‍ ഒരു എംഎല്‍എ രംഗത്തെത്തുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാനും ഉന്നതരാഷ്ട്രീയനേതാക്കള്‍ ശ്രമിച്ചിരുന്നതായി ആരോപണമുയരുന്നുണ്ട്. ഇതോടെയാണ് കൊച്ചുപെണ്കുട്ടിക്കായി ഹാഷ് ടാഗിലൂടെ ട്വിറ്ററില്‍ പ്രതിഷേധം ശക്തമായി ഉയര്‍ന്ന് വന്നത്. സമൂഹമാധ്യമത്തിലെ ആ പ്രതിഷേധം ഇപ്പോള്‍ വന്‍ കടലായി ആര്‍ത്തിരമ്പുന്നു.
പാലക്കാട് വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ ഏറെ നാള് ലൈംഗികപീഢനത്തിനിരയാക്കിയ ശേഷം പീഢനം പുറത്തറിയുന്നു എന്ന ഘട്ടത്തില്‍ കൊന്ന് കെട്ടിത്തൂക്കിയതും ഡിവൈഎഫ് ഐക്കാരാണ്. അവിടെയും കേസന്വേഷണം ഇഴഞ്ഞുനീങ്ങുകയും പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെതിരെ പെണ്‍കുട്ടികളുടെ അമ്മ ശക്തമായി രംഗത്തെത്തിയതോടെ സര്‍ക്കാരിന് കേസ് സിബി ഐയ്ക്ക് വിടേണ്ടതായി വന്നു. വാളയാറിലെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ കേരളത്തില്‍ 1513 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതില്‍ പാതിയോളം പെണ്‍കുട്ടികളാണ്. കൃത്യമായി പറഞ്ഞാല്‍ 627 കേസുകള്‍. പ്രബുദ്ധകേരളത്തിന്റെ ഈ നാണിപ്പിക്കുന്ന മുഖം അമ്പരപ്പോടെയാണ് ചെറുപ്പക്കാരായ പുതിയ തലമുറ കാണുന്നത്. അത് തന്നെയായിരിക്കണം പുതുതലമുറയ്ക്ക് ഏറെ സ്വാധീനമുള്ള സമൂഹമാധ്യമങ്ങളില്‍ ജസ്റ്റിസ് ഫോര്‍ കേരളാഗേള്‍സ് (#justiceforkerala) എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: