ന്യൂദല്‍ഹി: ഏത് നിമിഷവും പ്രതീക്ഷിക്കുന്ന കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഇന്ത്യയിലുടനീളം 2.5 ലക്ഷം സ്ഥലങ്ങളില്‍ പ്രവര്‍ത്തകരെ സേവനത്തിനായി വിന്യസിക്കാനൊരുങ്ങി രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്).. ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടൊപ്പം രോഗത്തിന്റെ ഇരകളാകുന്നവര്‍ക്ക് സഹായമെത്തിക്കുകയും ചെയ്യും.
മധ്യപ്രദേശിലെ സത്നയില്‍ ആര്‍എസ്എസ് (ചിത്രകൂട് ശാഖ) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ 27,166 ശാഖകളെ അടിസ്ഥാനതലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കിയതായി പറയുന്നു. രണ്ടരലക്ഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോവിഡ് സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍വ്വവിധ പരിശീലനവും നല്‍കിയിട്ടുണ്ട്. ഇവര്‍ സര്‍ക്കാരിന്റെ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോടൊപ്പം രോഗികള്‍ക്ക് സഹായമെത്തിക്കുകയും ചെയ്യും. കുട്ടികളുടെയും അമ്മമാരുടെയും സുരക്ഷയ്ക്ക് മുന്‍കരുതല്‍ നല്‍കും. ആഗസ്തോടെ ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാകും. സപ്തംബറില്‍ കൂടുതല്‍ പ്രവര്‍ത്തകരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കും. ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയാണ് ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിവരുന്നത്.
രാജ്യത്തുടനീളം 39,454 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 12,288 എണ്ണം ഇ-ശാഖകള്‍ ആണ്. 27,166 ശാഖകള്‍ അടിസ്ഥാനതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കോവിഡ് രണ്ടാം തരംഗത്തിലെ സാഹചര്യങ്ങളെ സ്വയംസേവകന്മാരും പ്രാന്ത് പ്രചാരകുമാരും വിലയിരുത്തിയിട്ടുണ്ട്. വാക്സിനേഷനുള്ള പ്രചാരപ്രവര്‍ത്തനങ്ങളും സഹായകേന്ദ്രങ്ങള്‍ സ്ഥാപിച്ചതും ആര്‍എസ്എസ് യോഗം ചര്‍ച്ച ചെയ്തു.
ഇതിന് പുറമെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി വനിതകളെയും ആര്‍എസ്എസ് ഒരുക്കിയിട്ടുണ്ട്. ‘മാത്ര ശക്തി എന്നറിയപ്പെടുന്ന സംഘത്തിലെ സ്ത്രീകളെ ഗ്രാമതലത്തില്‍ കോവിഡ് മാനേജ് ചെയ്യേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്കും. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് മാനസികമായും ശാരീരികമായും സഹായമെത്തിക്കാന്‍ ഗ്രാമതലങ്ങളിലുള്ള ഡോക്ടര്‍മാരെ സജ്ജമാക്കും,’- ഒരു പ്രമുഖ ആര്‍എസ്എസ് ഭാരവാഹി പറയുന്നു.
‘എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാല്‍ ഗ്രാമവാസികള്‍ക്ക് ആര്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകരെ സമീപിക്കാം. എന്തു സാഹചര്യം കൈകാര്യം ചെയ്യാനും ഇവരെ സജ്ജമാക്കിയിട്ടുണ്ട്. ആയുര്‍വ്വേദരീതികളും ഇവരെ പഠിപ്പിക്കുന്നുണ്ട്.,’ ആര്‍എസ്എസ് ഭാരവാഹി പറയുന്നു.
രോഗത്തിന്റെ ആദ്യഘട്ടത്തില്‍ നല്‍കേണ്ട കോവിഡ് ചികിത്സാ പ്രൊട്ടോക്കോളില്‍ വലിയ സങ്കീര്‍ണ്ണതകളോ നിരവധി മരുന്നുകളുടെ ഉപയോഗമോ ഒന്നും ആവശ്യമില്ല. രോഗിക്ക് ഓക്സിജന്‍ നല്‍കാനും ഇവരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇത്തരം സന്നദ്ധസേവകരെ രോഗികള്‍ക്ക് അടിയന്തിരഘട്ടത്തില്‍ സമീപിക്കാം.
പുതിയ കോവിഡ് സന്നദ്ധപ്രവര്‍ത്തകരെ തയ്യാറാക്കാന്‍ സേവാഭാരതി, ആരോഗ്യഭാരതി, വനസ്ഥലി ആശ്രമം എന്നീ ആര്‍എസ്എസ് സംഘടനകളെയും സജ്ജമാക്കുന്നുണ്ട്. ഓരോ ഗ്രാമത്തിലും കുറഞ്ഞത് ഏഴും കൂടിയത് 11ഉം പ്രവര്‍ത്തകരുണ്ടായിരിക്കും. കുടുംബാംഗങ്ങള്‍ക്ക് ശാരീരകവും മാനസികവുമായ പിന്തുണ നല്‍കാനും ഈ സന്നദ്ധപ്രവര്‍ത്തകര്‍ സഹായിക്കും.
രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ സിലിണ്ടറുകളും കോണ്സെന്ട്രേറ്റുകളും വിതരണം ചെയ്തും ആയിരങ്ങള്‍ മരുന്നുകളെത്തിച്ചും മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കുടുംബങ്ങളെ സഹായിച്ചും സ്ത്യുതര്ഹമായ പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്എസ് കാഴ്ചവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: