തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തുമെന്ന് പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്. പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന ഒരാളെയും എവിടെയും വച്ചുപൊറുപ്പിക്കില്ല. എത്ര ഉന്നതരായാലും കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തി അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുമെന്നതില്‍ ഒരു സംശയവുമില്ല. തിരുവനന്തപുരത്ത് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ട സമയത്തുതന്നെ നടപടി സ്വീകരിച്ചിരുന്നു. സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.
2021 മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി, വിവാഹ ധനസഹായം എന്നീ ആനുകൂല്യങ്ങള്‍ അതിന്റെ ഗുണഭോക്താക്കള്‍ കൈപ്പറ്റാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് നഗരസഭയിലെ ഒരു എസ്സി പ്രമോട്ടര്‍ തന്റെയും തന്റെ അമ്മയുടേയും ബാങ്ക് അക്കൗണ്ടിലൂടെ ആനൂകൂല്യങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പില്‍ രണ്ട് ക്ലാര്‍ക്കുമാരും രണ്ട് എസ്സി പ്രൊമോട്ടര്‍മാരും ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റാരോപിതരായ രാഹുല്‍, പൂര്‍ണിമ എന്നീ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുകയും ബന്ധപ്പെട്ട പ്രൊമോട്ടര്‍മാരെ തല്‍സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു. മേല്‍നോട്ടത്തില്‍ അഭാവം ഉണ്ടായതിനാല്‍ ഉത്തരവാദികളായിട്ടുള്ള രണ്ട് പട്ടികജാതി വികസന ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിലെ പദ്ധതികളുടെ നിര്‍വഹണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന വകുപ്പിന്റെ ശുപാര്‍ശയില്‍ വിജിലന്‍സ് പരിശോധനയ്ക്ക് മുഖ്യമന്ത്രി അംഗീകാരം നല്കി. ഇത്തരത്തില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച സമഗ്ര അന്വേഷണത്തിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒരു പട്ടികജാതി വികസന ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: