പള്ളുരുത്തി: ഓരുവെള്ളക്കയറ്റത്തില് ഇടക്കൊച്ചി കാതറീന് കോണ്‍വെന്റില്‍ ഒരേക്കറിലെ ഫലവൃക്ഷങ്ങള്‍ കരിഞ്ഞുണങ്ങുന്നു. മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി നട്ടുവളര്‍ത്തി പരിപാലിച്ചവായാണ് ഇതെല്ലാം; കോണ്‍വെന്റിലെ സിസ്റ്റര്‍ മേഴ്സി പറയുന്നു. കോണ്‍വെന്റിനു പിന്നിലെ ഒരേക്കറില്‍ സമൃദ്ധമായി വളര്‍ന്നു വന്ന ഫലവൃക്ഷങ്ങള്‍ ഇപ്പോള്‍ കണ്ടാല്‍ ആരുടേയും നെഞ്ച് പിടയ്ക്കും. നല്ല നിലയില്‍ ഫലം തന്നുകൊണ്ടിരുന്ന വൃക്ഷങ്ങളാണിവ. മൂന്നു തരം ഫലം തരുന്ന ചാമ്പകള്‍, വ്യത്യസ്തങ്ങളായ 17 തരം മാവുകള്‍, കടച്ചക്ക മരം, ജാതി, വിവിധയിനം പേരകള്‍, സക്കു, വ്യത്യസ്തങ്ങളായ പുളികള്‍, ചെറി, മുള്ളാത്ത, ഞാവല്‍ മരങ്ങള്‍, വാഴകള്‍, തെങ്ങുകള്‍ എന്നിവ വരെ കരിഞ്ഞുണങ്ങി.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലെ കായലില്‍ നിന്നുള്ള ഓരുവെള്ളം കയറി പറമ്പില്‍ ഒഴുകിപ്പോകാനാകാത്ത തരത്തില്‍ കെട്ടിക്കിടന്നതോടെയാണ് വൃക്ഷങ്ങള്‍ കൂട്ടത്തോടെ നശിക്കാന്‍ ഇടയാക്കിയതെന്ന് ഇവര്‍ പറയുന്നു. ഫലങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് യഥേഷ്ടം ഇവിടെ നിന്നും നല്‍കിയിരുന്നതായി സിസ്റ്റര്‍ പറഞ്ഞു. നിത്യവും കരിഞ്ഞുണങ്ങിയ മരങ്ങള്‍ നോക്കി സങ്കടപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണിവര്‍.
കായല്‍ അതിര്‍ത്തിയില്‍ കെട്ടിയ കരിങ്കല്‍ ഭിത്തിയിലൂടെയാണ് ഓരുവെള്ളം കയറി തുടങ്ങിയതെന്ന് കോണ്‍വെന്റ് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ വക ഫിഷ് പോണ്ട് നിര്‍മിക്കുന്നതിനായി കോണ്‍വെന്റിന്റെ കരിങ്കല്‍ ഭിത്തിക്കു സമീപത്തു നിന്നും ജെസിബി ഉപയോഗിച്ച് വലിയ തോതില്‍ മണല്‍ എടുത്തതാണ് കരിങ്കല്‍ ഭിത്തി തകരാന്‍ കാരണം. നിര്‍മാണ കരാര്‍ എടുത്തവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും കരിങ്കല്‍ ഭിത്തി പുനര്‍നിര്‍മിച്ചു നല്കാന് ഇവര്‍ തയാറായില്ല.
ഓരുവെള്ള ഭീഷണിയില്‍ ഇടക്കൊച്ചി
കായല്‍ തീരത്തെ ഓരു വെള്ളം ശക്തമായി കയറുന്ന പ്രദേശമാണ് ഇടക്കൊച്ചി. കായലോരത്തെ വീടുകളും ഓരുവെള്ള ഭീഷണിയിലാണ്. ചെറു സസ്യങ്ങള്‍ പോലും നട്ടുപിടിപ്പിക്കാന്‍ കഴിയാത്ത തരത്തിലാണ് ഇവിടുത്തെ സാഹചര്യം. കഴിഞ്ഞ തവണത്തെ ഓരുവെള്ളക്കയറ്റത്തില് അടുക്കള തോട്ടങ്ങളും, വിവിധ തരംകൃഷികള്ക്കും ഇവിടെ വന്‍തോതില്‍ നാശം നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: