കൊച്ചി:അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു. പരോള്‍ അനുവദിച്ചതിനെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്ജിയിന്മേലാണ് കോടതി ഇടപെടല്‍.
കേസില്‍ ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഹൈക്കോടതി തിങ്കളാഴ്ച നോട്ടീസയച്ചു. വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്കാന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണമായിരുന്നു. എന്നാല്‍ ജീവപര്യന്തം ശിക്ഷ കിട്ടിയ അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതെന്തുകൊണ്ടെന്നാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ ഹര്‍ജിയില്‍ ഉയര്‍ത്തിയിരിക്കുന്ന ചോദ്യം.
പരോളിന് മുന്‍പ് സര്‍ക്കാര്‍ ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വാങ്ങിയിട്ടില്ലെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നതെന്ന ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിവാദം ഹൈക്കോടതി പരിഗണിക്കുകയായിരുന്നു.
കോവിഡിന്റെ പേരില്‍ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത് നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് 28 വര്‍ഷം അഭയയ്ക്ക് നീതി കിട്ടാന്‍ പോരാടിയ ജോമോന് പുത്തന്‍ പുരയ്ക്കല്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കേസ് പരിഗണിക്കാനായി പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവെച്ചു.
ജയിലില്‍ കോവിഡ് വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭയകേസിലെ ഒന്നാം പ്രതി ഫാ.കോട്ടൂരിനാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ആദ്യം പരോള്‍ അനുവദിച്ചത്. ഫാ. തോമസ് കോട്ടൂര്‍ മെയ് 11നാണ് പുറത്തിറങ്ങിയത്. അതിന്റെ തൊട്ടടുത്ത ദിവസം മെയ് 12ന് കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയ്ക്കും അട്ടക്കുളങ്ങര ജയിലില്‍ നിന്നും പരോള്‍ നല്കി. സിസ്റ്റര്‍ സെഫി 90 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിന തടവും സെഫിയ്ക്ക് ജീവപര്യന്തവും കഠിന തടവും ആണ് സിബി ഐ 2020 ഡിസംബര്‍ 23ന് വിധിച്ചത്.
നേരത്തെ അഞ്ചു തവണ കോടതി ഈ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. പിന്നീടാണ് കോവിഡ് പശ്ചാത്തലത്തില്‍ ഇരുവര്‍ക്കും പരോള്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: